വാഷിംഗ്ടൺ: ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നിർണായക പ്രഖ്യാപനങ്ങളുമായി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. കളിക്കാരുടെ സുരക്ഷ പരിഗണിച്ച് സ്റ്റേഡിയത്തിൽ വെള്ളക്കുപ്പികൾക്ക് ഫിഫ നിരോധനമേർപ്പെടുത്തി.
കുപ്പികളും മറ്റും സ്റ്റേഡിയത്തിലേക്ക് എറിയുന്നത് ഒഴിവാക്കാനാണ് ഫിഫയുടെ ഈ തീരുമാനം. ഒരു ലിറ്റർ വരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ അനുവദിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
കുപ്പികൾക്ക് പുറമെ കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവയ്ക്കും നിരേധനം ഏർപ്പെടുത്തിയിട്ടുണ്ട്. കളിക്കാർ, റഫറിമാർ, ആരാധകർ, വോളന്റിയർമാർ, ജീവനക്കാർ എന്നിവരുടെയെല്ലാം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഫ വ്യക്തമാക്കി.
സ്റ്റേഡിയത്തിനകത്ത് കാണികൾക്ക് വെള്ളം ലഭ്യമാക്കുമെന്നും ഇതിനായി സാധാരണ നിരക്കിൽ കൂടുതൽ തുക ഈടാക്കില്ലെന്നും ഫിഫ ഉറപ്പുനൽകിയിട്ടുണ്ട്. ഖത്തർ ലോകകപ്പിലും സ്റ്റേഡിയങ്ങളിലേക്ക് വെള്ളക്കുപ്പികൾ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരുന്നു.
Tags : fifa world cup water bottle ban