മുംബൈ: ട്വന്റി20 ക്രിക്കറ്റിന്റെ ബ്രാൻഡായിരുന്നു ഇന്ത്യയുടെ സ്കൈ ബ്ല്യൂ എന്ന് വിളിപ്പേരുള്ള സൂര്യകുമാർ യാദവ്. ഇന്ത്യൻ ദേശീയ ടീമിലേക്ക് വൈകി വന്ന വസന്തം. ഒരു ലോകകപ്പ് കിരീടമടക്കം സമ്മാനിച്ച താരത്തിന്റെ കരിയർ അസ്തമിക്കുന്നു?
ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നു. വരാനിരിക്കുന്ന ട്വന്റി20 പരന്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ പോലും അദ്ദേഹത്തിന് സ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന.
സ്വന്തം നാട്ടിൽ വച്ച് നടന്ന 2026ലെ ട്വന്റി20 ലോകകപ്പ് കിരീട നേട്ടം മൂന്നു മാസം പിന്നിടവേയാണ് ബിസിസഐയുടെ ഈ നിർണായക നീക്കമെന്നത് ശ്രദ്ധേയം.
360 ബാറ്ററുടെ വരവ്
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മുംബൈ ഇന്ത്യൻസിന്റെ പ്രതാപ കാലത്ത് നായകൻ രോഹിത് ശർമയ്ക്ക് കീഴിൽ വളർന്നുവന്ന താരമാണ് സൂര്യകുമാർ യാദവ്.
മുംബൈയുടെ വിശ്വസ്ത ബാറ്റർ. സ്ഥിരത. മൈതാനത്തിനു ചുറ്റും ഏത് ബൗളറെയും സമ്മർദങ്ങൾക്ക് വഴങ്ങാതെ പായിക്കുന്ന വിനാശം വിതയ്ക്കുന്ന ബാറ്റർ. ഒടുവിൽ ദേശീയ കുപ്പായം അണിയാൻ വിളിയെത്തി.
പടവുകൾ
30-ാം വയസിൽ 2021ൽ ഇന്ത്യയുടെ ദേശീയ ടീമിൽ അരങ്ങേറ്റം. 31-ാം വയസിൽ ലോക ഒന്നാം നന്പർ ട്വന്റി20 ബാറ്റർ. 33-ാം വയസിൽ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ. 2026 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച നായകൻ.
2024 ജൂണിൽ ബാർബഡോസിൽ വച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഉയർത്തിയതിന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ രാജ്യാന്തര ട്വന്റി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇതോടെ ഹാർദിക് പാണ്ഡ്യയടക്കമുള്ള പ്രമുഖരെ പിന്തള്ളി നായകസ്ഥാനത്തേക്ക്.
നായക നേട്ടം
നായകൻ എന്ന നിലയിൽ സൂര്യകുമാർ വലിയ നേട്ടമാണ് കൊയ്തത്. താരത്തിനു കീഴിൽ ഇന്ത്യ നേടിയത് ട്വന്റി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയശതമാനം. ആക്രമണോത്സുക ക്രിക്കറ്റ് നയിച്ച താരം രോഹിത് ശർമയ്ക്ക് ശേഷം ടീമിന്റെ കെട്ടുറപ്പ് കാത്തു.
യുവതാരങ്ങളെ വിശ്വസിച്ച് സമ്മർദ സാഹചര്യങ്ങളിൽപ്പോലും അവസരങ്ങൾ നൽകിയ സൂര്യയുടെ കാലത്താണ് അഭിഷേക് ശർമ, തിലക് വർമ, ഇഷാൻ കിഷൻ, ഹർഷിത് റാണ തുടങ്ങിയ താരനിര പ്രതിഭ തെളിയിച്ചത്.
പുറത്തേക്ക്
നായകനാകുന്നതിന് മുന്‍പ് ട്വന്റി20 ക്രിക്കറ്റിലെ വിനാശകാരിയായിരുന്ന സൂര്യയെ ആയിരുന്നില്ല പിന്നീട് കണ്ടത്. നായക പദവി താരത്തിന്റെ പ്രഹരശേഷി കുറച്ചു. 2026 ഐപിഎൽ സീസണിലെ മോശം പ്രകടനം സെലക്ടർമാരുടെ തീരുമാനത്തിന് വേഗം കൂട്ടി. 13 ഇന്നിംഗ്സിൽനിന്ന് 270 റണ്‍സ് മാത്രം. ടീം പ്ലേ ഓഫ് കടക്കാതെ പുറത്തും. ബിസിസിഐയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത് ഈ മോശം പ്രകടനം.
35കാരനായ സൂര്യയിൽ അടുത്ത ട്വന്റി20 ലോകകപ്പ് നടക്കുന്ന 2028ൽ പ്രതീക്ഷ വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. യുവനിരയെ വാർത്തെടുക്കുക എന്നതാണ് ബിസിസിഐയുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും ലക്ഷ്യം. ട്വന്റി20 ടീമിൽനിന്നും താരത്തെ ഒഴിവാക്കാനുള്ള കാരണവും ഈ ഭാവി തീരുമാനം തന്നെ.
നീലക്കുപ്പായത്തിൽ കരിയർ അഞ്ച് വർഷമെങ്കിലും ഓർക്കാൻ ഒരു ലോകകപ്പ് കിരീടമടക്കം സ്ഫോടനാത്മകമായ നിരവധി ഇന്നിംഗ്സുകൾ സമ്മാനിച്ചാണ് സൂര്യ നായക പദവിയിൽനിന്ന് പടിയിറങ്ങുന്നത്.
കരിയർ
മത്സരം: 113
റണ്‍സ്: 3272
ശരാശരി: 36.36
സ്ട്രൈക്റേറ്റ്: 162.95
സെഞ്ചുറി: 4
അർധസെഞ്ചുറി: 25
റാങ്ക്: ഏഴ്
Tags : Suryakumar Yadav T20 Cricket career fading