മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: വഖഫ് ബോർഡിലെ പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സമവായം. എപി വിഭാഗത്തെ ബോർഡിൽ ഉൾപ്പെടുത്താനും ഇവർ നിർദേശിക്കുന്ന വ്യക്തിക്ക് അംഗത്വം നൽകാനുമാണ് ധാരണയായത്. ഇതോടെ നിലവിൽ പ്രഖ്യാപിച്ച വഖഫ് ബോർഡിൽ മാറ്റങ്ങൾ വരും. ഇതുസംബന്ധിച്ച് കാന്തപുരവുമായി മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രി വി.ഡി.സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലാണ് സമവായ നീക്കത്തിന് വഴിയൊരുക്കിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും ചർച്ചകളിൽ ഇടപെട്ടു. സമവായത്തിന്റെ ഭാഗമായി ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തും മാറ്റമുണ്ടാകും. നിലവിൽ കാന്തപുരം വിഭാഗത്തിൽനിന്നുള്ള ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്ഥാനം രാജിവെക്കും.
പകരം എപി വിഭാഗം നിർദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകാനാണ് ധാരണ. മന്ത്രിയും കാന്തപുരവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും തുടർനടപടികളിൽ കൂടുതൽ വ്യക്തത ലഭിക്കുക. വഖഫ് വിഷയത്തിൽ സമവായമായതായി മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ചേർത്തുനിർത്തുന്ന സമീപനമാണ് സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
Tags : waqfissue Waqf Board Waqf Board Dispute Waqf Board Representation Consensus Reached Kanthapuram N. Shamsudheen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash