National
ന്യൂഡൽഹി: 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആശങ്ക രേഖപ്പെടുത്തി.
ഉത്തരവ് മെഡിക്കൽ ധാർമികതയും ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള മൗലികാവകാശവും സംബന്ധിച്ച് ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് സിബിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഭ്രൂണം ഇത്രയും പുരോഗമിച്ച ഘട്ടത്തിൽ ഗർഭം അവസാനിപ്പിക്കുന്നത് വൈദ്യശാസ്ത്രപരമായി പ്രായോഗികല്ലെന്നുള്ള മെഡിക്കൽ വിദഗ്ധരുടെ ഏകകണ്ഠമായ അഭിപ്രായത്തിന് കടകവിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. വിഷയത്തിൽ മെഡിക്കൽ ബോർഡ് സുരക്ഷിതവും കൂടുതൽ മനുഷ്യത്വപരവുമായ ഒരു ബദൽ നിർദേശിച്ചിരുന്നു.
സാധാരണ പ്രസവം സാധ്യമാക്കുന്നതിന് പ്രസവം ഏതാനും ആഴ്ചകൾ മാറ്റിവയ്ക്കണമെന്ന അവരുടെ നിർദേശം പ്രായപൂർത്തിയാകാത്തവരുടെ ആരോഗ്യ അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ദത്തെടുക്കൽ സൗകര്യം ഉൾപ്പെടെ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള സന്നദ്ധത സർക്കാർ പ്രകടിപ്പിച്ചിരുന്നു. ഭരണഘടനാ മൂല്യങ്ങളും ധാർമികതയും ഉയർത്തിപ്പിടിക്കാനും ഗർഭസ്ഥശിശുവിന്റെ ജീവൻ സംരക്ഷിക്കാനും വേണ്ടി ഉത്തരവ് അടിയന്തരമായി പുനഃപരിശോധിക്കണം സിബിസിഐ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി : കണ്ണൂർ കോർപറേഷൻ ഓഫീസിലെ സൈറണ്‍ മുഴക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതി നോട്ടീസയച്ചു.
വർഷങ്ങളായി തുടരുന്ന ഈ ആചാരം നിലനിർത്തണമെന്നാവശ്യപ്പെട്ടു കോർപറേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
കോർപറേഷന്റെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി കേസിൽ എതിർകക്ഷികൾക്കു നിലപാട് വ്യക്തമാക്കാൻ നിർദേശവും നൽകി.കണ്ണൂർ മുനിസിപ്പൽ കോർപറേഷനുവേണ്ടി മുസ്ലിം ലീഗ് രാജ്യസഭാംഗംകൂടിയായ അഡ്വ. ഹാരിസ് ബീരാനാണു സുപ്രീംകോടതിയിൽ ഹാജരായത്.
ജനവാസമേഖലയിൽ ഇത്രയും ഉയർന്ന ശബ്ദത്തിൽ സൈറണ്‍ മുഴക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കോടതി ചില സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചു. ആശുപത്രികളും സ്കൂളുകളും നഴ്സിംഗ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന നഗരഹൃദയത്തിൽ 94.9 ഡെസിബെൽ എന്ന കഠിനമായ ശബ്ദത്തിൽ എന്തിനാണ് സൈറണ്‍ മുഴക്കുന്നതെന്ന് കോടതി ആരാഞ്ഞു.
കണ്ണൂരിലെ ജനങ്ങളുടെ പാരന്പര്യവുമായും വികാരവുമായും ഈ സൈറണ്‍ അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോർപറേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു.
ദേശീയദിനങ്ങളിലും രക്തസാക്ഷി ദിനത്തിനും പുറമെ തളാപ്പിലെ ശ്രീസുന്ദരേശ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിനും ഈ സൈറണ്‍ മുഴക്കുന്നത് പതിവാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം നിലവിൽ ശബ്ദപരിധി 66.2 ഡെസിബെലായി കുറച്ചിട്ടുണ്ടെന്നും എന്നാൽ വെറും രണ്ടു വരി ഉത്തരവിലൂടെ ഹൈക്കോടതി ഈ പാരന്പര്യം തടഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈറണിന്റെ അമിതശബ്ദം ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യഹർജിയിലായിരുന്നു നേരത്തേ ഹൈക്കോടതി ഇടപെടൽ നടത്തിയത്. സമയം അറിയാൻ ആധുനികസംവിധാനങ്ങളുള്ള ഇന്നത്തെ കാലത്ത് ഇത്തരം സൈറണുകൾ അനാവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി അതു നിരോധിച്ചത്.
Kerala
തിരുവനന്തപുരം: ഗവർണർ പങ്കെടുത്ത വേദിയിൽ ചട്ടന്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയാറാക്കി വെള്ളപേപ്പർ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്ത സംഭവത്തിൽ സംസ്കൃത സർവകലാശാല സീനിയർ പബ്ലിക്കേഷൻ ഓഫീസറുടെയും ചുമതല വഹിച്ചിരുന്ന ഡോ. ലിസി മാത്യുവിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ വൈസ് ചാൻസലർ ഡോ. സിസാ തോമസ് ഉത്തരവിട്ടു.
സർവകലാശാലയുടെ അധിക ചുമതലകൂടി വഹിക്കുന്ന,സാങ്കേതിക സർവകലാശാല വിസി ഡോ. സിസാ തോമസ് വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നോട്ടീസ് നല്‍കിയത്.
ചട്ടന്പിസ്വാമിയുടെ മഹാസമാധിവാർഷികത്തോട് അനുബന്ധമായി ഡോ. എ.വി.ശങ്കരൻ രചിച്ച "തീർഥപാദപുരാണം എന്ന ജീവചരിത്രഗ്രന്ഥം പന്മന ആശ്രമത്തിൽ വച്ച് ഗവർണറുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യാൻ തീരുമാനിച്ചതിനു തൊട്ടുമുന്‍പാണ് നാലു വാല്യങ്ങൾ ഒഴികെ ബാക്കിയുള്ളവ പുറംചട്ട മാത്രമുള്ള പ്രിന്റ് ചെയ്യാത്തതാണെന്നു കണ്ടെത്തിയത്.
Kerala
ആലപ്പുഴ: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ വിവരങ്ങളും കമ്പനിയുടെ ആസ്തിയും തിട്ടപ്പെടുത്താന്‍ പ്രത്യേക സെഷന്‍സ് കോടതി ഉത്തരവ്. പോപ്പുലര്‍ ഫിനാസ് കേസുകളുടെ വിചാരണയ്ക്കായി ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെഷന്‍സ് കോടതിയുടെ ജഡ്ജി കെ.എന്‍. അജിത് കുമാറാണ് ഉത്തരവിട്ടത്.
പോപ്പുലര്‍ ഫിനാന്‍സിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനായി സര്‍ക്കാരിനുവേണ്ടി ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
സംസ്ഥാനത്താകെ 258 ശാഖകളിലായി പതിനായിരത്തിലധികം നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടു. നിരവധിപ്പേര്‍ക്ക് ശാഖകളില്‍ പണയം വച്ചിട്ടുളള സ്വര്‍ണ ഉരുപ്പടികളും നഷ്ടപ്പെട്ടിട്ടുണ്ട്. പണവും സ്വര്‍ണവും നഷ്ടപ്പെട്ടവര്‍ വിവിധ കോടതികളിലും ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനുകളിലും കേസ് നല്‍കിയിട്ടുണ്ട്.
അനധികൃത നിക്ഷേപ പദ്ധതികള്‍ വഴി നിക്ഷേപകരെ ചതിക്കുന്ന കുറ്റവാളികള്‍ക്ക് ശിക്ഷ നല്കുന്ന ബഡ്സ് ആക്ട് (ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട് )പ്രകാരം നിയമിച്ചിട്ടുളള കോമ്പിറ്റന്റ്് അഥോറിറ്റി കമ്പനിയുടെ ആസ്ഥി തിട്ടപ്പെടുത്തി കോടതിക്ക് സമര്‍പ്പിക്കണം.
ഓരോ ശാഖയിലെയും നിക്ഷേപകരുടെയും സ്വര്‍ണം പണയം വച്ചിട്ടുളളവരുടെയും വിവരങ്ങള്‍ ശേഖരിക്കണം. കമ്പനിയുടെ സ്വത്ത് വിവരവും ഇടപാടുകാരുടെ വിവരവും ഉള്‍കൊള്ളുന്ന രജിസ്ട്രാര്‍ തയാറാക്കി സമര്‍പ്പിക്കാനാണ് പ്രത്യേക ജഡ്ജി കെ.എന്‍.അജിത് കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളുടെ ആസ്തി കണ്ടെത്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം മടക്കി നല്കാന് ബഡ്സ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതിനു മുന്നോടിയായിട്ടാണ് കോടതി ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്.
