തിരുവനന്തപുരം: മെഡിക്കൽ ഷോപ്പുകളുടെ പ്രവർത്തനം തടസപ്പെടുത്തി പോലീസും എക്സൈസും നടത്തുന്ന പരിശോധനകളിൽ പ്രതിഷേധം രേഖപ്പെടുത്തി കേരളത്തിലെ ഔഷധ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ). പരിശോധനകളുടെ പേരിൽ വ്യാപാരികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും നിയമാനുസൃതമായി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകൾക്ക് അപകീർത്തിക്കിടയാക്കുന്ന ഇത്തരം പരിശോധനകൾ അവസാനിപ്പിക്കണമെന്നും എകെസിഡിഎ പ്രസിഡന്റ് എ.എൻ. മോഹനൻ, ജനറൽ സെക്രട്ടറി ആന്റണി തര്യൻ എന്നിവർ ആവശ്യപ്പെട്ടു.
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് നർക്കോട്ടിക്സ് വിംഗും എക്സൈസും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മെഡിക്കൽ ഷോപ്പുകളിൽ വ്യാപാരം തടസപ്പെടുത്തി പരിശോധന നടത്തിയത്. മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പരിശോധനകളെ സംഘടന എതിർക്കുന്നില്ല. എന്നാൽ പരിശോധനകൾ നിയമാനുസൃതമായും സുതാര്യമായും വ്യാപാരികൾക്ക് അനാവശ്യ ബുദ്ധിമുട്ടുകളുണ്ടാകാത്ത രീതിയിലുമായിരിക്കണം.
നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന വ്യാപാരികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സമീപനമാണിത്. വ്യാപാര മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്കിടയിൽ തുടർച്ചയായ പരിശോധനകളും നടപടികളും ചെറുകിട മെഡിക്കൽ ഷോപ്പ് ഉടമകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പരിശോധനകൾക്കായി വ്യക്തമായ മാർഗനിർദേശങ്ങൾ ഉറപ്പാക്കണമെന്നും വ്യാപാരികളുടെ ആശങ്കകൾ പരിഗണിച്ച് ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Tags : Medical Shops Inspections Police Excise Chemists Register Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash