പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഷിക്കാഗോയിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിടെ പടക്കങ്ങൾ വിമാനത്തിലിടിച്ചു. ജൂലൈ നാലിന് അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ ലാൻഡിംഗിന് ശ്രമിച്ച ഡെൽറ്റ വിമാനത്തിലാണ് പടക്കം ഇടിച്ചത്.
ഷിക്കാഗോയിലെ മിഡ്വേ ഇന്റർനാഷണൽ വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് വായുവിൽ ഉയർന്ന പടക്കം വിമാനത്തിൽ തട്ടി പൊട്ടിയത്. അറ്റ്ലാന്റയിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനത്തിൽ 52 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡെൽറ്റ ഫ്ലൈറ്റ് 1076 എന്ന എയർബസ് എ319 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം ലാൻഡ് ചെയ്യുന്നതിനായി താഴേക്ക് ഇറങ്ങുന്ന സമയത്ത് വലിയ ഒരു ശബ്ദം കേട്ടതായി വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളർക്ക് അറിയിപ്പ് നൽകി. റൺവേയ്ക്ക് മുകളിൽ ഏകദേശം 200 മുതൽ 250 അടി വരെ ഉയരത്തിൽ വിമാനം പറക്കുമ്പോഴാണ് സംഭവം നടന്നത്.
ജനവാസ മേഖലകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ പടക്കങ്ങൾ പൊട്ടിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിമാനം സുരക്ഷിതമായി ഇറക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന ആർക്കും തന്നെ പരിക്കുകൾ ഒന്നും പറ്റിയിട്ടില്ലെന്ന് ഡെൽറ്റ എയർലൈൻസ് അധികൃതർ വിശദമാക്കുന്നത്. പരിശോധനയിൽ വിമാനത്തിന്റെ പെയിന്റിന് നേരിയ കേടുപാടുകൾ സംഭവിച്ചതായി വ്യക്തമായിട്ടുണ്ട്. വിമാനത്തിന് വലിയ രീതിയിലുള്ള മറ്റ് തകരാറുകളില്ല.
തുടർന്ന് വരുന്ന വിമാനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്നും ഇത് സംബന്ധിച്ച ജാഗ്രതാ നിർദേശങ്ങളും നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമാക്കിയിട്ടുണ്ട്.