വിവിധ സന്യാസസമൂഹങ്ങളിലെ സുപ്പീരിയർ ജനറൽമാർക്കൊപ്പം ലെയോ പതിനാലാമൻ മാർപാപ്പ.
വത്തിക്കാൻ സിറ്റി: സന്യാസസമൂഹങ്ങളിലെ നേതൃത്വം അധികാരത്തിലൂടെയല്ല; മറിച്ച് ഉപവിയിലൂടെയും ശുശ്രൂഷയിലൂടെയുമാകണം പ്രകടമാ ക്കേണ്ടതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. സന്യാസസമൂഹങ്ങളെ സമാധാനത്തിന്റെയും പരസ്പരശ്രവണത്തിന്റെയും സാഹോദര്യത്തിന്റെയും ഇടങ്ങളാക്കി മാറ്റണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
സന്യാസിനിമാരുടെയും സന്യാസികളുടെയും അന്താരാഷ്ട്ര സംഘടനകളായ യുഐഎസ്ജി, യുഎസ്ജി എന്നിവയുടെ രണ്ടാമത് സംയുക്ത സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വത്തിക്കാനിലെ സിനഡ് ഹാളിൽ 250ലധികം സുപ്പീരിയർ ജനറൽമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. സഭയ്ക്കു സമർപ്പിതജീവിതം അത്യന്താപേക്ഷിതമാണെന്നും പ്രേഷിതപ്രവർത്തനങ്ങളിൽ സന്യാസസമൂഹങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരം കൈയാളുന്നതിലല്ല; മറിച്ച്, ഉപവിയിലൂടെ ശുശ്രൂഷ ചെയ്യുന്നതിലാണു സുപ്പീരിയർമാർ സന്തോഷം കണ്ടെത്തേണ്ടതെന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ മാർപാപ്പ അനുസ്മരിച്ചു. ദുർബലരോടും പ്രയാസങ്ങൾ നേരിടുന്നവരോടും പ്രത്യേക കരുതൽ കാണിക്കണം. ക്ഷമയോടെ മറ്റുള്ളവരെ കേൾക്കാനും ഹൃദയത്തെ ഊഷ്മളമാക്കുന്ന ആശ്ലേഷമായും പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും ചെയ്യുന്ന വാക്കായും സുപ്പീരിയർമാർ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്യാസസമൂഹങ്ങൾക്ക് തങ്ങളുടെ ആത്മീയ ആഴത്തിലൂടെയും വിനയത്തിലൂടെയും നിർമിതബുദ്ധിയുടെ (എഐ) ഉത്തരവാദിത്വപരമായ വികസനത്തിന് സംഭാവന നൽകാനാകും. എങ്കിലും, സ്രഷ്ടാവിനു മുന്നിൽ മറ്റെല്ലാ സൃഷ്ടികളേക്കാളും കൃത്രിമ ഉപകരണങ്ങളേക്കാളും മനുഷ്യവ്യക്തിക്കുള്ള അതുല്യവും അനിഷേധ്യവുമായ അന്തസിനു സമർപ്പിതജീവിതം എപ്പോഴും സാക്ഷ്യം വഹിക്കണമെന്ന് മാർപാപ്പ ഓർമിപ്പിച്ചു. സാങ്കേതികവിദ്യയുടെ ഉപയോഗവും പരിധിയും നിശ്ചയിക്കുന്നതിൽ മനുഷ്യന്റെ ബുദ്ധിക്കും മനഃസാക്ഷിക്കും സ്വാതന്ത്ര്യത്തിനും പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : missionary activities congregations incomparable Pope Leo XIV Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash