മഴ
ന്യൂഡൽഹി: അടുത്തയാഴ്ചയുടെ തുടക്കത്തിൽത്തന്നെ കാലവർഷം ശക്തമായി തിരിച്ചെത്തുന്നു. ഉത്തരേന്ത്യ, കിഴക്കൻ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദം മൺസൂൺ പാത്തിയെ അതിന്റെ യഥാർഥ സ്ഥാനത്തേക്കു തിരികെയെത്തിക്കുന്നതോടെയാണ് കാലാവസ്ഥയിൽ ഈ അനുകൂല മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഘങ്ങൾ ഒഴിഞ്ഞുപോകുകയും സമതലങ്ങൾ ചൂടിൽ വെന്തുരുകുകയും ചെയ്തതോടെ മഴ ഹിമാലയൻ താഴ്വരകളിലേക്കു മാത്രമായി ചുരുങ്ങിയിരുന്നു.
വടക്കുകിഴക്കൻ ഇന്ത്യയിലാണ് മഴ ആദ്യം സജീവമാകുക. തുടർന്ന് കിഴക്ക്, മധ്യ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കും. ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആഴ്ചകളായി ഉഷ്ണതരംഗത്തിനു സമാനമായ അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന ഗംഗാസമതലങ്ങളിലെയും മധ്യ ഇന്ത്യയിലെയും ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കും ഈ മഴ.
കാലാവസ്ഥാ ശാസ്ത്രജ്ഞർ ‘ബ്രേക്ക് മൺസൂൺ’ എന്നുവിളിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കഴിഞ്ഞദിവസങ്ങളിൽ കടന്നുപോയത്. മൺസൂൺ പാത്തി വടക്കോട്ട് മാറുകയും മധ്യ ഇന്ത്യ വരണ്ടുണങ്ങുകയും ചെയ്യുന്ന ഇടവേളയാണിത്. ഈ മാസം ബംഗാൾ ഉൾക്കടലിൽ വളരെ കുറച്ച് ന്യൂനമർദങ്ങൾ മാത്രമാണു രൂപപ്പെട്ടത്. കൂടാതെ അറബിക്കടലിൽനിന്നുള്ള കാറ്റ് ദുർബലമാകുകയും ചെയ്തത് മേഘരൂപീകരണത്തെ തടസപ്പെടുത്തി.
സാധാരണയായി ലഭിക്കേണ്ട 323.1 മില്ലിമീറ്റർ മഴയ്ക്കു പകരം 244.6 മില്ലിമീറ്റർ മഴ മാത്രമാണ് ഇതുവരെ രാജ്യത്തു ലഭിച്ചത്. ഓഗസ്റ്റ് മാസമായിരിക്കും ഈ വർഷത്തെ മൺസൂണിന്റെ ഭാവി നിർണയിക്കുകയെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.
Tags : Monsoon widespread rain strongly returns Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews