പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ജിഎസ്ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് പുറത്ത്. ഓപറേഷൻ സ്ട്രോംലൈറ്റ് എന്ന പേരിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.
കൃത്യസമയത്ത് പ്രതിമാസ റിട്ടേണുകൾ സമർപ്പിക്കാതെ നികുതി വെട്ടിക്കുന്ന 38 ബാർ ഹോട്ടലുകളിലാണ് ജിഎസ്ടി സംഘം ഒരേസമയം പരിശോധന നടത്തിയത്. പ്രാഥമിക റിപ്പോർട്ട് പ്രകാരം 70.73 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 7.06 കോടി രൂപയുടെ നേരിട്ടുള്ള നികുതി വെട്ടിപ്പും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
ഈ സ്ഥാപനങ്ങളിൽ നിന്ന് മുൻവർഷങ്ങളിലെ ഇടപാടുകൾ സംബന്ധിച്ച ഡിജിറ്റൽ രേഖകളും ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിക്കുന്നതോടെ വെട്ടിപ്പിന്റെ യഥാർത്ഥ ആഴം ഇനിയും കൂടുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.