മൂലമറ്റം: വാഗമണ്‍ റൂട്ടില്‍ പുള്ളിക്കാനത്തിന് സമീപം എസ് വളവില്‍ വഴി തെറ്റി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മൂലമറ്റം അഗ്നിരക്ഷാ സേന രക്ഷപെടുത്തി. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സ്വദേശി തകിടിപ്പുറത്ത് ശ്യാം ടി.കുഞ്ഞുമോന് (31), മൂവാറ്റുപുഴ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് മൈലാടിയില്‍ നിഖില്‍ ബിനു (23) എന്നിവരാണ് വിനോദസഞ്ചാരത്തിന്റെ ഭാഗമായി വൈകുന്നേരം വാഗമണ്ണില്‍ എത്തിയത്.
പ്രകൃതിഭംഗി ആസ്വദിച്ച് റോഡില്‍ നിന്നും കാട്ടിലേക്ക് കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇരുട്ടും കനത്ത കോടമഞ്ഞും മൂലം വഴി തെറ്റുകയായിരുന്നു. ഇതോടെ ഭയന്നുപോയ ഇവര്‍ സഹായത്തിനായി മൂലമറ്റം അഗ്നിരക്ഷാ സേനയില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തി.
എന്നാല്‍, ഇവര്‍ നല്കിയ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കവറേജ് ലഭിക്കാത്തതു മൂലം ഫോണില്‍ കിട്ടാന്‍ പ്രയാസമായിരുന്നു. ഇടയ്ക്ക് റേഞ്ച് വന്നപ്പോള്‍ ഗൂഗിള്‍ ലൊക്കേഷന്‍ അയച്ചു കൊടുത്തെങ്കിലും കൃത്യമായ രീതിയില്‍ ലഭിച്ചില്ല.
പിന്നീട് സേനാംഗങ്ങള്‍ ടോര്‍ച്ച് ഉപയോഗിച്ചും ശബ്ദമുണ്ടാക്കിയും മുക്കാല്‍ മണിക്കൂറോളം സാഹസികമായി നടത്തിയ ശ്രമത്തിനൊടുവില്‍ യുവാക്കള്‍ക്ക് സമീപം എത്തുകയായിരുന്നു. പേടിച്ചരണ്ട അവസ്ഥയിലായ ഇവര്‍ക്ക് അഗ്നി രക്ഷാ സേനാംഗങ്ങള്‍ എത്തിയതോടെയാണ് ആശ്വാസമായത്. വഴിതെറ്റിയ ഇവര്‍ കുറച്ചുകൂടി മുന്നോട്ടുപോയിരുന്നെങ്കില്‍ അഗാധമായ ഗര്‍ത്തത്തിലേക്ക് വീണ് കൂടുതല്‍ അപകടം ഉണ്ടാകുമായിരുന്നു.
ക്ഷീണിതരായ ഇവരെ കാട്ടില്‍നിന്നു റോഡില്‍ എത്തിച്ച ശേഷം സേനയുടെ വാഹനത്തില്‍ ഫയര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇവരുടെ ബൈക്കും സ്റ്റേഷനില്‍ എത്തിച്ചു. മൂലമറ്റത്ത് താമസിക്കുന്ന യുവാക്കളുടെ ബന്ധുവിനെ വിളിച്ചുവരുത്തി പിന്നീട് കൂടെ അയക്കുകയും ചെയ്തു.
അഗ്നിരക്ഷാ സേനാംഗങ്ങളായ കെ. സന്ദീപ്, ജിബി പി.വരമ്പനാട്ട്, ജയിംസ് തോമസ്, ഷിന്റോ ജോസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Tags : Nattuvishesham Local News Firefighters youth trapped in forest