Kerala
അതിരമ്പുഴ (കോട്ടയം): സംസ്ഥാന സർവീസിന്റെ ചരിത്രത്തിലാദ്യമായി മുൻകാല പ്രാബല്യമില്ലാതെ പ്രഖ്യാപിച്ച ഡിഎ കുടിശിക എട്ടു ഗഡുക്കളായി വിതരണം ചെയ്യുമെന്നുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി പുറത്തിറങ്ങിയപ്പോൾ അതിൽ ഒരു ഗഡുപോലും വിതരണം ചെയ്യാനുള്ള നിർദേശമില്ലാത്തത് ജീവനക്കാരോടുള്ള കടുത്ത അവഹേളനമാണെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ.എസ്. ജയകുമാർ എന്നിവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (ഡിഎ) കുടിശികയും പെൻഷൻകാരുടെ ക്ഷാമാശ്വാസ (ഡിആർ) കുടിശികയും അനുവദിച്ചു കൊണ്ടു സർക്കാർ ഉത്തരവിറങ്ങി.
2026-27 സാന്പത്തിക വർഷം മുതൽ എട്ടു ഗഡുക്കളായി കുടിശിക വിതരണം ചെയ്യുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
കുടിശിക വിതരണം ചെയ്യുന്നതു സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നാലെ ഇറക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
Kerala
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നിര്‍ണായക നടപടി.
നിയമനത്തിനായി നിലവിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കി. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെ ഹൈക്കോടതി നിയോഗിച്ചു.
വിരമിച്ച ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഭിഭാഷകനായ കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. അതേസമയം, റിക്രൂട്ട്മെന്റ് ബോർഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും, അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Sports
ധാക്ക: ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണത്തിന് വിലക്ക് ഏർപ്പെടുത്തി. അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഐപിഎല്ലിൽനിന്ന് പേസർ മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് കടുത്ത നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്തിവയ്ക്കാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
മുസ്താഫിസുർ റഹ്മാനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു ബിസിസിഐ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനു പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇതു ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐജി -ഡിഐജി റാങ്കുകളിലാണ് മാറ്റം. ആർ.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐജിയായി സ്ഥാനകയറ്റം നൽകി.
പോലീസ് തലപ്പത്തെ മാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കി. ആർ. നിശാന്തിനി പോലീസ് ആസ്ഥാന ഐജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയൻ ഐജിയുമാകും.
ഐജിയായി സ്ഥാന കയറ്റം ലഭിക്കുന്ന കൊച്ചി കമ്മീഷ്ണർ പുട്ട വിലാദിത്യക്ക് ഇൻറലിജൻസിലാണ് നിയമനം. ദക്ഷിണമേഖല ഐജിയായി സ്പർജൻകുമാറിനെ നിയമിച്ചു. നിലവിലെ ഐജി ശ്യാം സുന്ദറിനെയും ഇൻറലിജൻസിലേക്ക് മാറ്റി.
തിരുവനന്തപുരം കമ്മീഷ്ണർ തോംസണ്‍ ജോസിനെ വിജിലൻസ് ഡിഐജിയായി നിയമിച്ചു. കെ. കാർത്തിക്കാണ് പുതിയ തിരുവനന്തപുരം കമ്മീഷണർ. കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെ നിയമിച്ചു. ഡോ.അരുള്‍ ബി. കൃഷ്ണയാണ് തൃശൂർ റെയ്ഞ്ച് ഡിഐജി.
National
ന്യൂഡൽഹി: ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സൺ മന്ത്രിയുടെ മുന്നിൽ കൈകൂപ്പുന്ന ചിത്രം അടക്കം കേന്ദ്രമന്ത്രി പങ്കുവച്ചു. സിഇഒയെ ഇന്നും മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
അമിത നിരക്ക് വർദ്ധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളില്‍ ഒരിളവും ഇൻഡിഗോയ്ക്ക് നൽകില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെ മുൾമുനയിൽ നിറുത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നടപടിയാണ് വ്യോമയാനമന്ത്രാലയം എടുക്കുന്നത്.
ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം.
മര്യാദയ്ക്ക് സർവീസ് നടത്തികൊണ്ടു പോകാൻ ഇൻഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നല്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നവംബറിൽ സർക്കാർ അംഗീകരിച്ച സർവീസുകൾ മുഴുവൻ നടത്താൻ ഇൻഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കില്ലെന്ന് രാം മോഹൻ നായിഡു വ്യക്തമാക്കി.
National
ന്യൂഡൽഹി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ നിലപാട് മാറ്റി കേന്ദ്ര സർക്കാർ. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ചാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു.
എന്നാല്‍, മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു.
ലോകത്തൊരിടത്തും ഇത്തരം നിർദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്. ഐഒഎസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
കടുത്ത് എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ നേരത്തെ തന്നെ കേന്ദ്ര സർക്കാര്‍ നിലപാട് മയപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് വിവാദങ്ങൾക്ക് പിന്നാലെ കേന്ദ്രം വ്യക്തമാക്കി.
ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുമെന്ന ആശങ്കകൾക്കിടയിൽ, ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ ഭയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പറയുകയും സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.ആപ്പ് വഴി രഹസ്യമായി വിവരങ്ങൾ ചോർത്താനോ കോൾ നിരീക്ഷിക്കാനോ യാതൊരു സാധ്യതയുമില്ലെന്ന് സിന്ധ്യ ഉറപ്പിച്ചു പറഞ്ഞു.
"ഈ ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് ഇത് ഡിലീറ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്യാം. ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. നിങ്ങൾ ഇത് രജിസ്റ്റർ ചെയ്താൽ ഇത് സജീവമായി തുടരും. രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പ്രവർത്തനരഹിതമായിരിക്കും." എന്നാണ് മന്ത്രി വിശദീകരിച്ചത്.
Editorial
ആയിരങ്ങളെ കൊന്നും ലക്ഷങ്ങളെ കടിച്ചുകുടഞ്ഞും തെരുവുനായകൾ രാജ്യം നിറഞ്ഞിട്ടും അനങ്ങാതിരുന്ന ലോകഗുരുക്കന്മാരും ഒന്നാം നന്പറുകാരും ഇനിയെങ്കിലും പണിയെടുക്കണം. പൊതു ഇടങ്ങളിൽനിന്നെല്ലാം തെരുവുനായകളെ നീക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധയിൽ മനുഷ്യൻ പിടയുന്പോഴും നായപ്രേമത്തിന്റെ വേഷം കെട്ടി താണ്ഡവമാടിയ അഭിനവ മേനക, രംഭ, തിലോത്തമമാർക്കും ജനദ്രോഹ നിയമങ്ങൾക്കും മുന്നിൽ വാലാട്ടി നിൽക്കുകയായിരുന്നു കേന്ദ്രവും സംസ്ഥാനവും ഒരുപോലെ. വോട്ടുകാല ക്ഷേമരാഷ്ട്രീയക്കാർ തദ്ദേശ തെരഞ്ഞെടുപ്പ് ഓർത്തെങ്കിലും അലസത വെടിയുമെന്നു കരുതാം.
പൊതു ഇടങ്ങളിൽനിന്നു രണ്ടു മാസത്തിനകം നായകളെ നീക്കണമെന്നു മാത്രമല്ല, വന്ധ്യംകരിച്ച് തെരുവിൽ തിരിച്ചെത്തിക്കരുതെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. നടപ്പാക്കിയിട്ട് ചീഫ് സെക്രട്ടറിമാർ സുപ്രീംകോടതിയെ അറിയിക്കുകയും വേണം. അലഞ്ഞുനടക്കുന്ന കന്നുകാലികളെയും നീക്കേണ്ടതുണ്ട്. നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ ഗതാഗതക്കുരുക്കിലാക്കുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്ന കാലിക്കൂട്ടങ്ങൾ ഉത്തരേന്ത്യയിലെ പതിവു കാഴ്ചയാണ്. സ്ഥാപിത കാഴ്ചപ്പാടുകൾ പരിഷ്കൃതലോകത്തെ എങ്ങനെയാണ് നിശ്ചലമാക്കുന്നതെന്നതിന്റെ ഉദാഹരണമാണ് നമ്മുടെ പൊതു ഇടങ്ങൾ.
