പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലുകൾ വീണ്ടും അവതരിപ്പിക്കാനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുമെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കേന്ദ്രസർക്കാർ. അടുത്ത തിങ്കളാഴ്ച ലോക്സഭയും ഡിസംബർ രണ്ടിനു രാജ്യസഭയും ചേരും. ഡിസംബർ മൂന്നിന് ഇരുസഭകളും പിരിയുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
ഓഗസ്റ്റ് 13ന് പിരിഞ്ഞ പാർലമെന്റിന്റെ വർഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ 105 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും സമ്മേള്ളിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സമയക്രമമനുസരിച്ച് ലോക്സഭയ്ക്ക് നാലും രാജ്യസഭയ്ക്ക് രണ്ടും സിറ്റിംഗുകളാണുണ്ടാകുക.
വർഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ ഈമാസം 30ന് വീണ്ടും ചേരുന്നതോടെ രണ്ടു സമ്മേളനങ്ങൾക്കിടയിലെ ഇടവേള 108 ദിവസമാകും.
2008ൽ രേഖപ്പെടുത്തിയ 87 ദിവസത്തെ ഇടവേളയുടെ റിക്കാർഡും ഇതോടെ മറികടക്കും. സഭ ഔദ്യോഗികമായി പിരിച്ചുവിടാത്തതിനാൽ ഒരാഴ്ചയിൽ താഴെ നോട്ടീസ് നൽകി വീണ്ടും സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാരിനു കഴിയുമെന്നിരിക്കെയാണ് ഈ നടപടി.
പ്രത്യേക സമ്മേളനം വിളിച്ച സാഹചര്യത്തിൽ സാധാരണയായി ഈ സമയത്തു ചേരേണ്ട ശൈത്യകാല സമ്മേളനം ഒഴിവാക്കാനും സർക്കാരിനു സാധിക്കും.
പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബില്ലുകൾ വീണ്ടും പരിഗണിക്കുക ലക്ഷ്യം?
പ്രത്യേക സമ്മേളനത്തിന്റെ അജൻഡ കേന്ദ്രസർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏപ്രിൽ 17ലെ സമ്മേളനത്തിൽ പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബില്ലുകൾ വീണ്ടും പരിഗണിക്കുകയാണു ലക്ഷ്യമെന്നാണ് സൂചന.
ലോക്സഭയിലെ അംഗസംഖ്യ നിലവിലെ 543ൽനിന്നു പരമാവധി 850 ആയി ഉയർത്താനാണു ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലുകളിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. ഇതിന്റെ മൂന്നിലൊന്നായ ഏകദേശം 283 സീറ്റുകൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ സ്ത്രീകൾക്കായി സംവരണം ചെയ്യാനും വ്യവസ്ഥയുണ്ട്.
2027ലെ സെൻസസ് പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ 2011ലെ സെൻസസിന്റെയോ സർക്കാർ തെരഞ്ഞെടുക്കുന്ന മറ്റേതെങ്കിലും സെൻസസിന്റെയോ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകൾ പുനർനിർണയിക്കാനാണു ബില്ലിലെ വ്യവസ്ഥ.
സീറ്റുകൾ വർധിപ്പിക്കുമ്പോൾ സംസ്ഥാനങ്ങളിലെ സന്തുലിതാവസ്ഥ നിലനിർത്താൻ എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ 50 ശതമാനം വർധന വരുത്തുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ കഴിഞ്ഞ തവണ അവതരിപ്പിച്ച ബില്ലിൽ ഈ ഉറപ്പ് ഉൾപ്പെടുത്തിയിരുന്നില്ല. വാക്കാലുള്ള ഉറപ്പ് മാത്രമാണു നൽകിയത്. ഇത്തവണ 50 ശതമാനം സീറ്റ് വർധന ബില്ലിൽത്തന്നെ ഉൾപ്പെടുത്തിയാൽ പിന്തുണയ്ക്കാമെന്ന സൂചന പ്രതിപക്ഷത്തെ ചില പാർട്ടികൾ നൽകിയിട്ടുണ്ട്.
Tags : special Parliament session Centre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash