Kerala
കൊച്ചി: കൊച്ചിയില്‍ ഹോട്ടലിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന. 3.60 ഗ്രാം എംഡിഎംഎയുമായി ഹോട്ടലുടമ അറസ്റ്റില്‍. ബോള്‍ഗാട്ടി എന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് യൂസഫ് ആണ് അറസ്റ്റിലായത്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് യൂണിറ്റ് നാല് പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് എംഡിഎംഎ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യൂസുഫ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
District News
കൊച്ചി: അങ്കമാലി എളവൂര്‍ കവലയിലെ ഹോട്ടലില്‍ മോഷണം. ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. ഹോട്ടലിന്റെ മേല്‍ക്കൂര പൊളിച്ചാണ് കള്ളന് അകത്തു കടന്നത്. തിങ്കളാഴ്ച രാത്രി കടയടച്ച് പോയതിന് ശേഷം 11.45 ഓടെയാണ് മോഷണം നടന്നത്.
അടുക്കള ഭാഗത്തെ മേല്‍ക്കൂര പൊളിച്ച് കള്ളന് അകത്തു കടക്കുകയായിരുന്നു. ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയാണ് മോഷണം പോയത്. ഇതിന് മുമ്പും ഈ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. നിലവില്‍ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിക്കൊരുങ്ങി ഡൽഹി സർക്കാർ. ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണു സർക്കാർ നടപടിക്കൊരുങ്ങുന്നത്. ആറു മുറികൾക്കു മാത്രം പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്ന അപകടം നടന്ന ഹോട്ടലിൽ 25 മുറികൾ പ്രവർത്തിച്ചിരുന്നുവെന്നും ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ ഹോട്ടൽ പാലിച്ചില്ലെന്നും കണ്ടെത്തിയതിനുപിന്നാലെയാണ് സർക്കാർ നടപടി ശക്തമാക്കുന്നത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലുടനീളമുള്ള ഗസ്റ്റ് ഹൗസുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അന്വേഷണം നടത്തുമെന്നും നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾ സീൽ ചെയ്തു പൂട്ടി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ’ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്’ ഹോട്ടലായി പ്രവർത്തിച്ചിരുന്ന ഹോട്ടലിനാണു തീപിടിച്ചതെന്നതിനാൽ ഈ പദ്ധതിക്കുകീഴിൽ ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നത് നിർത്തലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
’ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്’ പദ്ധതിക്കു കീഴിലുള്ള ഈ ഹോട്ടലിൽ വാണിജ്യപരമായ അടുക്കളകളോ പൂർണമായി പ്രവർത്തിക്കുന്ന റസ്റ്ററന്റുകളോ പ്രവർത്തിക്കാൻ അനുമതിയില്ലായിരുന്നുവെങ്കിലും ഹോട്ടലിനു താഴെ റസ്റ്ററന്റ് പ്രവർത്തിച്ചിരുന്നു. തീപിടിത്തമുണ്ടായത് റസ്റ്ററന്റിൽനിന്നാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
Kerala
കൊച്ചി: മുളന്തുരുത്തിയിൽ ഒരു മാസം മുൻപ് തുടങ്ങിയ കുടുംബശ്രീ ഹോട്ടൽ കത്തി നശിച്ചു. തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റ്' ആണ് കത്തി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് തീപിടിത്തമുണ്ടായത്. മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ സംരംഭമാണിത്. കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്. ഒരു മാസം മുൻപാണ് റസ്റ്ററന്റ് പ്രവർത്തനം തുടങ്ങിയത്.
രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സ്ഥാപനത്തിനുള്ളിലെ സാധനങ്ങൾ കത്തി നശിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഉടമകൾ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
National
ലക്നോ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഹോട്ടലിൽ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമിത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഹോട്ടലിനുള്ളിൽ കുടുങ്ങിക്കിടന്ന 12 പേരെ പോലീസും അഗ്നിശമനസേനയും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
National
ബംഗളൂരു: ബംഗളൂരു നാഗർഭാവിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരൻ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാജ്കുമാർ (47) എന്ന ജീവനക്കാരനാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജീവനക്കാരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിന്റെ ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. മരണത്തിന് കാരണം മറൈന്‍ ടോക്സിന് ആണെന്നാണ് റിപ്പോർട്ടിലുള്ളത്.
ഹോട്ടലിലെ ഭക്ഷണവും വെളളവും പരിശോധിച്ചതില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ ഹോട്ടലിന് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ കണ്ടെത്താനായിട്ടില്ല. കുടുംബത്തിലെ എല്ലാവരും ഒരുപോലെ കഴിച്ചത് മീന്‍ മുട്ടയാണ്. ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കള്‍ പരിശോധിച്ചു.
വെളളവും പരിശോധിച്ചു. ഇതിലൊന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്താനായില്ല. മീന്‍ വാങ്ങിയ തമിഴ്നാട്ടിലെ മാര്‍ക്കറ്റിലെ സാമ്പിളും പരിശോധിച്ചു. സംശയിക്കുന്ന തരത്തില്‍ ഒന്നും കണ്ടെത്താനായില്ല. മീന്‍ മുട്ടയിലെ മറൈന്‍ ടോക്സിന് ആകാം മരണകാരണം എന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫെബ്രുവരി 16-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിഴിഞ്ഞത്തെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികൾ മരിച്ചതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. കൊല്ലം ചടയമംഗലം നിലമേൽ സ്വദേശികളായ ഷാജി (42), ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്.
Kerala
തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടൽ ആക്രമിച്ചു. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്.
ഹോട്ടലിന്റെ മുൻ വാതിൽ തകർത്ത കാട്ടാന ഹോട്ടലിന്റെ അകത്ത് കയറി. രാത്രിയിൽ വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും വാതിൽ തുറന്നു നോക്കുകയായിരുന്നു. ഹോട്ടലിനകത്ത് കാട്ടാന നിൽക്കുന്നതാണ് അവര്‍ കണ്ടത്.
ഉടനെ ബഹളം വച്ച് കാട്ടാനയെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിക്കുകയായിരുന്നു. ജോൺസൺ പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനാണ്. സംഭവസമയം ഭാര്യയും മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: എറണാകുളത്ത് ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കോടമ്പുറം കെ.കെ. രാജനാണ് മരിച്ചത്. കാക്കനാട് കെകെആർ. ബേക്സ് ആന്റ് ജ്യൂസസ് സ്ഥാപന ഉടമയാണ്.
പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതലാണ് രാജൻ ഹോട്ടൽ ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കിയതിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Kerala
കോഴിക്കോട്: ജോലി അന്വേഷിച്ചെത്തിയ ഹോട്ടലില്‍ മോഷണം നടത്തിയ കേസില്‍ സ്വദേശിയായ യുവാവ് പിടിയിൽ. മണ്ണാര്‍കാട് സ്വദേശി സുരേഷ് ആണ് പിടിയിലായത്.
മുക്കം പോലീസ് പാലക്കാട് വച്ചാണ് സുരേഷിനെ പിടികൂടിയത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം - അരീക്കോട് പാലത്തിന് സമീപത്തുള്ള 'പുഴയോരം' ഹോട്ടലിലാണ് മോഷണം നടന്നത്. ഫെബ്രുവരി ഒന്‍പതിന് പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്.
ഹോട്ടലിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് സുരേഷ് അകത്ത് കയറുകയായിരുന്നു. കൗണ്ടറിലെ ഷെല്‍ഫില്‍ ഉണ്ടായിരുന്ന 5000 രൂപയും കൗണ്ടറിന് മുകളില്‍ ഉണ്ടായിരുന്ന ധര്‍മ്മ പെട്ടി തകര്‍ത്ത് അതിലുള്ള പണവുമാണ് ഇയാള്‍ മോഷ്ടിച്ചത്.
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളുടെ പേരില്‍ പാലക്കാട്ടെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കോഴിക്കോട്ടും കേസുകളുണ്ടെന്നാണ് സൂചന.
Business
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമംമൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി.
ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. നിലവില്‍ പലതും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.
മാര്‍ച്ചില്‍ പരീക്ഷകള്‍ കഴിഞ്ഞ് ടൂറിസം സീസണ് വീണ്ടും സജീവമാകുമ്പോള്‍ ഈ മേഖലയ്ക്കു വലിയ വരുമാനനഷ്ടം ഉണ്ടാകുമെന്നും കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു.
പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന സർക്കാർ ആഹ്വാനം നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: വാണിജ്യ സിലിണ്ടര്‍ കിട്ടാക്കനി ആയതോടെ സ്തംഭിച്ച് രാജ്യത്തെ ഹോട്ടല്‍ മേഖല. കേരളത്തില്‍ 40 ശതമാനത്തോളം ഹോട്ടലുകള്‍ അടഞ്ഞു കഴിഞ്ഞുവെന്നാണ് ഹോട്ടലുടമകളുടെ സംഘടന വ്യക്തമാക്കുന്നത്.
അടയ്ക്കാത്ത ഹോട്ടലുകളില്‍ മെനുവിന്റെ നീളവും കുറഞ്ഞു. കൊച്ചി മറൈന്‍ഡ്രൈവിലെ അന്നപൂര്‍ണ ഹോട്ടല്‍ ചായയും ചെറുകടികളും മാത്രമാക്കി മെനു ചുരുക്കി. മിക്ക ഹോട്ടലുകളുടെയും സ്ഥിതി ഇതു തന്നെ.
കലൂര്‍, ജെഎല്‍എന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലെ തട്ടുകടകളും ബജി കടകളും മോമോസ് വില്പന കടകളും അടച്ചു കഴിഞ്ഞു. ആലുവ, കാക്കനാട്, കളമശേരി, ഏലൂര്‍ തുടങ്ങി മിക്ക സ്ഥലങ്ങളിലും നിരവധി ഹോട്ടലുകളും തട്ടുകടകളും അടഞ്ഞുകിടക്കുകയാണ്. വാണിജ്യ സിലിണ്ടര്‍ ഇന്നുമുതല്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും നേരത്തെ നല്കിയിരുന്നതിന്റെ അഞ്ചിലൊന്ന് വിതരണം മാത്രമാണ് ഉണ്ടാവുക.
കൊച്ചി നഗരത്തിലെ സാധാരണക്കാരുടെ ആശ്രയമായ സമൃദ്ധി ഹോട്ടലില്‍ ഇന്ധന ക്ഷാമം വന്നതോടെ വിറകടുപ്പില്‍ പാചകം തുടങ്ങി. വ്യാഴാഴ്ച രാത്രിയില്‍ തന്നെ സമൃദ്ധിയില്‍ വിറകുമായി ലോറികള്‍ എത്തി. 20ല്‍ അധികം സിലിണ്ടറുകളാണ് ഒരു ദിവസം മാത്രം സമൃദ്ധിയിലേക്ക് വേണ്ടിയിരുന്നത്.
പാചകവാതക ക്ഷാമം വന്നതോടെ നോണ്‍വെജ് ഐറ്റങ്ങള്‍ കുറച്ച് മെനു ചെറുതാക്കി സമൃദ്ധി പ്രവര്‍ത്തനം തുടര്‍ന്നു. ഗ്യാസ് ലഭ്യത കുറവ് മൂലം പരിമിതമായ ഐറ്റംസ് മാത്രമേ ഉണ്ടാവുകയുള്ളു. എല്ലാവരും ഇതോടൊപ്പം സഹകരിക്കണം എന്ന ബോര്‍ഡും സമൃദ്ധിയില്‍ വച്ചിട്ടുണ്ട്.
ഇന്നു മുതല്‍ വിറകടുപ്പിനെ ആശ്രയിച്ചിരിക്കുകയാണ് സമൃദ്ധി. പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറുന്നതിനാല്‍ വിറകിനും തീ വിലയാണന്. ഒരു ടണ്‍ മില്ലു വിറകിന് 2000 രൂപയ്ക്ക് മുകളില്‍ നല്‍കണം. വിറകിന് വില കൂടിയതിനാല്‍ സമൃദ്ധിക്ക് അധിക ചെലവ് ഉണ്ടാകും. എന്നും ഏറെ തിരക്കുള്ള സ്ഥലമാണ് സമൃദ്ധി. മറ്റു ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ആരംഭിച്ചതോടെ സമൃദ്ധിയിലേക്ക് കൂടുതല്‍ ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
സോഷ്യല്‍ കിച്ചണ്‍ അടക്കമുള്ള ഹോട്ടലുകള്‍ വില അല്പം കൂട്ടിയിട്ടുണ്ട്. പത്തു രൂപ വില വരുന്ന കാപ്പിക്ക് ഇനി 15 രൂപ നല്‍കണം. ഗ്യാസ് ലഭ്യത സാധാരണ നിലയില്‍ ആകുമ്പോള്‍ കൂടിയ വില കുറച്ച് പഴയ നിരക്കിലേക്ക് തന്നെ എത്തുമെന്നാണ് ഹോട്ടലുകള്‍ പറയുന്നത്.
Kerala
തിരുവനന്തപുരം: രാജ്യത്ത് എൽപിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയിൽ ഗ്യാസ് മോഷണം. ആര്യശാലയിലെ വിഎസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പോർട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്ടാവ് ഹോട്ടലിലെത്തി ആദ്യം ഫ്യൂസ് ഊരി.
ശേഷം ചാക്കുകൊണ്ട് തലമറച്ച് കയ്യിലുണ്ടായിരുന്ന ടോർച്ചുമായി ഹോട്ടലിനകമെല്ലാം പരിശോധിച്ചു. പിന്നാലെ അടുക്കളയിൽ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലടക്കം എൽപിജി ക്ഷാമം രൂക്ഷമായിരിക്കയാണ്. ഇതിനിടെയാണ് മോഷണം. എൽപിജി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകൾ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ കൃത്യമായി എത്തിക്കുമെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജിയുടെ കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല.
National
ചുരു: രാജസ്ഥാനിലെ ചുരുവിൽ ഹോട്ടലിലെത്തിയ അക്രമിസംഘം ഉടമയെ വെടിവച്ചുകൊന്നു.
തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ മൂന്നുപേർക്കു ഗുരുതരമായി പരിക്കേറ്റു. ബിദാസർ മേഖലയിലുള്ള ഹോട്ടലിൽ മൂന്നംഗസംഘം നടത്തിയ വെടിവയ്പിലാണ് ഉടമ മണിറാം മാണ്ഡ മരിച്ചത്.
National
ഡെറാഡൂൺ: ഹരിദ്വാറിൽ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഹോട്ടൽ മാനേജർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഹരിദ്വാറിൽ ഓട്ടോയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവതിയെ വീട്ടിൽ ഇറക്കാമെന്ന് പറഞ്ഞു വാഹനത്തിൽ കയറ്റിയ പ്രതികൾ ഇവരെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് യുവതിയും ഭർത്താവും പോലീസിനെ സമീപിച്ചു. ഇരുവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ 35, 26 വയസുള്ള രണ്ട് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു.
തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ മുറി നൽകിയതിനും ഹോട്ടൽ രജിസ്റ്ററിൽ പേര് ചേർക്കാത്തതിനും ഹോട്ടൽ മാനേജരെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികളെയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ
Kerala
കോഴിക്കോട്: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷിനെ (28) ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമം നടത്തിയ മറ്റു രണ്ടു പേർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കോഴിക്കോട് മാങ്കാവിലെ ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്.
കാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ ബിൽ തുക വരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരനായ ഷഹനാദ് എന്നയാളെ കൈവശമുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയും ഹോട്ടലിന് മുൻപിലെ ബോർഡും ഹോട്ടലിലെ ഭക്ഷണം വച്ചിരുന്ന അലമാരയും അടിച്ചു തകർക്കുകയുമായിരുന്നു.
District News
കൊച്ചി: ഇരുമ്പനത്ത് ഹോട്ടല്‍ ഒഴിപ്പിക്കാനായി സ്ഥലം ഉടമ മണ്ണ് അടിച്ചതായി പരാതി. ഹോട്ടലിന് മുന്നില്‍ സമരം ആരംഭിച്ച് നടത്തിപ്പുകാരായ വരാപ്പുഴ സ്വദേശികളായ ദമ്പതികള്‍. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ എടിഎഎഫ് അരമന മള്‍ട്ടി കുസീന്‍ റസ്റ്ററന്റിന് മുന്നിലാണ് മണ്ണ് ഇറക്കിയിരിക്കുന്നത്.
കെട്ടിട നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത ഹോട്ടലിന്റെ ഓടുകളും ഇളക്കി നിലത്തിട്ട് പൊട്ടിച്ച രീതിയിലാണ്. ഹോട്ടലിന് മുന്നിലാണ് ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത രീതിയില്‍ മണ്ണ് ഇറക്കിയിട്ടുള്ളത്. ജൂണ്‍ വരെ വാടക നല്കാന് സ്ഥലം ഉടമ സമയം അനുവദിച്ചിരുന്നു.
എന്നാല്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്കി ഹോട്ടല്‍ പൊളിച്ച് നീക്കാനാണ് സ്ഥലം ഉടമയുടെ നീക്കം എന്നാണ് ഹോട്ടലുടമ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റവന്യു ഉദ്യോഗസ്ഥര്‍ എത്തി നികുതി അടയ്ക്കാത്തതിനാല്‍ നോട്ടീസ് പതിച്ചത്.
മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും പണം അടക്കാത്തതിനാല്‍ സ്ഥാപനം അടച്ചു പൂട്ടി സീല്‍ ചെയ്യുന്നുവെന്നാണ് നോട്ടീസിലുള്ളത്. 41,794 രൂപയാണ് നികുതിയായി അടക്കാനുള്ളത്. നോട്ടീസ് പതിച്ചപ്പോള്‍ തന്നെ നികുതി അടക്കാന്‍ തയാറായെങ്കിലും സമ്മതിച്ചില്ല എന്നും ഹോട്ടലുടമ ആരോപിക്കുന്നുണ്ട്.
Kerala
തുമ്പമൺ: പത്തനംതിട്ട തുമ്പമൺ ജംഗ്ഷനിൽ ഹോട്ടലിനു തീപിടിച്ചു. തമിഴ്നാട് സ്വദേശിയായ സെൽവന്റെ ഉടമസ്ഥതയിലുള്ള എൻഎസ്കെ ഹോട്ടലിനാണ് തീപിടിച്ചത്. തീപിടത്തത്തിൽ രണ്ട് ബൈക്കുകളും കത്തിനശിച്ചു.
പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോൾ അതിൽനിന്നും തീ പടർന്നു പിടിക്കുകയായിരുന്നു. കടയിലെ ജീവനക്കാർ ഉടൻ തന്നെ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതോടെ കടയുടെ മുൻഭാഗത്തായി നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലേക്ക് തീ പടർന്നു പിടിച്ചു.
ബൈക്കുകൾ പൂർണമായി കത്തി നശിക്കുകയും ചെയ്തു. അടൂരിൽനിന്നും പത്തനംതിട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്.
സമീപത്തുള്ള സ്റ്റേഷനറി കടയിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവായി. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ ബൈക്കാണ് കത്തി നശിച്ചത്. കട ഭാഗികമായി കത്തി നശിച്ചു.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി - ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ആണ് പൊട്ടിത്തെറിയുണ്ടായത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തുകയും തീ അണക്കുകയും ആയിരുന്നു. ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.
ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
Kerala
കോട്ടയം: പാമ്പാടിയിൽ പെട്രോൾ പമ്പിന് തൊട്ട് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ തീപിടുത്തം. ഹോട്ടലിലെയും പമ്പിലെയും ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി.
വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. പാമ്പാടി വട്ടമലപ്പടിയിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം പമ്പിന് തൊട്ട് സമീപത്തെ ഫുഡ് നോട്ട്സ് മന്തി ഡിലൈറ്റിലാണ് തീപിടുത്തമുണ്ടായത്.
തീയും പുകയും ഉയർന്നത് കണ്ട ഉടൻ തന്നെ ഹോട്ടലിലെയും പമ്പിലെയും ജീവനക്കാർ ചേർന്ന് അടുക്കളക്കുള്ളിലെ പാചക വാതക സിലണ്ടറുകൾ പുറത്തേക്ക് മാറ്റി. പിന്നാലെ പാമ്പാടി ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
തീപിടുത്തം ഉണ്ടായ ഭാഗത്ത് നിരവധി വീടുകളും കടകളും ഉള്ളത് ആശങ്ക ഉയർത്തിയിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്. ഹോട്ടലിന്റെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.