പി.എച്ച്. കുര്യന്
തിരുവനന്തപുരം: 2018ലെ മഹാപ്രളയ കാലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല വഹിച്ചുകൊണ്ടാണ് പി.എച്ച്. കുര്യന് മലയാളികളുടെ ഹീറോയായത്. മഹാപ്രളയകാലത്ത് കേരളത്തിന്റെ റവന്യു-ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന റിലീഫ് കമ്മീഷണറുമായിരുന്നു പി.എച്ച്. കുര്യന്.
ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, എന്‍ഡിആര്‍എഫ് എന്നീ കേന്ദ്ര ഏജന്‍സികളെയും സംസ്ഥാന പോലീസ്, ഫയര്‍ഫോഴ്സ് സംവിധാനങ്ങളെയും ഒരൊറ്റ ശൃംഖലയില്‍ കൊണ്ടുവന്നു രക്ഷാപ്രവര്‍ത്തനം നിയന്ത്രിച്ചത് അദ്ദേഹത്തിന്റെ ഭരണപരമായ മികവിന് ഉദാഹരണമായി.
പ്രളയത്തില്‍ ഔദ്യോഗിക രക്ഷാസേനകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഉള്‍പ്രദേശങ്ങളിലേക്കു ബോട്ടുമായി ഇറങ്ങാന്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ച പി.എച്ച്. കുര്യന്, അവരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെ ‘കേരളത്തിന്റെ സ്വന്തം സൈന്യം’ എന്ന് വിശേഷിപ്പിച്ചതും അദ്ദേഹമായിരുന്നു.
പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളിലും തകര്‍ന്നുപോയ ഗ്രാമങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും തിരികെ പിടിക്കുന്നതിലും അദ്ദേഹം കൈക്കൊണ്ട ധീരമായ തീരുമാനങ്ങള്‍ പ്രശംസനീയമായിരുന്നു. അടിയന്തര സഹായങ്ങള്‍ തടസമില്ലാതെ ദുരിതബാധിതരിലേക്ക് എത്തിക്കുന്നതിനായി ഭരണഘടനാപരമായ എല്ലാ അധികാരങ്ങളും അദ്ദേഹം വിവേകത്തോടെ ഉപയോഗിച്ചു. കേരളത്തിന്റെ ദുരന്തനിവാരണ മാതൃക ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ അതിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ച പ്രധാന ശക്തികളിലൊന്ന് അദ്ദേഹമായിരുന്നു.
ഭരണ പരിചയവും മികച്ച നേതൃപാടവവുമാണ് പി.എച്ച്. കുര്യനെ എന്നും കേരളത്തിന്റെ ഭരണരംഗത്ത് വ്യത്യസ്തനാക്കിയത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെയും ആരോഗ്യത്തെയും നേരിട്ട് സ്പര്‍ശിച്ച ഒട്ടനവധി ചരിത്രപരമായ തീരുമാനങ്ങളിലൂടെയാണ് പി.എച്ച്. കുര്യന് എന്ന ഭരണാധികാരി ഐഎഎസ് ലോകത്ത് വേറിട്ടുനിന്നത്.
കേന്ദ്ര പേറ്റന്റ്, ട്രേഡ് മാര്‍ക്ക് കണ്ട്രോളര് ജനറലായി സേവനമനുഷ്ഠിച്ച കാലയളവില്‍ വിദേശ മരുന്ന് കമ്പനികള്‍ അടിച്ചേല്‍പ്പിച്ച ഭീമമായ തുക കാരണം കാന്‍സര്‍ രോഗികള്‍ ദുരിതത്തിലായപ്പോള്‍ അദ്ദേഹം കൈക്കൊണ്ട തീരുമാനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കാന്‍സര്‍ പ്രതിരോധ മരുന്നിന്റെ ഇന്ത്യയിലെ നിര്‍മാണത്തിന് നിര്‍ബന്ധിത ലൈസന്‍സ് അനുവദിച്ചുകൊണ്ട് വിദേശ കുത്തക തകര്‍ത്ത വിധി അനേകം നിര്‍ധനരായ രോഗികള്‍ക്ക് ജീവവായുവായി മാറി.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമ്പരാഗതമായ ചുവപ്പുനാട ശൈലികള്‍ അറുത്തുമാറ്റി തീരുമാനങ്ങള്‍ അതിവേഗം നടപ്പിലാക്കുന്നതില്‍ അദ്ദേഹം കാണിച്ച വീര്യമാണ് അദ്ദേഹത്തിന് ഭരണതലത്തില്‍ വലിയ ജനപ്രീതി നേടിക്കൊടുത്തത്. സാധാരണക്കാരെ വിഷമിപ്പിക്കാതെ ഫയലുകളിൽ തീർപ്പുകല്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച അദ്ദേഹം അതിൽ ശ്രദ്ധിക്കാനും പ്രത്യേകം സമയം കണ്ടെത്തി.
ഇന്നത്തെ കേരളം അഭിമാനത്തോടെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്ന സ്റ്റാര്‍ട്ടപ്പ് സംസ്കാരത്തിന് വിത്തിട്ടത് പി.എച്ച്. കുര്യന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയരൂപീകരണമായിരുന്നു. കേരള സര്‍ക്കാരിന്റെ വിവരസാങ്കേതിക വ്യവസായ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ ഭരണസംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും പ്രധാന പങ്കുവഹിച്ചു.
ഐടി സെക്രട്ടറിയായിരുന്ന സമയത്ത് ടെക്നോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനവും ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയും അതിവേഗത്തിലാക്കിയതും അദ്ദേഹത്തിന്റെ ഭരണചാരുതയ്ക്ക് തെളിവാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പാക്കാനായി രൂപീകരിച്ച കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ പ്രഥമ ചെയര്‍മാനായും അദ്ദേഹം സേവനം ചെയ്തിരുന്നു.
കർഷക കുടുംബത്തിൽനിന്ന് ഐഎഎസിലേക്ക്...
തിരുവനന്തപുരം: കേരളത്തിൽ സ്റ്റാർട്ടപ്പ് നയം രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യൻ.1959 ജനുവരി 20ന് കോട്ടയത്തെ സാധാരണ കർഷക കുടുംബത്തിലായിരുന്നു ജനനം. കേരള സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബംഗളൂരുവിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തിവരുമ്പോഴാണ് അദ്ദേഹം സിവിൽ സർവീസിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 1986 ബാച്ചിൽ ഒഡീഷ കേഡറിലായിരുന്നു ആദ്യ നിയമനം. 1993ലാണു കേരള കേഡറിലേക്കു മാറിയെത്തിയത്.
റവന്യു, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. പാലക്കാട്, പാലാ എന്നിവിടങ്ങളിൽ സബ് കളക്ടറായും കോട്ടയം, ഇടുക്കി ജില്ലകളിൽ കളക്ടറായും സേവനം ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ എത്തിയശേഷം റവന്യുവിനു പുറമേ വ്യവസായം, ഐടി, മരാമത്ത്, തുറമുഖം തുടങ്ങിയ വകുപ്പുകളുടെ ചുമതലകളും വഹിച്ചു.
സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ എംഡി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി, വ്യവസായ വകുപ്പ് മാനേജിംഗ് ഡയറക്ടർ, റവന്യു വകുപ്പിൽ സ്പെഷൽ സെക്രട്ടറി, പ്രാഥമിക വിദ്യാഭ്യാസ പ്രോജക്ട് ഡയറക്ടർ, തൊഴിൽ വകുപ്പ് ലേബർ കമ്മീഷണർ, യുനിസെഫ് അണ്ടർ സെക്രട്ടറി, ബോർഡ് ഓഫ് റവന്യു സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews