ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിക്കൊരുങ്ങി ഡൽഹി സർക്കാർ. ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണു സർക്കാർ നടപടിക്കൊരുങ്ങുന്നത്. ആറു മുറികൾക്കു മാത്രം പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്ന അപകടം നടന്ന ഹോട്ടലിൽ 25 മുറികൾ പ്രവർത്തിച്ചിരുന്നുവെന്നും ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ ഹോട്ടൽ പാലിച്ചില്ലെന്നും കണ്ടെത്തിയതിനുപിന്നാലെയാണ് സർക്കാർ നടപടി ശക്തമാക്കുന്നത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലുടനീളമുള്ള ഗസ്റ്റ് ഹൗസുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അന്വേഷണം നടത്തുമെന്നും നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾ സീൽ ചെയ്തു പൂട്ടി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ’ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്’ ഹോട്ടലായി പ്രവർത്തിച്ചിരുന്ന ഹോട്ടലിനാണു തീപിടിച്ചതെന്നതിനാൽ ഈ പദ്ധതിക്കുകീഴിൽ ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നത് നിർത്തലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
’ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്’ പദ്ധതിക്കു കീഴിലുള്ള ഈ ഹോട്ടലിൽ വാണിജ്യപരമായ അടുക്കളകളോ പൂർണമായി പ്രവർത്തിക്കുന്ന റസ്റ്ററന്റുകളോ പ്രവർത്തിക്കാൻ അനുമതിയില്ലായിരുന്നുവെങ്കിലും ഹോട്ടലിനു താഴെ റസ്റ്ററന്റ് പ്രവർത്തിച്ചിരുന്നു. തീപിടിത്തമുണ്ടായത് റസ്റ്ററന്റിൽനിന്നാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
Tags : Fire Delhi hotel violating safety norms