Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ ആളുകൾക്ക് ദുരന്തനിവാരണ സേന നിർദേശം നൽകി.
കോഴിക്കോട് ജില്ലയിലാണ് ഇന്നലെ മഴക്കെടുതികൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ പ്രധാനപ്പെട്ട നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. വയനാട്ടില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
National
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്താകെ പൂർണമായും വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സാധാരണ ജൂലൈ എട്ടിന് എത്തേണ്ടിയിരുന്ന കാലവർഷം ഒരു ദിവസം വൈകി രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചതായി കാലാവസ്ഥാവിദഗ്ധർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിവിധ നഗരങ്ങളെ വെള്ളക്കെട്ടിലാക്കിയെങ്കിലും കാർഷികമേഖലയ്ക്ക് ആശ്വാസമായിരിക്കുകയാണ് കാലവർഷം. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണിൽ രേഖപ്പെടുത്തിയ 33 ശതമാനം മഴക്കുറവ്, ജൂലൈ ആദ്യവാരത്തോടെ 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ മഴ കുറവുള്ള ജില്ലകളുടെ എണ്ണം 262ൽ നിന്ന് 178 ആയി കുറഞ്ഞുവെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, രാജ്യത്തെ പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇപ്പോഴും കുറവായിത്തന്നെ നിലനിൽക്കുന്നത് മൺസൂൺ വിളകളുടെ വിതയ്ക്കലിനെ ബാധിച്ചതായും കാർഷികമന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ 350.85 ലക്ഷം ഹെക്ടറിലാണ് വിതയ്ക്കൽ നടന്നിട്ടുള്ളത്. ഇതു കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 91.95 ലക്ഷം ഹെക്ടർ കുറവാണ്. സോയാബീൻ, പരുത്തി കൃഷികളെയാണു മൺസൂണിന്റെ താമസം പ്രധാനമായും ബാധിച്ചത്.
ഇതിനുപുറമെ, എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം കാലവർഷത്തിൽ തുടരാൻ സാധ്യതയുള്ളതിനാൽ കൃഷി മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക നിരീക്ഷണസെല്ലുകളും സംസ്ഥാനതല കൺട്രോൾ റൂമുകളും സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തിവരികയാണ്. വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടേക്കാമെന്നാണു കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന.
അന്തരീക്ഷ വ്യതിയാനങ്ങൾക്കു കാരണമാകുന്ന മാഡൻ-ജൂലിയൻ ഓസിലേഷൻ അനുകൂലമല്ലാത്തതിനാലും ഈ കാലയളവിൽ ന്യൂനമർദങ്ങൾ രൂപപ്പെടാൻ സാധ്യതയില്ലാത്തതിനാലും മഹാരാഷ്ട്ര, കർണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ശാസ്ത്രജർ ചൂണ്ടിക്കാട്ടി.
Kerala
കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്.
വെള്ളിയാഴ്ച ജില്ലയിൽ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും. വെള്ളിയാഴ്ചയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുളള അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. വയനാട് ജില്ലയില്‍ ബുധനാഴ്ച റെഡ് അലേര്‍ട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്.
ജില്ലയിലെ അങ്കണ്‍വാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മൂന്ന് ജില്ലകളിലും യൂണിവേഴ്സിറ്റി പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും സ്ഥിതിചെയ്യുന്നു.
ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും വ്യാഴാഴ്ചയും കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണുള്ളത്. മഴ കണക്കിലെടുത്ത് കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. നഴ്സറി, പ്രഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി പരീക്ഷകൾ, പിഎസ്സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ 24 മണിക്കൂറിൽ പെയ്തത് 12 സെന്റിമീറ്റർ മഴയാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വയനാട് ജില്ലയിലെ വൈത്തിരിയിലാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത്, 12 സെന്റിമീറ്റർ. കോഴിക്കോട് ഉറുമിയിൽ 11 ഉം നിലന്പൂർ, അയ്യൻകുന്ന്, ചെന്പേരി എന്നിവിടങ്ങളിൽ എട്ട് സെന്റിമീറ്ററും മഴ പെയ്തു.
വയനാട് ജില്ലയിലെതന്നെ മാനന്തവാടി, കൽപ്പറ്റയിൽ ആറ് സെന്റിമീറ്ററും അന്പലവയൽ, കാരാപ്പുഴ എന്നിവിടങ്ങളിൽ നാലും കുപ്പാടിയിൽ മൂന്നു സെന്റിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ദിവസങ്ങളായി മഴ തുടരുന്ന മേഖലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിനായി പോകരുതെന്നും നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
National
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മതിൽ ഇടിഞ്ഞുവീണും ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് അഞ്ഞൂറിലധിക്കം ആളുകളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മാവൽ തഹസിലിലെ പതൻ ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. വിസാപൂർകോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീടിന് മുകളിലേക്ക് മണ്ണും അവശിഷ്ടങ്ങളും പതിക്കുകയായിരുന്നു. നന്ദു തികോണെ, മൗലി തികോണെ, അനിത നന്ദു തികോണെ എന്നിവരാണ് വീടിനുള്ളിൽ കുടുങ്ങി മരിച്ചത്.
പിംപ്രി ചിഞ്ച്വാഡിലെ നിഗ്ഡിയിലുള്ള ഭേൽ ചൗക്കിൽ സംരക്ഷണ മതിൽ തകർന്നുവീണ് ഒരു തൊഴിലാളി മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖേദ് തഹസിലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേർ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ജില്ലയിലെ 22 ഇടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടതായും പൂന ജില്ലാ ചുമതലയുള്ള ഉപമുഖ്യമന്ത്രി സുനേത്ര പവാർ അറിയിച്ചു. മുംബൈ- പൂന എക്സ്പ്രസ് വേയിലെ മിസ്സിംഗ് ലിങ്ക് സെക്ഷന്‍ സമീപമുണ്ടായ ഉരുൾപൊട്ടലിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം ജുന്നാർ, ഖേദ്, അംബേഗാവ്, രാജ്ഗഡ്, ഭോർ, മാവൽ, മുൽഷി എന്നീ തഹസിലുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അഞ്ച് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ തെക്കൻ ജാർഖണ്ഡിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങൾക്കും മുകളിലായി തീവ്രന്യൂനമർദവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ്, അതിനോട് ചേർന്നുള്ള കിഴക്കൻ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക് - പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
District News
കടുത്തുരുത്തി: മഴ ശക്തമായതോടെ റോഡുകള്‍ തകര്‍ന്ന് പലതും കുണ്ടും കുഴിയുമായി. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലെ കുഴികള്‍ വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. തകര്‍ന്ന റോഡുകളുടെ കാര്യം പലവട്ടം പരാതിപ്പെട്ടിട്ടും പരിഹാരമില്ലാതായതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് വാഹനയാത്രക്കാരും നാട്ടുകാരും.
മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ് റോഡ്, ആലപ്പുഴ-കുറവിലങ്ങാട് മിനി ഹൈവേയില്‍ ഉള്‍പ്പെടുന്ന കുറുപ്പന്തറ-കല്ലറ റോഡ്, ആയാംകുടി-ആപ്പാഞ്ചിറ റോഡ്, കുറുപ്പന്തറ-മാഞ്ഞൂര്‍ സൗത്ത് റോഡ്, ആയാംകുടി-എഴുമാന്തുരുത്ത് റോഡ് എന്നിങ്ങനെ പല റോഡുകളും തകര്‍ന്ന അവസ്ഥയിലാണ്.
കാഞ്ഞിരത്താനത്തും കുറുപ്പന്തറ ജംഗ്ഷനും സമീപവും മള്ളിയൂര്‍ ജംഗ്ഷന്, കാന്താരികടവ്, മുട്ടുചിറ പെട്രോള്‍ പമ്പിന് സമീപം റെയില്‍വേ ഗേറ്റ് റോഡിലുമെല്ലാം വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
മഴയത്ത് വെള്ളം കെട്ടിനില്‍ക്കുന്ന ഈ കുഴികളെല്ലാം അപകടഭീഷണിയുയര്ത്തുന്നവയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ അപകടഭീതിയില്‍ യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണു നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കുഴികള്‍ അടച്ച് യാത്ര സുരക്ഷിതമാക്കുന്നതിനുള്ള നടപടികളുമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മഴ പെയ്താല്‍ തോടേതെന്നോ, റോഡേതെന്നോ അറിയാന്‍ കഴിയാത്ത അവസ്ഥയാണ് മിക്കയിടത്തും. പൊളിഞ്ഞു കിടക്കുന്ന റോഡുകളിലെ കുഴികളില്‍വീണ് അപകടം പറ്റുന്ന ഇരുചക്ര വാഹനയാത്രികരുടെ എണ്ണവും കൂടുകയാണ്.
സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് കാല്‍നടയാത്രക്കാരും വാഹന യാത്രികരും കടന്നു പോകുന്ന വഴികളാണിത്.
മഴയുടെ ശക്തി കുറയുന്നതോടെ റോഡുകള്‍ നന്നാക്കാന്‍ നടപടികളുണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസർഗോഡും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
Kerala
തിരുവനന്തപുരം: മഴക്കാലത്ത് റോഡിൽ രൂപപ്പെടുന്ന കുഴികളെ പറ്റിയുള്ള പ്രശ്നം ഉന്നയിച്ച കുന്നത്തൂര്‍ എംഎല്‍എ ഉല്ലാസിന് സഭയില്‍ മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍. ഇത് കേരളമാണെന്നും മഴ പെയ്താല്‍ കുഴികളുണ്ടാകുമെന്നുമായിരുന്നു പി.കെ. ബഷീറിന്റെ പരാമര്‍ശങ്ങള്‍.
കുന്നത്തൂര്‍ എംഎല്‍എ ഉല്ലാസ് കുഴിയെ പറ്റി സൂചിപ്പിച്ചു. മഴക്കാലമായാല്‍ റോഡില്‍ കുഴിയുണ്ടാവും. കേരളമാണിത്. കോണ്‍ട്രാക്ട് കൊടുത്ത് പാച്ച് വര്‍ക്ക് ഒക്കെ ചെയ്ത് അത് നന്നാക്കാം.
പിന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഇറാന്–അമേരിക്ക പ്രശ്നങ്ങളുണ്ടായപ്പോള്‍ ടാറിനും മറ്റീരിയല്സിനും വില കൂടിയിട്ടുണ്ട്. അത് ഒരു സത്യമാണ്. നമ്മള് വന്നിട്ട് ഒരു മാസവും അഞ്ചോ ആറോ ദിവസവും ആയിട്ടുള്ളൂ. പ്രശ്നങ്ങളൊക്കെ പരിഹരിക്കുമെന്നും പി.കെ. ബഷീർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂന മർദ്ദ പാത്തി കർണാടക ഗുജറാത്ത് തീരത്തേക്ക് മാറി.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂലയ് 3ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലായ് നാലിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
National
ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇതുവരെ മൂന്ന് പേര് മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
പലയിടങ്ങളിലും മലവെള്ളപ്പാച്ചിലിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ആസാമിൽ ഏഴ് ജില്ലകളിലായി 45,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചെന്നാണ് കണക്കുകൾ. 257 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
നാലായിരത്തിലധികം ഹെക്ടർ കൃഷിസ്ഥലത്തെ വിളകൾ നശിച്ചു. വ്യോമസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആസാം, അരുണാചൽ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലൊഴികെ മറ്റ് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 29ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലയിലുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
National
മുംബൈ: മഴവെള്ളം കയറാതിരിക്കാൻ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യാത്രക്കാരനെ സഹയാത്രികൻ കുത്തിക്കൊലപ്പെടുത്തി.
മുംബൈ ലോക്കൽ ട്രെയിനിലെ യാത്രക്കാരനായ മായങ്ക് രമേശ് ലോഹാറാ(22)ണു കൊല്ലപ്പെട്ടത്. സംഭവത്തിൽ റോഷൻ സുവർണ (30) എന്ന യാത്രക്കാരനെ കുർളയിൽനിന്ന് അറസ്റ്റ് ചെയ്തു.
റെയിൽവേ പോലീസിന്റെ ആറു സംഘങ്ങൾ നഗരത്തിലുടനീളം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ച രാത്രി 11ഓടെ ചർച്ച്ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കോച്ചിലായിരുന്നു സംഭവം. അന്ധേരി-ബോറിവലി സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സഞ്ചരിക്കുമ്പോഴാണ് തർക്കം രൂക്ഷമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
തർക്കത്തെത്തുടർന്ന് യാത്രികനെ കത്തികൊണ്ടു കുത്തിയ പ്രതി ബോറിവലി സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തുന്നതിനുമുമ്പ് പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയായ റോഷൻ മുംബൈ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Leader Page
മഴ ചതിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം വളരെ കുറവായി. ജൂൺ 20 വരെയുള്ള കണക്കനുസരിച്ചു രാജ്യത്തു ലഭിച്ച മഴ 54.4 മില്ലിമീറ്റർ. സാധാരണ കിട്ടേണ്ടത് 92.8 മില്ലിമീറ്റർ. കുറവ് 41.4 ശതമാനം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങൾ ഉൾപ്പെട്ട മധ്യ ഇന്ത്യയിൽ 65 ശതമാനമാണു മഴക്കുറവ്.
കേരളത്തിലും സ്ഥിതി വളരെ മോശമാണ്. ജൂൺ 21 വരെ ലഭിച്ച മഴ 315.5 മില്ലിമീറ്റർ. ലഭിക്കേണ്ടത് 440.3 മില്ലിമീറ്റർ. കുറവ് 28 ശതമാനം. ഇന്ത്യയുടെ വാർഷിക മഴയിൽ 75 ശതമാനത്തോളം ലഭിക്കുന്നത് ജൂൺ-സെപ്റ്റംബർ മാസങ്ങളിലെ കാലവർഷത്തിലാണ്. പതിവായി കിട്ടുന്നതിന്റെ 90 ശതമാനം മഴയേ ഇക്കൊല്ലം കാലവർഷത്തിൽ കിട്ടുകയുള്ളൂ എന്നാണു പ്രവചനം. രാജ്യത്തു പലഭാഗങ്ങളിലും വരൾച്ചയുണ്ടാകാം.
എൻ നിനോ വന്നു
തുടക്കം വൈകുന്നതുകൊണ്ടു കുഴപ്പം വരണമെന്നില്ല. പക്ഷേ ഇക്കൊല്ലം അതല്ല സ്ഥിതി. എൽ നിനോ പ്രതിഭാസം വില്ലനായി വന്നു. അതും സൂപ്പർ എൽ നിനോ. ഒന്നര നൂറ്റാണ്ടു മുമ്പ് 1876-80ൽ ഉണ്ടായ സൂപ്പർ എൽ നിനോയ്ക്കു സമാനമായ ഒന്ന്. ജലസേചനവും മറ്റും ഇല്ലാതിരുന്ന അക്കാലത്ത് ഇന്ത്യയിൽ 80 ലക്ഷത്തിലധികം പേരുടെ മരണത്തിലേക്കു നയിച്ച മഹാപട്ടിണി അതിന്റെ ഫലമായിരുന്നു. എൽ നിനോ പ്രതിഭാസത്തിന്റെ സൂചന മാസങ്ങൾ മുമ്പേ ഉണ്ടായിരുന്നു. അതു ജൂൺ രണ്ടാംവാരം തുടങ്ങി.
വിശാലമായ കാർഷികമേഖല
ലോകത്തിലെ വലിയൊരു കാർഷിക മേഖലയെയാണ് എൽ നിനോ പ്രതിഭാസം ദോഷകരമായി ബാധിക്കുന്നത്. ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും മഴ കുറയുമ്പോൾ ധാന്യങ്ങൾ, സസ്യ എണ്ണ, തോട്ടവിളകൾ, ഉഷ്ണമേഖലാ പഴവർഗങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ വലിയ ഇടിവ് വരും.
ഇന്ത്യയും ചൈനയുമുടങ്ങിയ ഏഷ്യൻ ഭൂഖണ്ഡമാണ് ലോകത്തിലെ അരിയുടെ 90 ശതമാനം ഉത്പാദിപ്പിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ 50 ശതമാനവും പയറു വർഗങ്ങളുടെ 24 ശതമാനവും റബറിന്റെ 90 ശതമാനവും തേയിലയുടെ 80 ശതമാനവും കാപ്പിയുടെ 30 ശതമാനവും ഇവിടെനിന്നാണ്. ലോക വിപണിയിലെ ഗോതമ്പിന്റെ 50 ശതമാനവും പഞ്ചസാരയുടെ 40 ശതമാനവും പാമോയിലിന്റെ 90 ശതമാനവും ഏഷ്യയിലാണ് ഉത്പാദിപ്പിക്കുന്നത്.
ഇതെല്ലാം വിരൽചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ് - ഭക്ഷ്യധാന്യങ്ങൾ അടക്കം കാർഷികോത്പന്നങ്ങളുടെ വലിയ വിലക്കയറ്റത്തിലേക്ക്. ചില ഇനങ്ങളുടെ ഉത്പാദനം ഏഷ്യയിൽ കുറവായാൽ മറ്റിടങ്ങളിലെ ഉത്പാദന വർധനകൊണ്ടു പരിഹരിക്കാൻ പറ്റും. പക്ഷേ വില കൂടും. മറ്റു ചില ഇനങ്ങളുടെ കാര്യത്തിൽ ബദൽ ഉത്പാദനമേഖലകൾ ഇല്ല. അവയുടെ വില കടിഞ്ഞാൺ പൊട്ടിച്ചു പാഞ്ഞെന്നു വരാം.
ഇന്ത്യക്കു ഗുരുതരം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത എൽ നിനോ ഗുരുതര സാഹചര്യം ഉണ്ടാക്കും. ജൂണിൽ എൽ നിനോ തുടങ്ങിയെന്നു പ്രഖ്യാപിച്ച ലോക കാലാവസ്ഥാ സംഘടന (World Meteorological Organization) എന്നാണ് അന്ത്യം എന്നു പറഞ്ഞിട്ടില്ല. മുൻകാല എൽ നിനോകൾ ഒന്‍പതു മുതൽ 12 വരെ മാസം നീണ്ടുനിന്നിട്ടുണ്ട്. അത് രണ്ടു കാര്യങ്ങളിലേക്കു നയിക്കുന്നു.
ഒന്ന്: തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ വളരെ കുറവാകും.
രണ്ട്: നീണ്ടു നിൽക്കുന്ന എൽ നിനോയിൽ വടക്കുപടിഞ്ഞാറൻ മൺസൂൺ (തുലാവർഷം) മഴയും കുറയാം.
രാജ്യത്തെ പ്രധാന കാർഷിക മേഖലകൾ എല്ലാം മഴക്കുറവ് നേരിടും എന്നാണ് മുന്നറിയിപ്പ്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണു ശരാശരി മഴ കിട്ടുക എന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. പക്ഷേ, തുടക്കത്തിൽ രാജസ്ഥാനടക്കം വടക്കു-പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൂടുതൽ മഴ കിട്ടി. വടക്കു-കിഴക്ക് വളരെ കുറവായി.
കാര്യമായ മഴക്കുറവ് നേരിടാത്ത ഏഴു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയെ വരൾച്ച തുറിച്ചുനോക്കുന്നത്. 2018ൽ ശരാശരിയുടെ 90.4ഉം 2015ൽ 85.5ഉം ശതമാനം മഴ മാത്രമേ ലഭിച്ചുള്ളൂ. 2018നു ശേഷം ഒന്നൊഴികെ എല്ലാ വർഷങ്ങളിലും ദീർഘകാല ശരാശരിയുടെ ഒപ്പമോ അതിൽ കൂടുതലോ മഴ ലഭിച്ചു. 2023ൽ ശരാശരിയുടെ 95 ശതമാനം മഴയാണു ലഭിച്ചത്.
ഖാരിഫും റാബിയും
തെക്കുപടിഞ്ഞാറൻ മൺസൂണിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ പ്രധാന കാർഷിക സീസണായ ഖാരിഫ് (ജൂൺ-ഒക്ടോബർ) നീങ്ങുന്നത്. നെല്ല്, ചോളം, പരുക്കൻ ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിമ്പ്, പരുത്തി എന്നിവയുടെ കൃഷിയിറക്കലും വിളവെടുപ്പും ഖാരിഫിലാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ മഴ യഥാസമയം ലഭിച്ചാലേ ഖാരിഫ് കൃഷിയിറക്കൽ നടക്കൂ. കാലവർഷത്തിൽ ലഭിക്കുന്ന വെള്ളം ഡാമുകളിൽ സംഭരിച്ചാണ് റാബി സീസണിലെ കൃഷിക്കു ജലസേചനം നടത്തുന്നത്. ഭക്ഷ്യധാന്യ ഉത്പാദനത്തിന്റെ 55 ശതമാനത്തിലധികം ഖാരിഫിലാണ്. 45 ശതമാനം ഉത്പാദനം ഒക്ടോബർ-ഡിസംബറിൽ വിളവിറക്കുന്ന റാബി സീസണിലും. ഗോതമ്പ് റാബി സീസണിലാണ്.
തുലാവർഷം രാജ്യത്തെ വാർഷിക മഴയുടെ 12 ശതമാനമേ നൽകുന്നുള്ളൂ. എന്നാൽ ചില മേഖലകളിൽ അതിന്റെ സംഭാവന വളരെ വലുതാണ്. ദക്ഷിണേന്ത്യയുടെ കിഴക്കൻ തീരത്തു വാർഷിക മഴയുടെ 40 ശതമാനം തുലാവർഷത്തിൽനിന്നാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെക്കൻ കർണാടകം എന്നിവിടങ്ങളിലെ കാർഷികമേഖലയുടെ മുഖ്യ ജലസ്രോതസ് തുലാവർഷമാണ്. പശ്ചിമഘട്ടത്തിലെ തമിഴ്നാടിന്റെ ഡാമുകൾ നിറയുന്നത് ആ സമയത്താണ്. കേരളത്തിലെ ഇടുക്കി അടക്കം പ്രമുഖ ജലവൈദ്യുത പദ്ധതികളുടെ ജലസംഭരണത്തിൽ ഗണ്യമായ പങ്കും തുലാവർഷത്തിലാണു ലഭിക്കുന്നത്.
ഉപഭോഗം കുറയും
പശ്ചിമേഷ്യൻ യുദ്ധത്തിനും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും പിന്നാലെയുള്ള വരൾച്ചഭീഷണി സാമ്പത്തികവളർച്ചയ്ക്കു വരുത്തുന്ന ആഘാതം ചെറുതായിരിക്കില്ല. ഭക്ഷ്യവിലക്കയറ്റവും കുതിച്ചുയരും. രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) യിൽ കാർഷിക മേഖലയുടെ സംഭാവന ഇപ്പോൾ 16 ശതമാനമേ ഉള്ളൂ. കാർഷികോത്പാദനം കുറയുന്നതു വഴി ജിഡിപിയിൽ നേരിട്ടു വരുന്ന കുറവ് ചെറുതായിരിക്കും. എന്നാൽ, മറ്റു രണ്ടു കാര്യങ്ങളുണ്ട്.
ഒന്ന്: ഇപ്പോഴും ജനസംഖ്യയുടെ 50 ശതമാനത്തിലധികം കാർഷികമേഖലയെ ആശ്രയിച്ചാണു കഴിയുന്നത്. അവരുടെ വരുമാനം ഗണ്യമായി കുറയും.
രണ്ട്: കാർഷിക വരുമാനം കുറയുമ്പോൾ ഗ്രാമീണ മേഖലയിൽ ഉപഭോഗം കുറയും. സോപ്പ്, അലക്കുപൊടി, ഷാംപൂ എന്നിവ തുടങ്ങി വസ്ത്രങ്ങളും ടൂവീലറുകളും വരെയുള്ളവയുടെ വിൽപന കുറയും. കെട്ടിട നിർമാണവും അറ്റകുറ്റപ്പണികളും നീട്ടിവയ്ക്കും. അതെല്ലാം ജിഡിപി വളർച്ചയെ പിന്നോട്ടടിക്കും.
നാലു വർഷത്തിനു ശേഷം ഇന്ത്യ ഗോതമ്പ് കയറ്റുമതി ആരംഭിച്ചു മാസങ്ങൾക്കകമാണ് വരൾച്ചാ ഭീഷണി. അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ മുഴുവൻ നീക്കിയിട്ടില്ല. മഴക്കുറവും വരൾച്ചയും മൂലം കാർഷികോത്പാദനം ഗണ്യമായി കുറഞ്ഞാൽ വീണ്ടും കയറ്റുമതി നിയന്ത്രണങ്ങൾ വരും. അതു ലോകവിപണിയിൽ ധാന്യ വിലക്കയറ്റമുണ്ടാക്കും.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വലിയ ബഫർ സ്റ്റോക്ക് കരുതുന്നുണ്ടെങ്കിലും വരൾച്ച കടുത്താൽ അതു മതിയാകണമെന്നില്ല. ഏപ്രിൽ ആരംഭത്തിൽ എഫ്സിഐയുടെ ഭക്ഷ്യധാന്യ സ്റ്റോക്ക് 604 ലക്ഷം ടൺ ആണ്. ബഫർ സ്റ്റോക്ക് നിബന്ധനയുടെ മൂന്നിരട്ടി വരും ഇത്. പക്ഷേ അതുകൊണ്ട് കാര്യങ്ങൾ ഭദ്രമാണെന്നു കരുതേണ്ട. അരിയും ഗോതമ്പുമടക്കം രാജ്യത്ത് ഉത്പാദിപ്പിച്ച ധാന്യങ്ങളുടെ 16 ശതമാനം മാത്രമാണ് ഈ സ്റ്റോക്ക്. പൊതുവിതരണ ശൃംഖലയിലെ കേന്ദ്ര വിഹിതത്തിനു മാത്രമേ ഇതു തികയൂ.
ഇന്ത്യയിലെ ഭക്ഷ്യവിളകൾ 2025-26ലെ ഉത്പാദനം (ലക്ഷം ടൺ)
അരി - ഖാരിഫ് 1247.58
റാബി 181.07
വേനൽ 111.59
ആകെ 1540.24
ഗോതമ്പ് - റാബി 1206.57
ചോളം - ഖാരിഫ് 302.47
റാബി 159.03
പരുക്കൻ ധാന്യങ്ങൾ - ഖാരിഫ് 425.89
റാബി 213.41
പയറുവർഗങ്ങൾ - 274.09
എണ്ണക്കുരുക്കൾ- ഖാരിഫ് 265.33
റാബി 144.65
കരിമ്പ് - 5001.97
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ബുധനാഴ്ച രണ്ടു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കേരള-കർണാടക-ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിക്കുന്നതാണ് കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയിലും വലിയ കുറവുണ്ടാകും.
അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല.
മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൊമാലിയന്‍ തീരം, ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍-വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്.
കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ആണ് മഴ മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ച നാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തംതിട്ട ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂരില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ മഴ കുറയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ടാണ്.
അതേസമയം നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മീഷന് മുന്നറിയിപ്പ് നല്കി. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയില്‍ (വെള്ളൈകടവ് സ്റ്റേഷന്) കേന്ദ്ര ജല കമ്മിഷന് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.
District News
വടക്കാഞ്ചേരി: കഴിഞ്ഞദിവസംപെയ്ത ശക്തമായ മഴയിൽ റോഡ് തകർന്നു. പ്രദേശവാസികളുടെ യാത്ര ദുരിതമായി. വടക്കാഞ്ചേരി നഗരസഭയിലെ ഒന്നാംകല്ല് കുംഭാരനഗർ റോഡാണ് തകർന്നത്. 2023 - 24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണ് തകർന്നത്.
പ്രദേശത്ത് കുന്നിൻമുകളിൽ പുതിയ നിർമാണ പ്രവർത്തികൾ നടക്കുന്നതുമൂലം ചെട്ടിക്കുന്ന് പ്രദേശത്തുനിന്നു ശക്തമായി ഒഴുകിയെത്തുന്ന മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകിപോകുന്നതുകൊണ്ടാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് തകർന്നതോടെ പ്രദേശത്തേക്ക് ഒരു വാഹനവും വരുന്നില്ലന്ന് നാട്ടുകാർ പറഞ്ഞു.
ആർക്കെങ്കിലും അസുഖംവന്നാൽ രോഗിയെ ഏറ്റികൊണ്ടുപോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
കളിമൺ തൊഴിലാളികൾ തിങ്ങിപാർക്കുന്ന സ്ഥലമാണ് ചെട്ടിയാംകുന്ന്. റോഡ് തകർന്നതോടെ കളിമൺപാത്രനിർമാണത്തിന് ആവശ്യമായ കളിമൺപോലും എത്താതായതോടെ തങ്ങളുടെ തൊഴിലും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.
എന്നാൽ 2026 - 27 സാമ്പത്തികവർഷത്തിൽ റോഡിന്റെ നിർമാണം പൂർണമായും നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് നഗരസഭ അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ സുമയ്യ പറഞ്ഞു.
District News
കാസര്‍ഗോഡ്: തച്ചങ്ങാട് ജിഎച്ച്എസിലെ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനെ നേരില്‍ കണ്ടപ്പോള്‍ ചോദിക്കാനേറെയുണ്ടായിരുന്നു. നമസ്തേ കളക്ടര്‍ പരിപാടിയിലാണ് കുട്ടികള്‍ കളക്ടറോട് സംവദിച്ചത്. എന്തും ചോദിച്ചോളൂ എന്ന കളക്ടറിന്റെ ഉറപ്പു കൂടി കിട്ടിയതോടെ മിടുക്കന്മാരുടെയും മിടുക്കികളുടെയും ചോദ്യമഴയില്‍ നനഞ്ഞു കളക്ടര്‍.
മഴ വന്നാല്‍ അവധി തരണേ എന്നതായിരുന്നു ആദ്യ ആവശ്യം. കളക്ടറാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കളക്ടര്‍ ആയാല്‍ കുട്ടികള്‍ക്ക് അവധി കൊടുക്കാമല്ലോ എന്നും നാലാം ക്ലാസുകാരന് ആദവ് അശോക്. കളക്ടറുടെ കുട്ടിക്കാലത്തെ പഠനം എങ്ങനെ സിവിൽ സർവീസ് കരസ്ഥമാക്കാന്‍ സഹായിച്ചു, ഇപ്പോള്‍ വായിക്കാന്‍ സമയം കിട്ടാറുണ്ടോ, ആദ്യമായി കിളിമഞ്ചാരോ കീഴടക്കിയപ്പോള്‍ എന്തായിരുന്നു മനസില്‍... അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കാണ് കളക്ടര്‍ക്ക് ഉത്തരം നല്‍കിയത്.
തൃശൂര്‍ കളക്ടറേറ്റ് ആണോ കാസര്‍ഗോഡ് കളക്ടറേറ്റാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദ്യത്തിനു മുന്നില്‍ കളക്ടര്‍ ഒന്നു പരുങ്ങിയെങ്കിലും എല്ലാ കളക്ടറേറ്റും ഒരുപോലെ ഇഷ്ടമാണെന്നും കാസര്‍ഗോഡ് വികസന സാധ്യതയുള്ള സ്ഥലമാണെന്നും വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് തന്റെ കളക്ടര്ഷിപ്പില് പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് കളക്ടര്‍ കുട്ടികളെ അറിയിച്ചു. തന്റെ ബാല്യവും വ്യക്തിവിവരണവും കുട്ടികളോട് പറഞ്ഞ കളക്ടര്‍ ജീവിതത്തിലെ പ്രതിസന്ധികളെ പോസിറ്റീവായി എടുക്കണമെന്നും ലഹരി പോലെ തന്നെ അപകടകരമാണ് ഡിജിറ്റല്‍ അഡിക്ഷന് എന്നും പറഞ്ഞു.
സ്കൂളിനു മുന്നിലെ റോഡില്‍ സീബ്രാലൈനും ഡിവൈഡര്‍ ഇല്ലാത്തതും പ്രശ്നമാണെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ മഴ പെയ്തൊഴിയുന്ന ഇടവേളയില്‍ സീബ്രാലൈന്‍ വരയ്ക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തുമെന്ന് കളക്ടര്‍ ഉറപ്പു നല്കി. ഹൈസ്കൂള്‍ കെട്ടിടം ഓടിട്ടതാണെന്നും അതുമാറ്റി കോണ്‍ക്രീറ്റ് ആക്കി തരണമന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. കെട്ടിടം നിര്‍മിച്ചു നല്കാന് നടപടികള്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍പ്പെടുത്തി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പ്രകൃതിയോട് അടുക്കാന്‍ ശലഭോദ്യാനവും നേച്ചര്‍ പാര്‍ക്കും വേണമെന്ന് ആവശ്യവും കളക്ടറുടെ പരിഗണനയിലുണ്ടെന്ന് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനച്ച് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.
ഇത് പ്രകാരം രണ്ട് ദിവസം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് അതിശക്തമായ മഴ മുന്നറിയിപ്പ്.
അതേസമയം ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത നിർദേശമുള്ളത്.
മലപ്പുറം, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.
District News
കടയ്ക്കുമുകളിൽമരം വീണു
പറപ്പൂർ: മുള്ളൂർ പാലത്തിനുസമീപം ഉണ്ടായിരുന്ന കടയ്ക്കു മുകളിലേക്കായിരുന്നു മരം വീണത്. ഈ സമയം വാഹനങ്ങളോ മറ്റു യാത്രക്കാരോ സഞ്ചരിക്കാത്തതിനാൽ ആളഭയമില്ല.
വിലങ്ങന്നൂരിൽഗതാഗതം തടസപ്പെട്ടു
പീച്ചി: വിലങ്ങന്നൂരിൽ പീച്ചിഡാം റോഡിലേയ്ക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്. ഒടിഞ്ഞുവീണ മരം വൈദ്യുതി ലൈ നിലേയ്ക്കും വീണു.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുനീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
വീടിന്റെ മുകളിലേക്ക് മരം വീണു
പറപ്പൂർ: ഇന്നലെ രാവിലെ എട്ടരയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തോളൂർ കായംമ്പിള്ളി വീട്ടിൽ ലക്ഷ്മണന്റെ വീടിന്റെ മുകളിലേക്കു മരംവീണു. ഭാഗികമായി വീട് തകർന്നിട്ടുണ്ട്. ആളപായമില്ല.
District News
തൃശൂർ: വീശിയടിച്ച മഴയും മിന്നൽച്ചുഴലിയും ജില്ലയെ ചുഴറ്റിയെറിഞ്ഞു. വ്യാപകനാശനഷ്ടം. ശക്തമായ മഴ പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ മഴയുടെ തീവ്രത വർധിച്ചതോടെ രാവിലെ പത്തുമുതൽ മൂന്നുമണിക്കൂർ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ പുലർച്ചെമുതൽ ജില്ലയിൽ പെയ്തത് വിട്ടൊഴിയാത്ത മഴ. മണിക്കൂറുകൾ നീണ്ട മഴയിൽ ജനം വലഞ്ഞു. ഗതാഗതം പലയിടത്തും താറുമാറായി. ഇതിനിടെ വിവിധ ഇടങ്ങളിൽ വീശിയടിച്ച മിന്നൽ ച്ചുഴലിയിലും ശക്തമായ കാറ്റിലും വ്യാപകനാശനഷ്ടം പെയ്തിറങ്ങി. ആളപായം ഉണ്ടായില്ലെങ്കിലും മഴയുടെ രൗദ്രഭാവത്തിൽ ജനം ഭയചകിതരായി.
ഇന്നലെ രാവിലെ വില്ലടം ചേറൂർ പ്രദേശത്തു വീശിയടിച്ച മിന്നൽച്ചുഴലിയിൽ പലയിടത്തും മരങ്ങൾ വീണു. രാവിലെ ഒമ്പതോടെയാണ് ശക്തമായ കാറ്റുവീശിയത്. തൃശൂർ താണിക്കുടം റൂട്ടിൽ രണ്ടിടത്തു ഗതാഗതം തടസപ്പെട്ടു. തൃശൂരിൽനിന്നു ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വില്ലടം സ്കൂൾവളപ്പിലും രണ്ടു മരങ്ങൾ വീണെങ്കിലും മറ്റു നാശനഷ്ടങ്ങളില്ല.
പൂച്ചട്ടി, കൊഴുക്കുള്ളി മേഖലകളിൽ വ്യാപകനാശനഷ്ടമുണ്ടായി. അതിശക്തമായ കാറ്റിൽ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നിരുന്ന നാലു തേക്കുമരങ്ങൾ കടപുഴകി വീണു. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരങ്ങൾ വീണത്. അപകടത്തിൽ മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറുമാണ് തകർന്നത്. എൽകെജി വിഭാഗത്തിന്റെ മേൽക്കൂര പൂർണമായും ഇളകിമാറി.
പീച്ചി മലയോര ഹൈവേ വിലങ്ങന്നൂരിൽ റോഡിനുകുറുകെ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. ഒടിഞ്ഞുവീണ കൂറ്റൻ മരച്ചില്ല വൈദ്യുതി കമ്പികളിൽ കുടുങ്ങിക്കിടന്നതിനാൽ വൻദുരന്തം ഒഴിവായി.
കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കുറുവക്കടവിലും കാതിക്കുടത്തും ഇന്നലെ രാവിലെയുണ്ടായ മിന്നൽച്ചുഴലിയിൽ ഒട്ടേറെ മരങ്ങൾ കടപുഴകിവീണു. മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണു. ആളപായമോ മറ്റ് ഗുരുതര അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവത്ര മുട്ടിൽ കെ. അഹമദ് റോഡിലും തെങ്ങുകൾ കടപുഴകിവീണ് വൈദ്യുതികാലുകൾ ഒടിഞ്ഞുവീണു. തോളൂരിൽ ശക്തമായ കാറ്റിലും മഴയിലും രണ്ടു വീടുകളുടെ മുകളിലേക്കു മരംവീണ് വീട് ഭാഗികമായി തകർന്നു. വരാക്കരയിലും മരം കടപുഴകി വീടിനു മുകളില്‍വീണ് വീടിന്റെ ട്രസ് തകര്‍ന്നു. കോണ്‍ക്രീറ്റ് ഗോവണിക്കും കേടുപാടുകള്‍ സംഭവിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ മഴയിൽ വീടും തകർന്നു. മണ്ണാറത്താഴം ചൂളക്കടവിൽ വീട്ടിൽ നൗഷാദ് വാടകയ്ക്കു താമസിക്കുന്ന വീടാണ് തകർന്നത്.
പറപ്പൂക്കര രാപ്പാള്‍ പള്ളത്ത് കുറുമാലിപ്പുഴയുടെ ബണ്ട് ഇടിഞ്ഞു. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലാണ് ബണ്ട് ഇടിഞ്ഞത്. ബണ്ടിനോടൊപ്പം പുഴയോരത്തുനിന്നിരുന്ന രണ്ട് വന്മരങ്ങളും പുഴയിലേക്കു പതിച്ചു. ഗുരുവായൂർ പഞ്ചാരമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരക്കൊമ്പ് ഒടിഞ്ഞുവീണു. ചാലയ്ക്കൽ ജോളി ജോണിന്റെ കാറിനു മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല.
Kerala
കണ്ണൂർ: കനത്ത മഴയിൽ തളാപ് എൽഐസി റോഡിന് സമീപം പഴയ കെട്ടിടത്തിന്റെ ഒരു വശവും മതിലും പൂർണമായും തകർന്നു വീണു. ആളുകൾ സ്ഥിരമായി നടന്നുപോകുന്ന റോഡിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. അപകടസമയത്ത് റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മുമ്പ് എംകെബിടി പമ്പ് പ്രവർത്തിച്ചിരുന്ന, നിലവിൽ ആരും താമസമില്ലാത്ത പഴയ കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്.
റോഡിന് കുറുകെ കടന്നുപോകുന്ന നിരവധി കെട്ടിട കേബിളുകൾക്കും കെഎസ്ഇബി ലൈനുകൾക്കും മുകളിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. എന്നാൽ അപകടത്തിന് മുമ്പ് തന്നെ കെഎസ്ഇബി ഈ ലൈനിലെ പവർ ഓഫ് ചെയ്തിരുന്നതിനാൽ ഷോക്കേൽക്കാനുള്ള സാധ്യത ഒഴിവായി. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി ലൈനുകൾ അറുത്തുമാറ്റി.
തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജെസിബി ഉപയോഗിച്ച് കല്ലും മണ്ണും റോഡിൽ നിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. സിപിഎമ്മിന്റെയുംയും കോൺഗ്രസിന്റെയും ജില്ലാ കമ്മിറ്റി ഓഫീസുകൾക്ക് നടുവിലുള്ള പ്രദേശത്താണ് ഈ പോക്കറ്റ് റോഡ് സ്ഥിതി ചെയ്യുന്നത്.
Kerala
കണ്ണൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂരിൽ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്. പലയിടത്തും നാശനഷ്ടങ്ങളും അപകടസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പയ്യാമ്പലം ബീച്ച് മേഖലയിൽ ശക്തമായ തിരമാലയെ തുടർന്ന് കടൽ കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിച്ചു. തളാപ്പിൽ കെട്ടിടം ഇടിഞ്ഞുവീണു. പഴയ കെട്ടിടത്തിന്റെ മേൽക്കൂരയുൾപ്പെടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല.
കണ്ണൂരിലെ ബല്ലാർഡ് റോഡിലും സമീപത്തെ കടകളിലും വെള്ളം കയറി. ഓടകൾ നിറഞ്ഞുകവിഞ്ഞു. ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്ന സ്ഥിതിയാണുള്ളത്.
Kerala
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. 20 സെൻറീമീറ്റർ വീതം ആകെ 80 സെന്റിമീറ്റർ ആണ് ഷട്ടറുകൾ തുറന്നിട്ടുള്ളത്. ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. മഴ തുടർന്നാൽ ഷട്ടറുകൾ ഇനിയും ഉയർത്തും.
പേപ്പാറ അണക്കെട്ടിൽ നിലവിൽ 103.5 മീറ്റർ ജലനിരപ്പാണ് നിലവിലുള്ളത് മലയോര മേഖലയിൽ മഴ കനത്താൽ ജലനിരപ്പ് 105.5 കൂടുതലായാൽ പേപ്പാറ അണക്കെട്ടിന്റെയും ഷട്ടറുകൾ ഉയർത്തും.
District News
രാമങ്കരി: കാലവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസമായി തോരാതെ പെയ്ത മഴയിൽ കൊയ്ത്തു കഴിഞ്ഞു തരിശിട്ടിരിക്കുന്ന പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു. വെള്ളത്തിന്റെ ഒഴിക്ക് തടസപ്പെട്ടതോടെ ഇത് പൊങ്ങി ഒഴുകി കുട്ടനാട്ടിലെ താഴ്ന്ന പുരയിടങ്ങളും ചെറുറോഡുകളും നടപ്പാതകളും മറ്റും വെള്ളത്തിനടിയിലായിത്തുടങ്ങി. രാമങ്കരി, വെളിയനാട്, നെടുമുടി മുട്ടാർ, തലവടി, തുടങ്ങിയ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ മഴവെള്ളം കെട്ടിനില്‍ക്കുന്നതിന്റെ പ്രശ്നങ്ങളും ഇതോടെ വ്യാപകമായി.
മഴക്കാലത്ത് പന്പാ, മണിമലയാറുകളിലൂടെ കിഴക്ക് നിന്ന് കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലെ ഷട്ടറുകളിലൂടെ കടലിലേക്കും കായലിലേക്കും ഒഴുകി മാറുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കുട്ടനാട്ടിൽ നിരവധിയായിട്ടുള്ള നാട്ടുതോടുകൾ മുഴുവൻ പോളയും മണ്ണും മറ്റും അടിഞ്ഞ് ഒഴുക്ക് തടസപ്പെടുന്നനിലയിൽ തുടരുന്നത് വരും ദിവസങ്ങളിൽ പ്രശ്നം രൂക്ഷമാക്കും.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വെള്ളപ്പൊക്ക മുന്നൊരുക്ക നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പറയുന്നതല്ലാതെ കാര്യമായ യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നതാണ് വാസ്തവം. അതിനാൽ കാലവർഷം ശക്തിപ്പെടുന്ന മുറയ്ക്ക് ഇവിടെ മുൻകാലങ്ങളിൽ അരങ്ങേറാറുള്ള വെള്ളപ്പൊക്ക ദുരിതം ഇക്കുറിയും അതേപടി ആവർത്തിച്ചേക്കുമോ എന്ന ആശങ്കയിലാണ് ഇവിടത്തെ പതിനായിരക്കണക്കിന് വരുന്ന ജനം. പാടശേഖരങ്ങളിൽ നിറയുന്ന വെള്ളം അപ്പോൾ തന്നെ പന്പ് ചെയ്ത് പുറത്ത് കളയാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് നാട്ടുകാർ ഇതിനു മുന്‍പു പല തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്.
അന്നൊന്നും കാര്യമായൊരു നടപടി സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ഇക്കുറിയും സ്ഥിതി ഏറെക്കുറെ അങ്ങനെ തന്നെയാണ്. ഇതിനൊരു മാറ്റം വരുത്തുവാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അല്ലാത്ത പക്ഷം കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലുള്ള ടാറിട്ടതും ടാറിടാത്തതുമായ റോഡുകൾ തകർന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുമെന്നു മാത്രമല്ല ജനം ഇരട്ടി ദുരിതത്തിലാകുകയും ചെയ്യും.
Kerala
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്.
കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കൊങ്കൺ തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന കർശന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാസർഗോഡ് കുമ്പളയിൽ കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ജില്ലകളിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ഞായറാഴ്ച തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
കനത്ത മഴയിൽ പട്ടം ഗവ.ഗേൾസ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ മതിൽ ഇടിഞ്ഞു വീണു.സ്കൂളിന് പിൻവശത്തെ ക്ലാസ് മുറികളോടു ചേർന്ന മതിലാണ് തകർന്നത്. സമീപത്തുള്ള മതിലും അപകടാവസ്ഥയിലാണ്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയർന്നു. തൃക്കൊടിത്താനത്ത് വീടിൻറെ മുകളിലേക്ക് മരം കടപുഴകി വീണു. ആർക്കും പരുക്കില്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ശനിയാഴ്ച മൂന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് നല്കിയ അതിതീവ്ര മഴ മുന്നറിയിപ്പാണ് മാറ്റിയത്. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച ഏഴ് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടാണ്. ഇന്നത്തെ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റെഡ് അലര്‍ട്ട് തുടരുന്നു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മുതൽ ഒമ്പത് വരെ കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Kerala
കൊച്ചി: കനത്ത മഴയില്‍ തകര്‍ന്നു വീണ മൂവാറ്റുപുഴ തൃക്കളത്തൂര്‍ സൊസൈറ്റിപടി ഗവണ്മെന്റ് എല്‍പിജി സ്കൂളിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കനത്ത മഴയില്‍ സ്കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്ന് സമീപത്തെ എന്‍എസ്എസ് സ്കൂള്‍ ഗ്രൗണ്ടിലേക്ക് പതിച്ചത്.
ചുറ്റുമതില്‍ തകര്‍ന്നതു കാരണം സ്കൂളിലെ പാചകപ്പുര അടക്കം അപകട ഭീഷണി നേരിടുകയാണ്. മതിലിടിഞ്ഞ് വീണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികള്‍ ആരും ഈ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ഉടന്‍ ചുറ്റുമതില്‍ നിര്‍മ്മിക്കണമെന്നാണ് സ്കൂള്‍ അധികൃതരുടെ ആവശ്യം.
Kerala
കൊച്ചി: എറണാകുളത്ത് രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട്. ഇടപ്പള്ളി-വൈറ്റില ദേശീയപാതയിലെ വെണ്ണല ഭാഗത്തെ സര്‍വീസ് റോഡ് വെള്ളത്തിനടിയിലായി. റോഡും ഓടയും തിരിച്ചറിയാന്‍ സാധിക്കാത്ത വിധമാണ്. ഓടകള്‍ ക്ലീന്‍ ചെയ്യാത്തതും വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതുമാണ് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണമായിരിക്കുന്നത്.
പാലാരിവട്ടത്തും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ വെള്ളവും ഈ പ്രദേശത്ത് ഇന്ന് എത്തുന്നുണ്ട്. കൊച്ചി മെട്രോയുടെ പണി നടക്കുന്നതിനാല്‍ വന്‍ ഗതാഗത കുരുക്കും ഈ പ്രദേശത്തുണ്ട്. മഴ തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ പാലാരിവട്ടത്ത് ബ്ലോക്ക് തുടരുകയാണ്.
കാക്കനാട് നിന്നും ആലുവ ഭാഗത്തു നിന്നും എത്തുന്ന ബസുകളും മറ്റ് വാഹനങ്ങളും കടന്നു പോകുന്ന വഴി ആയതിനാല്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ വലയുകയാണ് കൊച്ചിയിലെ ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ 20 ഓളം വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു.
വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ കൊച്ചി കോര്‍പ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, എറണാകുളത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ മലയോര മേഖകളില്‍ മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.
Kerala
തൃശൂർ: മണലൂരിൽ വീടിനുമുകളിൽ മരം വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു(27) ആണ് മരിച്ചത്.
പോലീസും ഫയർഫോഴ്സുമെത്തി മരം മുറിച്ചു മാറ്റിയാണ് ഇയാളെ പുറത്തെടുത്തത്. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ ആറോടെയാണ് സംഭവം. വിഷ്ണു താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ വിഷ്ണു ഈ വീട്ടിൽ തന്നെ തുടരുകയായിരുന്നു.
Kerala
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളും അടച്ചിടും. റെഡ് അലർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിലങ്ങാട് മേഖലയില്‍ നിന്ന് ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കളക്ടർ ഉത്തരവിട്ടു.
ശനിയാഴ്ച വടക്കൻ കേരളത്തിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലാണ് അവധി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
Kerala
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (06/06/26) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ആണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ , ഐസിഎസ്ഇ, സിബിഎസ്ഇ.സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
പേരൂർക്കട: ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം നഗരത്തിൽ വ്യാപകമായി മരം വീണു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിക്കും ഏഴുമണിക്കും ഇടയിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായത്. തിരുവനന്തപുരം നിലയത്തിൽ നിന്ന് ഫയർഫോഴ്സ് എത്തി മര ശിഖരങ്ങൾ മുറിച്ചു നീക്കി. വട്ടിയൂർക്കാവ് കരിമൺകുളത്തിന് സമീപം കൂറ്റൻ തണൽമരം വീണ് ഗതാഗതം തടസപ്പെട്ടു.
പാളയത്ത് തണൽ മരം നിലംപൊത്തി. മങ്കാട്ട് കടവിന് സമീപം ജില്ലാ ജഡ്ജ് അനിൽകുമാറിന്റെ വീട്ടുപരിസത്തു നിന്ന കൂറ്റൻ മരം ഇലക്ട്രിക് ലൈനിലൂടെ വീണു. കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു.
മണ്ണന്തല ഭാഗത്ത് ഒരു ആരാധനാലയത്തിന്റെ ബസ് റോഡ് വശത്തെ കുഴിയിൽ പതിച്ചു. ഫയർഫോഴ്സ് സംഘം എത്തിയാണ് ചെളിയിൽ പുതഞ്ഞു പോയ ബസ് കരയിലേക്ക് ഉയർത്തി മാറ്റിയത്.
Kerala
കൊച്ചി: എറണാകുളത്ത് കനത്ത മഴയില്‍ തൃപ്പൂണിത്തുറയിലെ വീടുകളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയിലെ ഇടംപാടം പാണ്ടിപ്പറമ്പ് റോഡിലെ 22 ഓളം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. രാത്രിയില്‍ തന്നെ വീടുകളില്‍ വെള്ളം കയറുകയായിരുന്നു.
വെള്ളം ഒഴുകി പോകേണ്ട പൈപ്പ് ഒരു സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് ആക്ഷേപം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മുമ്പ് പൈപ്പിട്ട് പരിഹരിച്ച വെള്ളക്കെട്ട് സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, തൃപ്പൂണിത്തുറ നഗരത്തിലെ റോഡുകളും വെള്ളത്തിനടിയിലായിട്ടുണ്ട്. കനത്ത ഗതാഗത കുരുക്കും ഈ ഭാഗത്ത് ഉണ്ടാവുന്നുണ്ട്. എറണാകുളത്ത് ഇന്നലെ മുതല്‍ ആരംഭിച്ച കനത്ത മഴ ഇതുവരെ തോര്‍ന്നിട്ടില്ല. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കാലവർഷം എത്തി സംസ്ഥാനത്ത് മഴ ശക്തമായതോടെ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരളതീരം തൊട്ടത്. ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. എല്ലാ ജില്ലകളിലും നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പുണ്ട്.
നാളെ 11 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കാത്തിരുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയായി ജൂൺ ഒന്നിന് ആരംഭിക്കാറുള്ള കാലവർഷം, ഇത്തവണ മൂന്ന് ദിവസം വൈകി ജൂൺ നാലിനാണ് കേരളത്തിൽ സജീവമായത്. കേരളം, മാഹി, ലക്ഷദ്വീപ് മേഖലകളിലും അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം പൂർണമായി വ്യാപിച്ചിട്ടുണ്ട്.
കാലവർഷം എത്തിയതോടെ സംസ്ഥാനത്തുടനീളം പരക്കെ മഴ ശക്തമായി. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
മഴയുടെ തീവ്രത വരും ദിവസങ്ങളിൽ കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മറ്റന്നാൾ (ജൂൺ 6) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര തീരദേശ മേഖലകളിൽ ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
District News
വടക്കാഞ്ചേരി: കഴിഞ്ഞദിവസം പുലർച്ചെപെയ്ത ശക്തമായ മഴയിൽ കാഞ്ഞിരക്കോട് തോട്ടുപാലത്ത് വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും ഗ്യാസ് സിലിൻഡറും മോട്ടറുകളും കിണറ്റിലേക്കുവീണു. ഇന്നലെ രാവിലെ ആറുമണിയോടുകൂടിയായിരുന്നു സംഭവം നടന്നത്. കാഞ്ഞിരക്കോട് തോട്ടുപാലം സിത്താരവീട്ടിൽ സേതുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
വീടിനോടുചേർന്നുള്ള കിണർ ഇടിഞ്ഞതോടെ വീടിന്റെ തറയോടുചേർന്ന് നിൽക്കുന്ന ഭിത്തിയും മഴയിൽ ഇടിയുമോയെന്ന ആശങ്കയിലാണ് സേതുവിന്റെ കുടുംബം. സമീപത്തെ വടക്കൻവീട്ടിൽ ഷീനയുടെ വീട്ടുമതിലും ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. രണ്ട് വീട്ടുകരും ഉപയോഗിക്കുന്ന കിണറാണ് പ്രതിസന്ധിയിലായത്.
സംഭവസമയത്ത് വീടിനുള്ളിൽ സേതുവിന്റെ ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. സേതുവിന്റെ വീടിന്റെ ഷീറ്റുമേഞ്ഞ ഭാഗവും ചെരിഞ്ഞിട്ടുണ്ട്. സംഭവം വില്ലേജ് - പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിട്ടുള്ളത്. അതോസമയം തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അതേസമയം, കേരളതീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്. വെള്ളിയാഴ്ച വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളത്തിൽ കാലവർഷം എത്തുന്നതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കാനാണ് സാധ്യത.
തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: നേമത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ മണ്ണിടിച്ചിൽ. റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. ട്രാക്കിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുകയാണ്.
അതേസമയം തിരുവനന്തപുരം നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അര മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്പിലെ റോഡ് വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി. ദുര്‍ഗന്ധം മൂലം നില്ക്കാന് പറ്റാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത്.
Kerala
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അരുവിക്കര ഡാമിന്റെ മൂന്ന്, നാല് നമ്പർ ഷട്ടറുകൾ 15 സെന്റിമീറ്റർ കൂടി ഉയർത്തും. കഴിഞ്ഞ ദിവസം 50 സെന്റി മീറ്റർ ഷട്ടർ ഉയർത്തിയിരുന്നു.
ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
അതിശക്തമായ മഴ പെയ്ത തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. അഞ്ചുദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലേക്ക് എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവർഷം കേരള തീരത്ത് എത്തുന്നതിനുള്ള അന്തരീക്ഷ സാഹചര്യങ്ങൾ നിലവിൽ അനുകൂലമാണ്.
കാലവർഷത്തിന്റെ മുന്നോടിയായുള്ള മഴ വരും ദിവസങ്ങളിലും സംസ്ഥാനത്ത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അറബിക്കടലിനു മുകളിലും ബംഗാൾ ഉൾക്കടലിനും മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് ദിവസങ്ങളായി സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നത്. വരും ദിവസങ്ങളിലും ഇത് തുടരും.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവരും മലയോരമേഖലയിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.
Health
മഴക്കാലം പടിവാതിൽക്കൽ എത്തിനിൽക്കെ, പകർച്ച വ്യാധികൾക്കെതിരേ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിൽ കാലവർഷം എത്തുന്നതോടെ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യമാണുള്ളത്.
വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാൻ നാം സുസജ്ജരാകേണ്ടതുണ്ട്. കേരളത്തിലെ കാലാവസ്ഥയും ജനസാന്ദ്രതയും കൊതുകുജന്യ രോഗങ്ങൾ പടരാൻ അനുകൂലമായതിനാൽ ബോധവത്കരണവും പ്രതിരോധവും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.
കാലവർഷത്തിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് നാം ഓരോരുത്തരും വ്യക്തിപരമായും സാമൂഹികമായും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ലക്ഷണങ്ങളും രോഗനിർണയവും
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കണ്ണിനു പുറകിലെ വേദന, സന്ധികളിലും പേശികളിലും ഉണ്ടാകുന്ന അസഹനീയമായ വേദന, ചർമത്തിലെ ചുവന്ന തടിപ്പുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ കണ്ടാലുടൻ രക്തപരിശോധനയിലൂടെ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. ആദ്യഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുന്നത് "ഡെങ്കി ഹെമറാജിക് ഫീവർ' പോലുള്ള സങ്കീർണാവസ്ഥകളിലേക്ക് രോഗി എത്താതിരിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. രഞ്ജി ജോസ്
സീനിയർ കൺസൾട്ടന്റ് - ഇന്റേണൽ മെഡിസിൻ, ആസ്റ്റർ മെഡ്സിറ്റി
Kerala
ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നു പോയത്.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് ചെങ്ങന്നൂരിന്റെ ഭാഗങ്ങളിൽ ഉണ്ടായത്. വീട്ടുമുറ്റത്ത് നിന്ന് ശനിയാഴ്ച രാവിലെ വലിയൊരു ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കിയത്. ഇന്റർ ലോക്കിട്ട വീട്ടുമുറ്റത്തെ കിണർ വീട്ടുകാരുടെ കണ്മുന്നിൽ ഇടിഞ്ഞു താഴുകയായിരുന്നു.
അതിനിടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നു മണിക്കൂറിൽ നാല് ജില്ലകളിൽ മഴ ശക്തമാകും.
കൊല്ലം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ മഴ കനക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദിവസങ്ങളായി ശക്തമായ മഴയാണ് പെയ്യുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ചില മേഖലകളില്‍ ഇന്ന് തീവ്ര മഴ പെയ്തതായും വരും ദിവസങ്ങളിലും ശക്തമായ മഴ സംസ്ഥാനത്തുടനീളം തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ എഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
ദിവസങ്ങളായി മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഈ ജില്ലകളിലെ മലയോര മേഖലകളിലടക്കം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും അടുത്ത 24 മണിക്കൂര്‍ കൂടി മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴയും മിന്നലും. ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. താമരശേരിയിലും നാലു പേർക്ക് മിന്നലേറ്റു.
പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം 26ഓടെ സംസ്ഥാനത്ത് പെയ്തുതുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമായി തുടർന്നാൽ 22നു തന്നെ കാലവർഷം പെയ്തു തുടങ്ങാനും സാധ്യതയുണ്ട്.
സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ നാല് ദിവസം കൂടി വൈകി 30-ാം തീയതി തന്നെ കാലവർഷം വരവറിയിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ തെക്കുകിഴക്കൻ അറബിക്കടലിലും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ ദ്വീപസമൂഹങ്ങളിലും കാലവർഷം പെയ്തു തുടങ്ങാനുള്ള സാഹചര്യങ്ങൾ അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി സംസ്ഥാനത്തിന്റെ പല മേഖലകളിലും കാലവർഷത്തിനു സമാനമായ രീതിയിൽ മഴ പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും ഇതുതുടരും. അടുത്ത 48 മണിക്കൂറിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ വിജയപുരയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വിജയപുര സ്വദേശികളായ ഗുരുനാഥ് ബാഡിഗർ(35), ഭാര്യ ജ്യോതി ബാഡിഗർ(28), മക്കളായ കലമ്മ, കീർത്തി എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്നാണ് വീടിന്റെ മേൽക്കൂര തകർന്നത്. കുടുംബാംഗങ്ങളെല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം നടന്നത്. നാല് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
സംഭവം നടന്നയുടൻ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
International
കൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയെ തുടർന്ന് രണ്ട് പേർ മരിച്ചു. ബട്ടിക്കലോവ, ജാഫ്ന എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. അഞ്ച് ദിവസമായി തുടരുന്ന മഴയിൽ രാജ്യത്തെ എട്ട് ജില്ലകളെയാണ് ബാധിച്ചത്.
29 കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 88 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
ചിലയിടങ്ങളിൽ 150 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ കനത്ത മഴയിലും അതിശക്തമായ കാറ്റിലും ഇടിമിന്നലേറ്റും 111 പേർ മരിച്ചു. 72 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. വീടിന്റെ മേൽകൂരകൾ പറന്നുപോവുകയും റോഡുകൾ തകരുകയും ചെയ്തു. മേയ് 13 ന് 89 പേർ കൊല്ലപ്പെടുകയും 72 പേർക്ക് പരിക്കേൽക്കുകയും 200 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് റിലീഫ് കമ്മീഷണറുടെ ഓഫീസ് ആദ്യം അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മരണസംഖ്യ വീണ്ടും ഉയരുകയായിരുന്നു.
ഏകദേശം 12 ജില്ലകളിലാണ് മരണങ്ങൾ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പ്രയാഗ്രാജിന് ചുറ്റുമുള്ള പ്രദേശത്താണ്. ദുരന്തബാധിതരെ സഹായിക്കാനും 24 മണിക്കൂറിനുള്ളിൽ ഇവർക്ക് സാമ്പത്തിക സഹായം കൈമാറാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.
മൺസൂൺ മഴ എത്തുന്നതിന് മുമ്പുള്ള മാർച്ച് മുതൽ ജൂൺ വരെയുള്ള ഉഷ്ണകാലത്ത് വടക്കൻ സംസ്ഥാനത്ത് കൊടുങ്കാറ്റുകൾ സാധാരണമാണ്.
District News
കാറ്റിൽ മലേശമംഗലത്ത്
വ്യാപകനാശം
തിരുവില്വാമല: ഇന്നലെ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മലേശമംഗലം ഭാഗത്ത് വ്യാപക നാശഷ്ടം. മലേശമംഗലം തോട്ടത്തിൽ സെയ്തുമുഹമ്മദിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു.
മലേശമംഗലം എച്ച്എൽപി സ്കൂളിനു സമീപവും മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ പൊട്ടിവീണും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പനാരിയിൽ രാജന്റെ ശുചിമുറിയുടെ ഷീറ്റ് മേഞ്ഞ ഭാഗം കാറ്റിൽപറന്നു പോയി.
മേഖലയിൽ വൈദ്യുതി വിതരണവും തകരാറിലാണ്. മലേശമംഗലം പോസ്റ്റ് ഓഫീസിന് സമീപവും അംബേദ്കർ ഗ്രാമത്തിലും മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സുലൈമാൻ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് കമ്പനിയുടെ ഷെഡ് ഭാഗികമായി തകർന്നു. ക്രഷർ യൂണിറ്റിനും നാശം സംഭവിച്ചിട്ടുണ്ട്.
ചാവക്കാട് കടകളിൽ വെള്ളംകയറി
ചാവക്കാട്: ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ ചാവക്കാട്ടെ പലയിടത്തും കടകളിൽ വെള്ളം കയറി.
ദേശീയപാത 66 ന്റെ സർവീസ് റോഡ് വെള്ളക്കെട്ടിൽ മുങ്ങിയതോടെ കനാലിന് സമാന്തരമായി ചെറുതും വലുതുമായ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
കാറ്റിൽ പലയിടത്തും ഫലവൃക്ഷങ്ങൾ നിലംപതിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ്, സെന്റർ, മണത്തല, മുല്ലത്തറ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. കാനകൾ ശുചീകരിക്കാത്തതും ദേശീയപാത സർവീസ് റോഡിലെ കാനകൾ അടഞ്ഞതുമാണ് വെളളം കയറാൻ കാരണമായത്.