കൊച്ചി: മാസപ്പടി കേസില്‍ വീണാ വിജയന്റെ വീട് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടര്‍ രാഹുല്‍ നവിന് പങ്കെടുക്കുന്ന യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.
ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലെ നടപടികളും ഡയറക്ടര്‍ വിലയിരുത്തും. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കാര്യവും യോഗം തീരുമാനിക്കും. ചെന്നൈ സോണ്‍ സ്പെഷല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ അഭ്യുദയ് എ. ആനന്ദ് എന്നിവരും പങ്കെടുക്കും.
ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയില്‍ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
കേന്ദ്ര ഏജന്‍സിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും പെട്ടെന്നുണ്ടായ പ്രകോപനമായി കാണാനാകില്ലെന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകന് ജോജോ ജോസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സിബിഐയുടെയും നിലപാട് തേടി.
സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും എത്രപേരെ അറസ്റ്റ് ചെയ്തു എന്നതടക്കമുള്ള വിവരങ്ങളും അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട കോടതി ഹര്‍ജി ജൂലൈ മൂന്നിന് പരിഗണിക്കാന്‍ മാറ്റി.മേയ് 27നു നടന്ന സംഭവം ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയാണെന്നും ഫെഡറല്‍ ഘടനയ്ക്കു നേരേയുള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മാരകായുധങ്ങളുമായി എത്തിയ സംഘം ഉദ്യോഗസ്ഥരെ വധിക്കാന്‍ ആഹ്വാനം ചെയ്യുകയും പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും പ്രതികളെ പിടികൂടുന്നതിനു പകരം പാര്‍ട്ടി ഓഫീസില്‍ മനുഷ്യവലയം തീര്‍ത്ത് അവരെ സംരക്ഷിച്ചുനിര്‍ത്തിയ നേതാക്കളുമായി ചര്‍ച്ച നടത്താനാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.
മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ പ്രമുഖ നേതാക്കളുടെ പേരുകള്‍ ബോധപൂര്‍വം ഒഴിവാക്കി. അന്വേഷണം ജൂണിയര്‍ ഇന്‍സ്പെക്ടര്‍ക്കു കൈമാറിയത് കേസ് അട്ടിമറിക്കാനാണ്. രാജ്യവിരുദ്ധമായ നീക്കങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.