വീണാ ജോർജ്
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഡിജിപിക്ക് പരാതി നൽകി. കണ്ണൂരിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗൺമാൻ അഭിലാഷ് എസ്ഐടിക്ക് നൽകിയ പുതിയ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് അലോഷ്യസ് പരാതി നൽകിയത്.
വീണാ ജോർജ് പൊതുസമൂഹത്തെയും നിയമവ്യവസ്ഥയെയും തെറ്റിദ്ധരിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. കെഎസ്യു പ്രവർത്തകർ തന്നെ ശാരീരികമായി ആക്രമിച്ചെന്നും ആക്രമണത്തിന് മാരകായുധങ്ങൾ ഉപയോഗിച്ചെന്നും വീണാ ജോർജ് വ്യാജമൊഴി നൽകിയതായും, ഗൺമാനെക്കൊണ്ട് വ്യാജമൊഴി നൽകിപ്പിച്ചതായും പരാതിയിൽ പറയുന്നു. വീണാ ജോർജിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.
ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നൽകിയതെന്നാണ് ഗൺമാൻ അഭിലാഷ് എസ്ഐടികയോട് പറഞ്ഞത്. വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ഗൺമാൻ മൊഴി നൽകി. അഭിലാഷിന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലിസ് കേസെടുത്തത്.
പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐടി ഡിജിപിക്ക് റിപ്പോർട്ട് നൽകുമെന്നും സൂചനയുണ്ട്. ജനാധിപത്യ സംവിധാനത്തിൽ പൊതുപ്രവർത്തകർ ജനങ്ങളോട് സത്യസന്ധതയും ഉത്തരവാദിത്തവും പുലർത്തേണ്ടത് അനിവാര്യമാണെന്നും കെഎസ്യു പരാതിയിൽ ചൂണ്ടിക്കാട്ടി.
Tags : Complaint filed with DGP Veena George Complaint DGP Complaint Ksu Aloysius Xavier Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash