ജയ്റാം രമേശ്
ന്യൂഡൽഹി: പണപ്പെരുപ്പം, തൊഴിലില്ലായ്മ, വരുമാനക്കുറവ് എന്നിവയ്ക്കെതിരേയുള്ള ഗ്രാമീണ ഇന്ത്യയുടെ രോഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു തിരിച്ചടിയാകുമെന്നു കോൺഗ്രസ്.
വിലക്കയറ്റത്തിനെതിരേയുള്ള ജനങ്ങളുടെ അസംതൃപ്തി രാജസ്ഥാനിലെ സമീപകാല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പ്രകടമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ പറഞ്ഞു.
ഇന്ത്യയിലെ ഗ്രാമങ്ങളിൽ പണപ്പെരുപ്പം കൂടുതൽ കടുത്ത ആഘാതമാണ് ഏൽപിക്കുന്നത്. ഗ്രാമങ്ങളിലെ ജനങ്ങളുടെ വാങ്ങൽശേഷി നഗരങ്ങളിലേതിനേക്കാൾ പിന്നിലാണ്. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ മുതൽ പാചകവാതകം, കുട്ടികളുടെ വിദ്യാഭ്യാസം, മരുന്നുകൾ, ഗതാഗതം എന്നിങ്ങനെ ഓരോ അവശ്യവസ്തുവിന്റെയും ചെലവ് വർധിക്കുന്നു. ഇതെങ്ങനെ ഒരു കർഷകന്റെയോ കർഷകത്തൊഴിലാളിയുടെയോ കുടുംബത്തിന് താങ്ങാൻ കഴിയുമെന്ന് ജയ്റാം രമേശ് ചോദിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ മോദി സർക്കാർ തകർത്തുകളഞ്ഞു. ഗ്രാമീണ ദരിദ്രരുടെ തൊഴിൽ സുരക്ഷയെക്കുറിച്ച് മോദി സർക്കാർ പുതിയ ആശങ്കകൾ സൃഷ്ടിച്ചെന്നും ജയ്റാം പറഞ്ഞു.
വരുമാനം ഒരേ നിലയിൽ തുടരുന്നു. ചെലവുകൾ വർഷം തോറും കുതിച്ചുയരുകയും. ഇതാണ് മോദി സർക്കാർ നൽകുന്ന "വിലക്കയറ്റ ശിക്ഷ'യെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
Tags : BJP suffers Congress setback Rural India Anger Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash National Politics