ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴയെത്തുടർന്ന് എസ്.എസ്. കോവിൽ റോഡിൽ വെള്ളം കയറിയപ്പോൾ.
തിരുവനന്തപുരം: ഒന്നരമണിക്കൂറോളം നേരം പെയ്തിറങ്ങിയ അതിശക്തമായ മഴ തലസ്ഥാന നഗരത്തെ വെള്ളത്തിലാക്കി. തന്പാനൂർ പൂർണമായും വെള്ളത്തിനടിയിലായതോടെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ രണ്ടു മണിക്കൂറോളം കുടുങ്ങി. എസ്.എസ്. കോവിൽ റോഡ് മുതൽ കൈരളിശ്രീ തിയറ്ററിനു മുന്നിൽ വരെയുള്ള ഭാഗങ്ങളിലാണു രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. റെയിൽവേ സ്റ്റേഷൻ പരിസരവും തന്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിനു മുന്നിലുള്ള റോഡും വെള്ളത്തിൽ മുങ്ങി. കാൽനടയാത്രക്കാരും ഇരുചക്ര വാഹനത്തിൽ യാത്രചെയ് തവരും വെള്ളക്കെട്ടിൽ കുടുങ്ങി.
മുട്ടിന് മുകളിൽ വെള്ളം;യാത്രക്കാർ കുടുങ്ങി
പൊന്നറ ശ്രീധരൻ പാർക്കിനു സമീപം മുതൽ അരിസ്റ്റോ ജംഗ്ഷനു സമീപം വരെ റോഡിൽ മുട്ടിനു മുകളിലേക്കാണ് വെള്ളം ഉയർന്നത്. ഇതോടെ മോഡൽ സ്കൂൾ മുതൽ തന്പാനൂർ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ രണ്ടു മണിക്കൂറോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇതോടെ ഈ മേഖലയിൽ യാത്രക്കാർ കുടുങ്ങി. വെള്ളക്കെട്ടിൽ ഇരുചക്രവാഹന യാത്രക്കാർ വീഴുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. നിരവധി ഇരുചക്രവാഹനങ്ങൾ വെള്ളത്തിനടിയിലുമായി.
ഓടകളിൽ മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ചതും ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായി.മഴ ശമിച്ചു കഴിഞ്ഞും നഗരത്തിലെ വെള്ളക്കെട്ടിനു കുറവുണ്ടായില്ല. കോർപറേഷൻ ജീവനക്കാർ ഓടകളിലെ മാലിന്യം നീക്കം ചെയ്തിട്ടും വെള്ളം ഒഴുകിപ്പോകാൻ പിന്നെയും ഏറേനേരമെടുത്തു. പൊലിസുകാർ ലാത്തിയും കന്പും ഉപയോഗിച്ച് ഓടകളിലെ മാലിന്യം നീക്കം ചെയ്യുന്ന കാഴ്ച്ചയും കാണാമായിരുന്നു. ഏറെ നേരത്തിനുശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണു വെള്ളം ഇറങ്ങിത്തുടങ്ങിയത്. വെള്ളക്കെട്ട് രൂക്ഷമായിട്ടും രക്ഷാപ്രവർത്തനവും ഗതാഗത നിയന്ത്രണവും വൈകിയെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.
പഴവങ്ങാടി മുതൽ കരമന വരെ വെള്ളക്കെട്ട്
തന്പാനൂരിനു പുറമേ പഴവങ്ങാടി, മണക്കാട്, എസ്.എസ്. കോവിൽ റോഡ്, പൂജപ്പുര, കരമന തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. പ്രധാന റോഡുകൾക്കു പുറമേ ഇടറോഡുകളിലും വെള്ളം കയറിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. പാളയത്ത് മരം ഒടിഞ്ഞുവീണു. വർഷങ്ങൾക്കുശേഷം തലസ്ഥാന നഗരം നേരിട്ട അതിരൂക്ഷമായ വെള്ളക്കെട്ട് നഗരത്തിലെ മഴക്കാല മുന്നൊരുക്കങ്ങളെയും ഓടകളുടെ ശുചീകരണത്തെയും വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇതുകൂടാ തെ കനത്തമഴയിൽ ജനറൽ ആശുപത്രി യിലും വെള്ളംകയറി. ഒപി വിഭാഗം, ഇടനാഴികൾ, വെയ്റ്റിംഗ് ഏരിയ എന്നിവിടങ്ങളിലാണു വെള്ളംകയറിയത്.
കോർപറേഷന്റെ അവകാശവാദം പൊളിഞ്ഞു
തലസ്ഥാനത്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്നില്ലെന്ന മേയർ വി.വി. രാജേഷിന്റെ കഴിഞ്ഞദിവസത്തെ അവകാശവാദത്തിനു പിന്നാലെയാണ് നഗരത്തിൽ അതിരൂമായ വെള്ളക്കെട്ട് ഉണ്ടായത്. കൗണ്സിൽ യോഗത്തിലാണ് നഗരത്തിൽ വെള്ളക്കെട്ടില്ലെന്നു മേയർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇന്നലെ പെയ്തിറങ്ങിയ അതിശക്തമായ മഴയിൽ അടുത്തകാലത്തൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള വെള്ളക്കെട്ടാണ് തന്പാനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ ഉണ്ടായത്.
പ്രതിഷേധവുമായി ഇടതുപക്ഷം
അധികാരികളുടെ നിഷേധാത്മകമായ നിലപാടാണ് വെള്ളക്കെട്ടിനു കാരണമെന്നാരോപിച്ച് സിപിഎം നേതാക്കളായ മുൻ മന്ത്രി വി. ശിവൻകുട്ടിയുടേയും മുൻ എംഎൽഎ വി.കെ. പ്രശാന്തിന്റെയും നേതൃത്വത്തിൽ തന്പാനൂർ പൊലിസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
Tags : people in distress rain NattuVishesham DistrictNews