ലണ്ടൻ: 23 വർഷം നീണ്ടു നിന്ന വിവാഹമോചനക്കേസിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവിട്ടു. 2002ലാണ് വർഷ ഗോഹിൽ ഭർത്താവ് ഭദ്രേഷ് ഗോഹിലിനെതിരെ വിവാഹമോചനം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്.
ഭർത്താവിന്റെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് വർഷ വിവാഹമോചനം ആവശ്യപ്പെട്ടത്. അന്ന് ഭദ്രേഷ് നൽകിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ 3.5 കോടി രൂപയും ഒരു കാറും സ്വീകരിച്ച് വർഷ വിവാഹമോചനത്തിന് തയ്യാറായിരുന്നു. എന്നാൽ മുൻ നൈജീരിയൻ ഗവർണർ ജെയിംസ് ഇബോരിയുമായി ബന്ധപ്പെട്ട വൻ പണമിടപാട് കേസിൽ ഭദ്രേഷ് പ്രതിയായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഭദ്രേഷിന് 10 വർഷം തടവുശിക്ഷയും ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾക്ക് വിവിധ രാജ്യങ്ങളിലായി 28 മില്യൺ പൗണ്ട് വിലമതിക്കുന്ന സ്വത്തുണ്ടെന്ന വിവരം പുറത്തറിഞ്ഞത്. ഇതോടെ വർഷ 2015ൽ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ ഈ സ്വത്തുക്കളെല്ലാം ഭദ്രേഷ് കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്ന് അയാളുടെ അഭിഭാഷകൻ വാദിച്ചു. തങ്ങളുടെ വിവാഹത്തിനുശേഷം ബിസിനസിലൂടെ ഉണ്ടാക്കിയതാണ് ഇതിൽ വലിയൊരു പങ്കെന്ന് വർഷയും വാദിച്ചു. ഒടുവിൽ വിശദമായ പരിശോധനയ്ക്ക് ശേഷം 6.6 മില്യൺ പൗണ്ടിന്റെ സ്വത്തുക്കൾ നിയമാനുസൃതമാണെന്ന് കണ്ടെത്തുകയായിരുന്നു.
Tags : divorce settlement uk court