ക്ലൂ
പത്തനംതിട്ട: ദൂരയാത്രകളിൽ പെട്ടെന്ന് ഒരു അത്യാവശ്യം വന്നാൽ എവിടെയെങ്കിലും നല്ലൊരു ശൗചാലയം കാണുമോ എന്ന് ഓർത്ത് ഇനി ടെൻഷൻ അടിക്കേണ്ട. വഴിയിലുടനീളം വൃത്തിയുള്ള ശൗചാലയങ്ങൾ എവിടെയുണ്ടെന്ന് കൃത്യമായി പറഞ്ഞുതരാൻ ഒരു 'ക്ലൂ' (KLOO) റെഡിയാണ്!
കേരള സർക്കാരിന്റെ ശുചിത്വ മിഷൻ ഒരുക്കിയിരിക്കുന്ന 'ക്ലൂ' എന്ന മൊബൈൽ ആപ്പാണ് ഇപ്പോൾ യാത്രക്കാരുടെ യഥാർഥ 'വഴിവിളക്കായി' മാറുന്നത്. ഒരു അറ്റൻഡർ പോലും ഇല്ലാതെ, നിങ്ങളിരിക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ഏറ്റവും വൃത്തിയുള്ള ടോയ്ലറ്റുകൾ ഏതൊക്കെയാണെന്ന് ഈ ആപ്പ് മൊബൈൽ സ്ക്രീനിൽ കാട്ടിത്തരും.
ഹോട്ടലുകൾക്ക് ഇതൊരു 'ലോട്ടറി'
കേവലം യാത്രക്കാർക്ക് മാത്രമല്ല, വഴിയിലുള്ള ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഈ ആപ്പ് ഒരു വലിയ ബിസിനസ് തന്ത്രമായി മാറുകയാണ്. ഈ ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന ഹോട്ടലുകളിലേക്ക് യാത്രക്കാർ സ്വാഭാവികമായും എത്തിച്ചേരും. ശൗചാലയം ഉപയോഗിക്കാൻ കയറുന്നവർ അവിടെനിന്ന് ഒരു ചായയോ ഭക്ഷണമോ കഴിക്കാതെ മടങ്ങില്ലല്ലോ! പരസ്യത്തിന് ഒരു പൈസ പോലും ചിലവാക്കാതെ, കൂടുതൽ കസ്റ്റമേഴ്സിനെ ഹോട്ടലുകളിലേക്ക് എത്തിക്കാൻ ഈ 'ക്ലൂ' സഹായിക്കുന്നുണ്ട്.
റേറ്റിംഗ് കണ്ട് കയറാം
ആപ്പിൽ കാണിക്കുന്ന ഓരോ ശൗചാലയത്തിനും മുൻപ് അത് ഉപയോഗിച്ചവർ നൽകിയ റേറ്റിംഗും റിവ്യൂവും ഉണ്ടാകും. അതുകൊണ്ട് ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ ഇടം നോക്കി യാത്രക്കാർക്ക് തെരഞ്ഞെടുക്കാം. കൂടാതെ, മികച്ച സൗകര്യമൊരുക്കുന്ന ഹോട്ടലുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക അംഗീകാരമുള്ള സ്റ്റിക്കറുകളും ലഭിക്കും.ഇനി യാത്ര പുറപ്പെടും മുൻപ് ഫോണിൽ ഒരു 'ക്ലൂ' കരുതാം. വഴിയിലെ ടെൻഷനുകളോട് 'ബൈ ബൈ' പറയാം.
Tags : business hotel restuarants restrooms Suchitwamission