ഭരണാധികാരികൾക്കു ലോകം ചുറ്റി കൊതി തീർന്നിട്ടില്ലെങ്കിലും വിദേശങ്ങളിലെ ശുചിത്വവും ജനാധിപത്യ രാജ്യങ്ങളിലെ സമാധാനപൂർണമായ ജീവിതവുമൊന്നും അവരുടെ രാഷ്ട്രീയാന്ധതകളിലേക്കു വെളിച്ചം വീശുന്നില്ല. എന്തായാലും, നിസഹായരായി നിന്ന ജനങ്ങൾക്കുവേണ്ടി സ്വമേധയാ കേസെടുക്കുകയും ആശാവഹമായ വിധി പുറപ്പെടുവിക്കുകയും ചെയ്ത സുപ്രീംകോടതി ഇടപെട്ടാലല്ലാതെ ഈ രാജ്യത്തെ വന്യജീവി ആക്രമണങ്ങൾക്കും അറുതിയാകില്ല.
വിവിധ കണക്കുകൾ പ്രകാരം അഞ്ചു മുതൽ ആറു കോടി നായ്ക്കളെങ്കിലും രാജ്യമൊട്ടാകെ അലയുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ലോകസ്ഭയിൽ വച്ച കണക്കനുസരിച്ച് കഴിഞ്ഞ വർഷം 37,15,713 പേരെയാണു തെരുവുനായ കടിച്ചത്. ഇക്കൊല്ലം ആദ്യത്തെ നാലു മാസത്തിനിടെ കേരളത്തിൽ ഒന്നര ലക്ഷത്തിലധികം പേരെ നായ കടിച്ചു. കേന്ദ്രം സംസ്ഥാനത്തെയും സംസ്ഥാനം കേന്ദ്രത്തെയും പഴി പറഞ്ഞ് ഈ വിഷയത്തെ പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഒഴിയാബാധയാക്കി.
നായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണം മതിയെന്ന അപ്രായോഗിക ചിന്തയുടെ ഫലമായിരുന്നു എബിസി (ആനിമൽ ബർത്ത് കൺട്രോൾ-ഡോഗ്) പദ്ധതി. നിയമം 25 കൊല്ലം പിന്നിട്ടു. കോടികൾ പൊടിച്ചെങ്കിലും പ്രശ്നം കൂടുതൽ ഗുരുതരമായിക്കൊണ്ടിരുന്നു. അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ എബിസി പദ്ധതികൊണ്ട് അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. നായകളും കന്നുകാലികളും നിറഞ്ഞ തെരുവുകളെ നിലനിർത്തിക്കൊണ്ട് വൃത്തിയും വെടിപ്പുമുള്ള സ്വച്ഛഭാരതം കെട്ടിപ്പടുക്കാനാണ് പ്രധാനമന്ത്രി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ഡൽഹിയിലെ തെരുവുനായകളെ കൂട്ടിലടയ്ക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ, പതിറ്റാണ്ടുകളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിന്മാറ്റമായിരിക്കും ഇതെന്നും തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചത്. ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്! സന്പന്നരുടെയും പരിസ്ഥിതിവാദം ഫാഷനാക്കിയവരുടെയും നേതാക്കളുടെയുമൊക്കെ ഉറ്റവരൊന്നും പേവിഷബാധ സെല്ലുകളിൽ നരകിക്കില്ല. പക്ഷേ തങ്ങളെപ്പോലെ, സുരക്ഷാ ജീവനക്കാർക്കും അനുചരവൃന്ദങ്ങൾക്കുമൊപ്പമല്ല പാവപ്പെട്ട മനുഷ്യർ ജീവിക്കുന്നത് എന്നെങ്കിലും ഓർത്തിരുന്നെങ്കിൽ!
വികല രാഷ്ട്രീയക്കാർ, പരിസ്ഥിതി-മൃഗസ്നേഹികൾ, ശ്രദ്ധ പിടിച്ചുപറ്റാൻ ഓടിനടക്കുന്നവർ, വാക്സിൻ നിർമാതാക്കൾ... പ്രത്യക്ഷമായും പരോക്ഷമായും കോടതിവിധി തിരുത്താൻ ശ്രമങ്ങളുണ്ടാകും. പക്ഷേ, പ്രാകൃതനിയമങ്ങളിൽനിന്ന് ഈ രാജ്യത്തെ എന്നെങ്കിലും മോചിപ്പിക്കേണ്ടേ? സാധാരണക്കാർക്കും ജീവിക്കണം. രാജ്യം തെരുവുനായമുക്തമായാൽ വാക്സിനുകൾക്കുവേണ്ടി ചെലവഴിക്കുന്ന ശതകോടികൾ മറ്റു നല്ല കാര്യങ്ങൾക്കു വിനിയോഗിക്കാം. നമ്മുടെ വിനോദസഞ്ചാരമേഖല സുരക്ഷിതമാകും.
അമേരിക്കയുൾപ്പെടെ വികസിതരാജ്യങ്ങളിലൊക്കെ തെരുവുനായകളെയും വന്യജീവികളെയും അധികമായാൽ കൊന്നൊടുക്കുകയാണു ചെയ്യുന്നത്. ഇവിടെ മാത്രം മനുഷ്യരെ കൊന്നൊടുക്കിയാലും വന്യജീവികളെയും തെരുവുനായകളെയും തൊടാൻ സമ്മതിക്കില്ല. തെരുവുനായകൾ, കന്നുകാലികൾ, വന്യജീവികൾ... ഒന്നുകിൽ അവയെ മാറ്റുക. അല്ലെങ്കിൽ ജന്തുസ്ഥാന്റെ രാഷ്ട്രീയ മുതലാളിമാരേ, നിങ്ങളീ ജനതയെ സംരക്ഷണ കേന്ദ്രങ്ങളിലടയ്ക്കുക.
Kerala
തിരുവനന്തപുരം: കെ. ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും എന്നാണ് വിവരം.
മുൻ ചീഫ് സെക്രട്ടറിയാണ് കെ. ജയകുമാർ ഐഎഎസ്. ഇന്നുചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. കെ. ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്. സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് സിപിഎമ്മിന്റെ ഈ സുപ്രധാന നീക്കം.
ശബരിമലയിലെ സ്പെഷ്യല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ അടുത്ത പ്രസിഡന്റാരെന്നതിൽ സിപിഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചൂടുപിടിക്കുകയും ജയകുമാറിന്റെ പേരിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നതെന്നും സിപിഎം നേതാക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്പറേഷന് എംഡി, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.
Kerala
പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവുനായകളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു.
സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവുനായകളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളിയാകും. നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾക്ക് സ്ഥലം കണ്ടെത്തുക പ്രയാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
"കൂടുതൽ ജീവനക്കാരെയും നിയോഗിക്കേണ്ടിവരും. നിലവിലുള്ള എബിസി കേന്ദ്രങ്ങൾ പോലും കേരളത്തിൽ കൃത്യമായി പ്രവർത്തിക്കുന്നില്ല.'-മന്ത്രി പറഞ്ഞു.
"ഏറ്റവും ഒടുവിൽ പ്രസിദ്ധകരിച്ച ലൈവ് സ്റ്റോക്ക് കണക്ക് പ്രകാരം കേരളത്തിൽ 2.80 ലക്ഷത്തിലധികം തെരുവുനായകളുണ്ട് ഒരു വർഷത്തിനിടെ ആകെ 15,825 നായകളെ മാത്രമാണ് വന്ധ്യകരണം ചെയ്തത്. ഈ സാമ്പത്തിക വർഷം 9,737 നായകളെ വന്ധ്യകരണം ചെയ്തു. ആകെ 19 എബിസി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ ചിലത് പ്രവർത്തിക്കുന്നുമില്ല. ആനിമൽ ക്യാചർമാരായി ആകെ 595 പേരാണ് ഉള്ളത്.'-എം.ബി. രാജേഷ് പറഞ്ഞു.
പ്രാദേശിക എതിർപ്പുകൾ കാരണം എബിസി കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നത്. സ്ഥലപ്രശ്നം കാരണമാണ് പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. എബിസി കേന്ദ്രങ്ങൾ പോലും നാട്ടുകാർ സമ്മതിക്കാത്തിടത്ത് ഷെൽട്ടർ ഹോമുകൾ എങ്ങനെ തുറക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
മന്ത്രിതല യോഗങ്ങൾക്കും ആനിമൽ വെൽഫെയർ ബോർഡ് യോഗത്തിനും ശേഷമായിരിക്കും സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം വഴി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.