കോട്ടയം: ചെറുപുഞ്ചിരി, ലളിത സംസാരം, ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം ഇതാണ് കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. തോമസ് ആനിമൂട്ടില്‍. കോട്ടയം അതിരൂപതയിലെ വൈദികരും ക്നാനായ മക്കളും തോമസച്ചന്, ആനിമൂട്ടിലച്ചന് എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും” (ഫിലിപ്പി 4:13) എന്ന ബൈബിള്‍ വചനമാണ് മേല്പട്ട ശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട പ്രഖ്യാപനത്തിനുശേഷം നടത്തിയ മറുപടി പ്രസംഗത്തില്‍ മോണ്‍. തോമസ് ആനിമൂട്ടില്‍ പറഞ്ഞത്. തന്നെ ശക്തനാക്കിയ ദൈവത്തിലൂടെ സഭയ്ക്കും സമുദായത്തിനും വേണ്ടിയുള്ള മഹനീയമായ വൈദിക ശുശ്രൂഷയാണ് ഫാ. തോമസ് നടത്തിയത്.
നല്ല ഒരു ഭരണാധികാരിയുടെ കഴിവാണ് ഫാ. തോമസില്‍ എപ്പോഴുമുണ്ടായിരുന്നത്. ഇടവക വികാരിയായിരുന്നപ്പോഴും അതിരൂപതയുടെ വിവിധ സ്ഥാപനങ്ങളുടെ ചുമതലയുണ്ടായിരുന്നപ്പോഴും ഒടുവിലായി അതിരൂപത പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് പദവിയിലിരുന്നപ്പോഴും മികച്ച ഭരണാധികാരിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. കോട്ടയം അതിരൂപതയുടെ ആതുര ശുശ്രൂഷ രംഗത്തെ വലിയ സംരംഭമായ കാരിത്താസ് ആശുപത്രിയുടെ ഡയറക്ടറായി 10 വര്‍ഷം നയിച്ച ഇദ്ദേഹത്തിന്റെ കാലത്താണ് ഒരു ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടായി കാരിത്താസ് മാറിയത്. ഏത് ഉത്തരവാദിത്വം ഏറ്റെടുത്താലും തന്റെ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പൂര്‍ണതയിലെത്തിക്കാന്‍ തോമസച്ചന് എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ആരാധനക്രമത്തോടും ക്നാനായ മക്കളുടെ തനിമയോടും ഒരുമയോടും എപ്പോഴും കൂറും വിശ്വസ്തയും പുലര്‍ത്തിയിരുന്നു. പുളിഞ്ഞാല്‍, ഉഴവൂര്‍, കടുത്തുരുത്തി പള്ളികളിൽ വികാരിയായിരുന്നപ്പോള്‍ ഇടവക ജനത്തെ ഒരു കൂട്ടായ്മയായി ചേര്‍ത്തുനിര്‍ത്താനും സഭയോടും സമുദായത്തോടും വിശ്വസ്തത പുലർത്തി വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കാനും അവരെ പ്രാപ്തരാക്കിയിരുന്നു. വായനയിലും പഠനത്തിലും ഏറെ തത്പരനായിരുന്ന ഫാ. തോമസ് പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.
2025 ഫെബ്രുവരി മുതല്‍ അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസായി പ്രവര്‍ത്തിച്ചുവരികയാണ്. അതിരൂപത വിവാഹ കോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ധന്യന്‍ മാര്‍ മാക്കീല്‍ പിതാവിന്റെയും ദൈവദാസന് പൂതത്തില് തൊമ്മിയച്ചന്റെയും പ്രമോട്ടര്‍ ഓഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ചു. ഒമ്പതു വര്‍ഷം അതിരൂപത വൈദികസമിതി സെക്രട്ടറിയായിരുന്നു. നിലവില്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമാണ്.
Tags : Deepika DeepikaNewspaper BreakingNews An ideal shepherd Kottayam Archdiocese