നെന്മാറ: തെങ്ങമ്പാടം മാക്കുട്ടി റാവുത്തറിനെ (77) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായതായി മകൾ ബിപാത്തുമ്മ ആരോപിച്ചു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ 16ന് മാക്കുട്ടി റാവുത്തർ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.
പ്രാഥമിക പരിശോധനയ്ക്കുശേഷം ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തു. അവിടെ പരിശോധനയ്ക്കുശേഷം കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു. ഇദ്ദേഹം ഒറ്റയ്ക്കാണ് ആശുപത്രിയിലേക്കു പോയത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്കു പോയ വിവരം കുടുംബാംഗങ്ങൾ അറിഞ്ഞിരുന്നില്ല.
ചികിത്സയ്ക്കിടെ 19 മുതൽ മാക്കുട്ടി റാവുത്തറെ വാർഡിൽനിന്നു കാണാതായിരുന്നുവെന്നാണു കുടുംബത്തിന്റെ ആരോപണം. രോഗിയെ കാണാതായ വിവരം ആശുപത്രി ജീവനക്കാർ പൊലിസിനെയോ ബന്ധുക്കളെയോ അറിയിച്ചില്ലെന്നാണ് മകൾ ബിപാത്തുമ്മ പറയുന്നത്. തുടർന്ന് 21നാണ് വാർഡിനു സമീപത്തെ ശുചിമുറിയിൽ മാക്കുട്ടി റാവുത്തറെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയശേഷമാണ് നെന്മാറയിലുള്ള തന്നെ ആശുപത്രിയിൽനിന്ന് വിവരം അറിയിച്ചതെന്നും ബിപാത്തുമ്മ പറഞ്ഞു. സംഭവത്തിൽ വ്യക്തത വരുത്തണമെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പരേതയായ ജമീലയാണ് മാക്കുട്ടി റാവുത്തറുടെ ഭാര്യ.
Tags : Death Hospital Restroom Daughter Alleges Lapse by Authorities Mystery Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash