പ്രതീകാത്മക ചിത്രം
കാസർഗോഡ്: മലപ്പുറം ജില്ലയിലെ പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗമുണ്ടാകാൻ കാരണമായതായി കണ്ടെത്തിയ ഫ്യൂൺ ഫെയർനസ് ക്രീമിന്റെ കാസർഗോഡ് കുമ്പളയിലുള്ള ടെലിമാർക്കറ്റിംഗ് ഓഫീസ് അടച്ചുപൂട്ടി.
ഓഫിസിന്റെ ബോർഡും മറ്റടയാളങ്ങളുമെല്ലാം നീക്കംചെയ്ത നിലയിലാണ്.കമ്പനിയുടെ വെബ്സൈറ്റും ഇപ്പോൾ ലഭ്യമല്ല. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ മാർക്കറ്റുകളിൽനിന്നും ഈ ക്രീം അപ്രത്യക്ഷമായിട്ടുണ്ട്. ഈ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി ഉള്ളതായി പെൺകുട്ടിയെ ചികിത്സിച്ച നെഫ്രോളജിസ്റ്റ് ഡോ. ഗൗരി സതീഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ വാണിജ്യസമുച്ചയത്തിൽ ആറു മുറികളിലായാണ് ഫ്യൂൺ ഉത്പന്നങ്ങളുടെ ടെലിമാർക്കറ്റിംഗ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഉത്പന്നങ്ങളുടെ പ്രചാരണത്തിനും വിൽപനയ്ക്കുമായി നിരവധി യുവതികളെയും നിയോഗിച്ചിരുന്നു. ഉയർന്ന ശമ്പളവും വിൽപനയ്ക്കനുസരിച്ചുള്ള കമ്മീഷനുമായിരുന്നു ഇവർക്കുള്ള വാഗ്ദാനം.
ക്രീമിലെ മെർക്കുറിയുടെ അളവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്ന നവംബർ 21ന് രാത്രിതന്നെ ഓഫീസ് അടച്ചുപൂട്ടിയതായി പ്രദേശവാസികൾ പറയുന്നു. കാസർഗോഡുനിന്നു ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ 24ന് ഇവിടെ പരിശോധനയ്ക്കെത്തിയെങ്കിലും സ്ഥാപനം പൂട്ടിക്കിടക്കുകയായിരുന്നു.
മലപ്പുറത്തെ പെൺകുട്ടി ഉപയോഗിച്ച ക്രീമിന്റെ പാക്കറ്റിൽ നൽകിയിരുന്ന ഉപഭോക്തൃ സേവന നമ്പറും കാസർഗോഡ് സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഫ്യൂൺ ക്രീമിന്റെ വ്യാപകമായ പ്രചാരണം നടത്തിയിരുന്നത്.
ഇൻസ്റ്റഗ്രാമിലെ ഇൻഫ്ളുവൻസർമാരുടെ പ്രചാരണ വീഡിയോകളിലൂടെയും പരസ്യം നൽകിയിരുന്നു. മുഖക്കുരു, കറുത്ത പാടുകൾ, നിറവ്യത്യാസം തുടങ്ങിയ വിവിധ ചർമപ്രശ്നങ്ങൾക്ക് പരിഹാരമെന്ന അവകാശവാദത്തോടെയായിരുന്നു ക്രീമിന്റെ വിൽപന. 30 ഗ്രാം ക്രീമിന് 599 രൂപയായിരുന്നു വില. യഥാർഥ വില 699 രൂപയാണെന്ന് രേഖപ്പെടുത്തിയ ശേഷമാണ് 599 രൂപയ്ക്ക് വിൽപന നടത്തിയിരുന്നത്.
Tags : Fairness Cream website Telemarketing office Disappeared Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash