കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ.മാണി
കോട്ടയം: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി. ഭരണ പ്രതിസന്ധിയുണ്ടായാൽ പാലായെ അനാഥമാക്കില്ലെന്നും യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി നഗരസഭയിലുണ്ടായ പ്രശ്നങ്ങൾ പാലായുടെ വികസനത്തെ ബാധിച്ചിട്ടുണ്ടെന്ന് പൊതുജനം പറയുന്നുണ്ട്. നിലവിലെ സംഭവവികാസങ്ങൾ കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ നഗരസഭാ വിഷയത്തിൽ പാർട്ടിയുടെ പ്രാദേശിക നേതൃത്വമാകും തീരുമാനമെടുക്കുക. എന്നാൽ സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചുള്ള ഒരു പ്രവർത്തനവും എന്തായാലും ഉണ്ടാകില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന് തങ്ങൾക്ക് നേരത്തെ അറിയാമായിരുന്നെന്നും കോൺഗ്രസിന് ഇപ്പോഴാണ് കാര്യങ്ങൾ മനസിലായതെന്നും അദ്ദേഹം പരിഹസിച്ചു.