ജി.സുധാകരൻ എംഎൽഎ.
ആലപ്പുഴ: മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി ജി.സുധാകരൻ എംഎൽഎ. പാലം നിർമാണത്തിന് തുടക്കമിട്ട തനിക്ക് ഒരു ക്ഷണക്കത്തുപോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ എൽഡിഎഫും യുഡിഎഫും സങ്കുചിത മനോഭാവമാണ്. ആലപ്പുഴ ജില്ലയിൽ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഒരു വ്യത്യാസമില്ലെന്നും സുധാകരന് വിമര്‍ശിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 80 കോടി രൂപ അനുവദിച്ചാണ് പാലം നിർമാണത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. താൻ മന്ത്രിയായിരുന്നില്ലെങ്കിൽ പാലം യാഥാർഥ്യമാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. നിർമാണം തുടങ്ങിയത് തന്റെ കാലത്താണെന്ന് പറയാൻ പോലും എൽഡിഎഫിന് കഴിയുന്നില്ല.
ഉദ്ഘാടനവേദി രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റരുതായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചിത്രം ഉൾപ്പെടെ വച്ചിട്ടും ഒരിടത്തും തന്റെ ചിത്രം കണ്ടില്ല. ഷാനിമോൾ ഉസ്മാൻ തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ അത്ര വിശാലമനസ്കയല്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം കിഫ്ബി പിരിച്ചുവിട്ടാൽ നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. പൊതുമരാമത്ത് വകുപ്പിന് മാത്രമായി എല്ലാ കാര്യങ്ങളും നടപ്പാക്കാൻ കഴിയില്ലെന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചത് കെ.എം.ഏബ്രഹാം അടക്കമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.
Tags : G.Sudhakaran Makkekkadavu Nerekadavu Bridge Bridge Inauguration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash