ശ്വാസനാളത്തില്‍ കുടുങ്ങിയ നിലക്കടല
കൊച്ചി: മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ നിലക്കടല രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ പുറത്തെടുത്തു.
ആലുവ സ്വദേശിയുടെ മകള്‍ക്കാണു ഡോക്ടര്‍മാരുടെ കൃത്യമായ ഇടപെടലിലൂടെ പുതുജീവന്‍ ലഭിച്ചത്. ഖത്തറില്‍ വച്ചാണ് അബദ്ധത്തില്‍ കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നിലക്കടല കുടുങ്ങിയത്. തുടർന്ന് കുട്ടി ഛര്‍ദിച്ചതിനാല്‍ അപായമൊന്നുമില്ലെന്നു മാതാപിതാക്കള്‍ കരുതി. എന്നാല്‍ പിറ്റേന്ന് മുതല്‍ ശ്വാസമെടുക്കുമ്പോള്‍ അസ്വാഭാവികമായ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി.
തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഒരാഴ്ചയ്ക്കു ശേഷം കുട്ടിക്കു കടുത്ത പനി ബാധിച്ചതിനെത്തുടര്‍ന്ന് മറ്റൊരു ക്ലിനിക്കില്‍ കാണിച്ചെങ്കിലും ഇന്ഫെക്്ഷനുള്ള മരുന്ന് നല്കി.
പനി വീണ്ടും ആവര്‍ത്തിച്ചതോടെ ആശങ്കയിലായ മാതാപിതാക്കള്‍ കുട്ടിയുമായി വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രിയിലെ പള്‍മണോളജി വിഭാഗം മേധാവി ഡോ. എ.ആര്. പരമേശിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ സിടി സ്കാനില്‍ നിലക്കടല ശ്വാസനാളത്തില്‍ കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായി.
കുഞ്ഞിന്റെ പ്രായം കണക്കിലെടുത്ത്, പീഡിയാട്രിക് ബ്രോങ്കോസ്കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ വളരെ വിദഗ്ധമായി നിലക്കടല പുറത്തെടുത്തു. നൂതനവും നേര്‍ത്തതുമായ പീടിയാട്രിക് ബ്രോങ്കോസ്കോപ്പ് ആയതിനാല്‍ സങ്കീര്‍ണതയും ആശുപത്രിവാസവും കുറയ്ക്കാന്‍ കഴിഞ്ഞു.
ഡോ. എ.ആര്. പരമേശ്, സെറീന മോഹന്‍ (പീഡിയാട്രിക്സ്), ഡോ. സൗമ്യ മേരി തോമസ് (പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍) എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ചികിത്സ. ഡോ. വി. ആനന്ദ് (ഇന്റര്‍വന്‍ഷണല്‍ പള്‍മണോളജി), ഡോ. വിനീത് ബിനു (പീഡിയാട്രിക് സര്‍ജറി), അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ജോജി ആന്റണി, ഡോ. ശാലിനി രാമകൃഷ്ണന്, ഡോ. കെവിന് കോശി ജോര്‍ജ് എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി.
Tags : girl trachea sputum clot Rajagiri Hospital