കൊച്ചി: കേരളത്തില്‍ വിവാഹിതയായ കുംഭമേള വൈറല്‍ താരത്തെ തേടി മധ്യപ്രദേശ് പോലീസ് വീണ്ടുമെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് പോലീസ് സംഘം ഏലൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തിയെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ തിരിച്ചുപോയെന്നും ഏലൂര്‍ പോലീസ് എസ്എച്ച്ഒ പറഞ്ഞു.
കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചു കേരളത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാണിച്ച് അച്ഛൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് പോലീസ് ഭര്‍ത്താവിന്റെ പേരില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണു കേരളത്തില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്നും പ്രായപൂര്‍ത്തിയായ വ്യക്തിയെന്നനിലയില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്നും മുമ്പ് നല്കിയ പരാതിയില്‍ പറയുന്നു. യുവതി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഈ മാസമാദ്യം നിരീക്ഷിച്ചിരുന്നു. കൂടാതെ, തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി യുവതിയുടെ ഭര്‍ത്താവിന് ഒരു മാസത്തെ ട്രാന്‍സിറ്റ് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
Tags : Madhya Pradesh police kerala search Kumbh Mela viral girl