മീനച്ചിലാറ്റിലേക്ക് മാലിന്യക്കുഴലുകളും അഴുക്കുചാലുകളും
കോട്ടയം: കോട്ടയം ജില്ലയില്‍ ജലസ്രോതസുകളിലേക്ക് മലിനജലവും മാലിന്യവും തള്ളുന്നത് പതിവായിരിക്കുകയാണ്. മഴക്കാലമായതോടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മലിനജലം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
നഗര മധ്യത്തിലൂടെ ഒഴുകുന്ന മീനച്ചിലാറിലേക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തോടുകള്‍ മാലിന്യവുമായി ഒഴുകിയെത്തുന്നു. മിക്കതോടുകളിലേയും വെള്ളത്തിന്റെ നിറം കറുപ്പാണ്.
ഈ ഭാഗത്താണ് ഏറ്റവുമധികം മാലിന്യമെത്തുന്നതും. ശാസ്ത്രി റോഡരികിലൂടെ വരുന്ന തോടുകള്‍ കുര്യന് ഉതുപ്പ് റോഡരികിലൂടെ നാഗമ്പടം ബസ്റ്റാന്‍ഡിനു സമീപത്തൂകൂടെ വന്നാണു മീനച്ചിലാറ്റിലേക്കു ചേരുന്നത്. എംസി റോഡരികിലൂടെ വരുന്ന തോടുകള്‍ അണ്ണാന്‍കുന്ന് ഭാഗത്തേക്ക് പോകുന്ന വഴിക്കുള്ള തോട്ടിലും വന്നു ചേരും. മിക്ക സ്ഥാപനങ്ങളും തോട്ടിലേക്കാണു മാലിന്യം ഒഴുക്കുന്നത്.
ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് കുറച്ചു വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ മീനച്ചിലാറ്റില്‍ മലിനജലം കലരുന്നത് വഴി ജലത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശുചിമുറി മാലിന്യം പുഴകളിലേക്ക് തള്ളുന്ന സ്വകാര്യ ഏജന്‍സികളും നിരവധിയാണ്. ഇങ്ങനെ ജലസ്രോതസുകളില്‍ ശുചിമുറി മാലിന്യം തള്ളാനെത്തുന്നത് തടയുന്നവരെ ഭീഷണിപ്പെടുത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളും നഗരത്തില്‍ സജീവമാണ്.
മണിമലയാറിന്റെ കാര്യവും മോശമല്ല. മുണ്ടക്കയം കല്ലേപ്പാലം മുതല്‍ മണിമലയാറിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ വന്‍തോതിലാണ് തള്ളുന്നത്. വാഹനത്തില്‍ എത്തിച്ച് ആറ്റിലേക്ക് മാലിന്യം തള്ളുന്നവര്‍ നിരവധി. ഇങ്ങനെ എറിയുന്ന മാലിന്യം പുഴയിലേക്ക് വീഴാതെ പുഴക്കരയിലും മറ്റും തങ്ങിനിന്ന് അസഹനീയമായ ദുര്‍ഗന്ധം പരക്കുന്നതും സ്ഥിരമാണ്. എരുമേലി വലിയ തോടിന്റെയും തലയാഴം വലിയ തോടിന്റെയുമൊക്കെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാണ്.
ശുചിമുറി മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയും നീരൊഴുക്ക് തടസപ്പെടുത്തുന്നുണ്ട്. മീനച്ചിലാറ്റില്‍ കുമ്മനം, താഴത്തങ്ങാടി പാലത്തിന്റെ അടിഭാഗത്ത് പ്ലാസ്റ്റിക് കുപ്പികളും വലിയ കമ്പുകളും അടിഞ്ഞു കൂടിയിരിക്കുകയാണ്. നീരൊഴുക്കു വരെ തടസപ്പെുന്ന രീതിയിലാണുപലയിടത്തും തടികളും കുപ്പികളും അടിഞ്ഞു കടിയിരിക്കുന്നത്.

കുണ്ടറ : അഷ്ടമുടി കായലിന്റെ ഭാഗമായ കുണ്ടറ കാഞ്ഞിരോട്ടുകായല് ജൂണ്‍ മാസമായിട്ടും മഴയുടെ ദൗര്‍ലഭ്യം മൂലം ജലനിരപ്പ് താഴ്ന്നു കിടക്കുകയാണ്.
ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴയില്‍ ഒരാള്‍ ഒപ്പം വെള്ളം ഉയരേണ്ട പ്രദേശങ്ങള്‍ കരയായി കിടക്കുകയാണ്.
മഴയുടെ ദൗര്‍ലഭ്യം കായലിനെയും മറ്റ് കായല്‍ സമ്പദ്ഘടനയെയും സാരമായി ബാധിക്കുന്ന നിലയിലാണ്, കേരളത്തിലെ ഏറ്റവും നല്ല രുചിയുള്ള കരിമീന്‍, കൊഞ്ച്, കാളാഞ്ചി തുടങ്ങിയ മറ്റു കായല്‍ മത്സ്യ ഇനങ്ങളും ലഭിക്കുന്ന ഏറ്റവും വലിയ ഒരു സ്രോതസാണ് ഈ കായല്‍.
ഈ അവസ്ഥ തുടര്‍ന്നാല്‍ മത്സ്യബന്ധന മേഖല മാത്രമല്ല അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന എല്ലാവരുടെയും ജീവിതം താളം തെറ്റുന്ന അവസ്ഥയാണുള്ളത്.
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതികളിലൊന്നായ തെന്മല ഡാമിന്റെ (പരപ്പാര്‍ അണക്കെട്ട്)പരിസരം മാലിന്യം നിറഞ്ഞു കിടക്കുകയാണ്. കല്ലടയാറ്റില്‍ ജലസേചനത്തിനും കൃഷിക്കുമായി നിര്മിച്ചഡാമിന്റെ പരിസരം സഞ്ചാരികള്‍ മാലിന്യം വലിച്ചെറിഞ്ഞാണ് മലിനമാക്കുന്നത്.
എര്‍ത്ത് ഡാം സ്ഥിതി ചെയ്യുന്ന വള്ളം പെട്ടി പ്രദേശങ്ങളിലും മാലിന്യ കൂമ്പാരമാണ്. പരാതികള്‍ വന്നതോടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പ്രദേശങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചതിനൊപ്പം മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.26 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി ഡാം വ്യാപിച്ചുകിടക്കുന്നു. ശെന്തുരുണി വന്യജീവി സങ്കേതം ഈ ജലസംഭരണിക്കു ചുറ്റുമായാണ് സ്ഥിതി ചെയ്യുന്നത്.

നെയ്യാറ്റിന്‍കര : കൊതുകു വളര്‍ത്തല്‍ കേന്ദ്രവും രോഗാണുഭരിതവുമായ കുളം ശുചീകരിച്ച് ഉപയോഗപ്രദമാക്കാന്‍ ഒന്നരക്കോടിയിലേറെ രൂപ അനുവദിച്ചിട്ടും ഈഴക്കുളം ഇപ്പോഴും മാലിന്യപൂരിതം.
നെയ്യാറ്റിന്‍കര നഗരഹൃദയത്തോട് ചേര്‍ന്ന ആലുംമൂട് വാര്‍ഡിലെ ഈഴക്കുളം രാജഭരണ കാലത്ത് നിര്‍മിച്ചതാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് സ്നാനകര്മങ്ങള്ക്കായി യാഥാര്ഥ്യമാക്കിയതാണെങ്കിലും പിന്നീട് മതിയായ പരിപാലനമില്ലാതെ കുളം പൂര്‍ണ്ണമായും മലീമസമായി.
നഗരത്തിലെ ഓടകള്‍ നവീകരിച്ചപ്പോള്‍ ആലുംമൂട് വാര്‍ഡിലെ ഓടകള്‍ ഈഴക്കുളത്തിലേയ്ക്ക് തുറന്നുവിട്ടതായാണ് ആരോപണം. കാലാകാലങ്ങളില്‍ നഗരസഭയില്‍ ഭരണത്തിന് നിയോഗിക്കപ്പെട്ട സമിതികളൊന്നും നഗരത്തിലെ മാലിന്യക്കുളത്തെ കാര്യമായി പരിഗണിച്ചില്ല. കുളവാഴയും പായലും മുതല്‍ മദ്യക്കുപ്പികള്‍ വരെ കുളത്തില്‍ നിറഞ്ഞു.
കാലാവധി കഴിഞ്ഞ മരുന്നുകളുടെ വലിയൊരു ശേഖരം ഈഴക്കുളത്തില് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ട് അധികമാസങ്ങളായില്ല. കറുത്ത നിറത്തിലുള്ള വെള്ളത്തിന്റെ അസഹനീയ ദുര്‍ഗന്ധം പരിസരവാസികള്‍ക്ക് വല്ലാത്ത തലവേദന സൃഷ്ടിച്ചു. നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലൂടെ കടന്നുപോകുന്ന നെയ്യാര്‍ നദി മുതല്‍ നഗരസഭ പ്രദേശങ്ങളിലെ ചെറിയ കുളങ്ങള്‍ വരെ പലതും മാലിന്യസങ്കേതങ്ങളാണ്.

മാന്നാർ : മാലിന്യം പേറി ഒഴുക്ക് നിലച്ച ഒരു നദി പരുമലയിലുണ്ട്, പമ്പാ നദി. പരുമല ഇല്ലിമലിക്കരയിൽ വച്ച് രണ്ടായി പിരിഞ്ഞ് രണ്ട്കൈവഴികളായി ഒഴുകി മാന്നാർ പന്നായിൽ വച്ച് വീണ്ടും ഒന്നായി വലിയ പമ്പാ നദിയായി മാറി ഒഴുകുന്നുണ്ട്.
ഇല്ലിമല ഭാഗത്ത് രണ്ടായി മാറുന്ന കൈവഴികളിൽ ഒന്നായ മൂന്നര കിലോമീറ്ററോളം വരുന്ന നദിയാണ് മാലിന്യം പേറി നീരൊഴുക്കില്ലാതെ കിടക്കുന്നത്. ഈ കൈവഴി ഇല്ലിമലയിൽ നിന്നാരംഭിച്ച് കോട്ടക്കകടവ് പാലം പിന്നിട്ട് പരുമല പാലത്തിനടിയിലൂടെയാണ് പന്നായിയിൽ എത്തുന്നത്.
കോട്ടക്കൽ കടവ് ഭാഗത്ത് വൻതോതിൽ മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. ചാക്കിൽ കെട്ടിയ നിലയിൽ നിരവധി മാലിന്യങ്ങൾ ഈ നദിയിൽ നിക്ഷേപിച്ചിരിക്കുകയാണ്. നദിയുടെ ഇരു വശങ്ങളിലും ജലസസ്യങ്ങൾ വളർന്ന് വീതി ഇല്ലാതാക്കി. ആഴക്കുറവും മാലിന്യ നിക്ഷേപവും മൂലം നീരൊഴുക്കും നിലച്ചു.
വർഷകാലത്ത് മാത്രമാണ് നദിയിൽ ജലനിരപ്പ് ഉയർന്ന് ഒഴുക്കുണ്ടാകുന്നത്. നദിയിലെ മാലിന്യം കാരണം തീരദേശവാസികൾ രോഗ ഭീതിയിലാണ്. ഈ നദിയിൽ കുളിക്കുകയും മറ്റും ചെയ്യുന്നവർക്ക് ത്വക് രോഗങ്ങൾ ഉണ്ടാകുക പതിവാണ്.

മൂന്നാര്‍: തെക്കിന്റെ കാഷ്മീരായമൂന്നാറിനോട് ചേര്‍ന്നൊഴുകുന്ന മുതിരപ്പുഴയാര്‍ മാലിന്യസ്രോതസായി മാറിയത് ഇവിടുത്തെ ടൂറിസത്തിന്റെ ശോഭ കെടുത്തുന്നു. പുഴ മാലിന്യമുക്തമാക്കാനുള്ള നടപടികളില്ലാത്തതാണ് തിരിച്ചടിയാകുന്നത്. മൂന്നാര്‍ ടൗണിന്റെ ഹൃദയഭാഗത്തു കൂടയാണ് മുതിരപ്പുഴയാര്‍ ഒഴുകുന്നത്.
സമാലിന്യങ്ങള് ഉള്‍പ്പെടെയുള്ളവ പുഴയെ അത്യന്തം മാലിന്യ പൂരിതമാക്കുമ്പോള്‍ പുഴയുടെ രക്ഷയ്ക്കായി എടുക്കുന്ന ശ്രമങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രാസമാലിന്യം കലര്‍ന്ന് പുഴയിലെ വെള്ളം കറുപ്പു നിറത്തിലാണ് ഒഴുകുന്നത്. ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പുഴയെ മലിനമാക്കുന്നത്.
ടൗണില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ ഒഴുക്കുന്നത് പുഴയിലേക്കാണ്.

കൊല്ലം: മാലിന്യക്കൂന്പാരമാണ് കൊല്ലത്തെ അഷ്ടമുടിക്കായൽ. സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഓടകളിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്കും പലയിടത്തും കെട്ടിക്കിടക്കുകയാണ്. ഡീസല്‍ മാലിന്യവും കായലിനെ മലിനമാക്കുകയാണ്.
Tags : current views water bodies Kerala Meenachil river Pampa River ashtamudi lake kanjirottu river