സഹൃദയ കോളജിൽ നടന്ന ഇന്റഗ്രേറ്റഡ് എംടെക് പ്രോഗ്രാമിന്റെ പ്രഖ്യാപനച്ചടങ്ങ്
കൊടകര: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് അഭിമാനമായി, സഹൃദയ കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ആദ്യത്തെ ഇന്റഗ്രേറ്റഡ് എംടെക് പ്രോഗ്രാം ആരംഭിച്ചു. കോളജിന്റെ ഇരുപത്തഞ്ചാം അധ്യയന വർഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഇതിന്റെ പ്രഖ്യാപനം നടത്തി.
എൻജിനിയറിംഗ് പഠനരീതിയിൽ വലിയ മാറ്റത്തിന് തുടക്കംകുറിച്ച് ബിടെക്, എംടെക് ബിരുദങ്ങൾ അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്ന രീതിയിലാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്. ഇത്തരം നൂതന അക്കാദമിക് മാതൃകകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നു മന്ത്രി പറഞ്ഞു.
പരമ്പരാഗതമായ പഠനരീതിയേക്കാൾ വേഗത്തിൽ ഉന്നത ഗവേഷണങ്ങളിലേക്കും നൂതന സാങ്കേതിക വൈദഗ്ധ്യങ്ങളിലേക്കും കടക്കാൻ ഈ കോഴ്സ് വിദ്യാർഥികളെ സഹായിക്കും. ബയോടെക്നോളജി എൻജിനിയറിംഗ്, വിഎൽഎസ്ഐ എന്നീ രണ്ടു വിഷയങ്ങളിലാണ് ഇന്റഗ്രേറ്റഡ് കോഴ്സ് ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ട്രസ്റ്റ് ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷനായിരുന്നു. ടി.ജെ. സനീഷ്കുമാർ ജോസഫ് എംഎൽഎ, കോളജ് മാനേജർ മോൺ. വിൽസൺ ഈരത്തറ എന്നിവർ ആശംസകളർപ്പിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിലൂടെ ഉത്തരവാദിത്തമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിൽ കോളജിനുള്ള പ്രതിബദ്ധത എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ. ആന്റോ ചുങ്കത്ത് വ്യക്തമാക്കി.
ഡയറക്ടർ ഡോ. ലിയോൺ ഇട്ടിയച്ചൻ, വാർഡ് മെംബർ അഡ്വ. നയാൽ പ്രസാദ്, സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ മാനേജർ മാത്യൂസ് പോൾ, ജോബിൻ ആൻഡ് ജിസ്മി കോ-ഫൗണ്ടറും സിഇഒയുമായ ജിസ്മി ജോബിൻ, ജോയിന്റ് ഡയറക്ടർ ഡോ. സുധ ജോർജ് വളവി, വൈസ് പ്രിൻസിപ്പൽ ഡോ. ഫിന്റോ റാഫേൽ, പിടിഡബ്ല്യുഎ പ്രതിനിധി സുരേഷ് ഉണ്ണി, സ്റ്റാഫ് പ്രതിനിധി റോഷ്ണി ആർ. മേനോൻ, വിദ്യാർഥി പ്രതിനിധി ആർവിൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ.എസ്. രാംകുമാർ നന്ദി പറഞ്ഞു.
ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ട്രസ്റ്റിനു കീഴിൽ 2002ലാണ് സഹൃദയ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി സ്ഥാപിതമായത്. ഓട്ടോണമസ് പദവിയുള്ള സ്ഥാപനം ഐഎസ്ഒ അംഗീകാരവും ഡിഎസ്ഐആർ നൽകുന്ന സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ പദവിയും നേടിയിട്ടുണ്ട്. എൻബിഎ, നാക് അംഗീകാരമുള്ള കോളജ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിലും മികച്ച നിലവാരം പുലർത്തുന്നു.
Tags : Kerala integrated M.Tech program Sahurday