സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പോലീസ് ശേഖരിച്ച പാസ്പോർട്ട്.
പാലക്കാട്: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചാരണത്തിൽ ട്വിസ്റ്റ്. കുറുപ്പിന്റേതെന്ന് സംശയിച്ച് പോലീസ് ശേഖരിച്ച പാസ്പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്നിരുന്ന സംശയങ്ങൾക്ക് വിരാമമായി. 40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുകയാണ് ദാമോദര മേനോൻ.
നാട്ടിലെ വീട്ടുകാരുമായി നിരന്തരം ബന്ധം പുലർത്തുന്നയാളാണ് ദാമോദര മേനോനെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു. അതേസമയം 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ചും പോലീസിന് വിവരങ്ങൾ ലഭിച്ചു.
മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരിൽ നിന്നാണ് ചില ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്. സുകുമാരക്കുറുപ്പുമായി ജോൺ മേനോനുള്ള സാദൃശ്യം ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
Tags : Sukumara Kurup Police Case Crime Murder Case Interpol Malaysia