എസ്ഐക്ക് ഇന്‍സ്പെക്ടറായി സ്ഥാനക്കയറ്റം
തൊടുപുഴ: ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു സസ്പെന്‍ഷനിലായിരുന്ന എസ്ഐക്ക് ഇന്‍സ്പെക്ടറായി സ്ഥാനക്കയറ്റം നല്‍കിയത് വിവാദമാകുന്നു. കരിമണ്ണൂര്‍ എസ്ഐ എന്‍.എസ്. റോയിക്കാണ് നടപടി നേരിടുന്നതിനിടെ സ്ഥാനക്കയറ്റം നല്‍കിയത്.
കഴിഞ്ഞ 24നു പോലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ സ്ഥാനക്കയറ്റ പട്ടികയിലാണ് 43-ാം നമ്പറായി എന്‍.എസ്.റോയിയുടെ പേരുള്ളത്. പട്ടികയിലുള്ള എസ്ഐമാര്‍ ഇന്‍സ്പെക്ടര്‍മാരായി പ്രമോട്ട് ചെയ്യപ്പെടാന്‍ യോഗ്യരാണെന്ന് ഉത്തരവില്‍ പറയുന്നു. ഇദ്ദേഹം സസ്പെന്‍ഷനിലായ വിവരം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറാതിരുന്നതാണ് റോയിയുടെ പേര് പട്ടികയില്‍ ഇടംപിടിക്കാൻ കാരണമെന്നാണ് സൂചന. മലപ്പുറം ജില്ലാ നാര്‍ക്കോട്ടിക് സെല്ലിലേക്കാണ് എന്‍.എസ്. റോയിക്ക് നിയമനം.
സംഭവത്തില്‍ ഡിജിപി ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് വിശദീകരണം തേടുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ പട്ടിക എന്‍.എസ്. റോയി സസ്പെന്‍ഷനിലാകുന്നതിന് മുമ്പ് തയാറാക്കിയതാണെന്നും പിന്നീട് അഭിപ്രായമൊന്നും തേടിയിട്ടില്ലെന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. നസീം പറഞ്ഞു. അതേസമയം സ്ഥാനക്കയറ്റം റദ്ദാക്കാനുള്ള നടപടി വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Promotion granted to suspended