ന്യൂഡല്ഹി: ഡല്ഹിയില് ഇന്നലെയും വിദ്യാര്ഥി യുവജന, വനിതാ പ്രതിഷേധമിരമ്പി. എസ്ഐആര് പ്രതിഷേധത്തിനിടെ ലൈംഗികാതിക്രമം നടന്നെന്ന് ആരോപിച്ച് ഡല്ഹി പൊലിസ് ആസ്ഥാനത്തേക്ക് വനിതാ സംഘടനകളുടെ പ്രതിഷേധ മാര്ച്ചായിരുന്നു തുടക്കം.
ഓള് ഇന്ത്യ ഡെമോക്രാറ്റിക്ക് വിമന്സ് അസോസിയേഷന്, നാഷണല് ഫെഡറേഷന് ഓഫ് ഇന്ത്യ വ്യുമന്, ഓള് ഇന്ത്യ പ്രോഗ്രസീവ് വിമന്സ് അസോസിയേഷന്, ഓള് ഇന്ത്യ മഹിള സംസ്കൃതിക് അസോസിയേഷന് തുടങ്ങിയ സംഘടനകളാണ് മാര്ച്ച് നടത്തിയത്.
ഇടത് വനിതാ സംഘടനകള്ക്കു പിന്നാലെ റെവല്യൂഷനറി വര്ക്കേഴ്സ് പാര്ട്ടി ഓഫ് ഇന്ത്യ, ക്രാന്തികാരി യുവ സംഘടന് എന്നീ ഇടത് സംഘടനകള് ജന്തര് മന്തര് പ്രതിഷേധങ്ങള്ക്കുള്ള ഇടമായി തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ മാര്ച്ച് റെയ്സാന റോഡില്വച്ച് തടഞ്ഞ് പ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തു.
ഇന്ത്യ സഖ്യം പ്രതിഷേധമാര്ച്ചിന് ഡല്ഹി പൊലിസ് അനുമതി
നവംബര് ഒന്നിന് ദേശീയ തലസ്ഥാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന മാര്ച്ചിന് ഡല്ഹി പൊലിസ് അനുമതി നല്കി. രാംലീല മൈതാനിയില് മാര്ച്ച് നടത്താനാണ് അനുമതി.
നവംബര് ഒന്നിന് മഹാറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 24ന് മുമ്പ് ഡല്ഹിയിലെത്താന് എംപിമാര്ക്കു നിര്ദേശം നല്കിയിട്ടുണ്ട്. അതിനുമുമ്പ് ഇന്ത്യ സഖ്യം അനൗപചാരിക യോഗം ചേരും. ഒരോ പാര്ട്ടിയും സ്വാധീനമുള്ള സംസ്ഥാനങ്ങളില്നിന്ന് ആളുകളെ ഡല്ഹിയില് എത്തിക്കും.