അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം
പാലക്കാട്: വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം ദീർഘദൂര ബസും സിഎൻജി സിലിണ്ടറുകൾ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ ഒന്നോടെ മണിയോടെയുണ്ടായ ദുരന്തത്തിൽ ഒമ്പത് പേർക്കാണ് പരിക്കേറ്റത്.
ബസ് ഡ്രൈവർ അഭിഷേക്, ക്ലീനർ നഞ്ചട്ട സ്വാമി എന്നിവർക്കും ഏഴ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റു.
തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡിലൂടെ വരികയായിരുന്ന ബസ്, കെഎസ്ആർടിസി ഡിപ്പോ ഭാഗത്തെ അടിപ്പാത വഴി സർവീസ് റോഡിലേക്ക് കയറുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജി നിറച്ച നാൽപ്പതോളം സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് വലിയ ശബ്ദത്തോടെ ലോറിയിൽ നിന്ന് വാതകം പുറത്തേക്ക് ഒഴുകിയത് പ്രദേശത്ത് ഭീതി പടർത്തി.
വാതകം ചോർന്ന സമയത്താണ് ബസ് ജീവനക്കാർക്ക് പൊള്ളലേറ്റത്. എന്നാൽ യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടക്കഞ്ചേരി അഗ്നിരക്ഷാസേന ഉടൻ തന്നെ ചോർച്ചയടച്ച് വാതകം നിർവീര്യമാക്കി.
ഹൈവേ പോലീസും വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : ccident Vadakkencherry Deepika DeepikaNewspaper BreakingNews NewsUpdate DailyNews NewsFlash