കേരള സമൂഹത്തിന്റെയും സഭയുടെയും ചരിത്രത്തില്‍ മിഷനറിമാര്‍ക്കുള്ള സ്ഥാനം അനന്യമാണ്. അവരില്‍ പ്രമുഖ സ്ഥാനത്തു നില്ക്കുന്ന ബഹുമുഖപ്രതിഭയാണ് അര്‍ണോസ് പാതിരിയെന്ന പേരിൽ കേരളത്തിനു സുപരിചിതനായ ജോഹാന്‍ ഏണസ്റ്റ് ഹാന്സ്ലെഡന് എന്ന ജര്മന്കാരന് (1681-1732). ഒരു മിഷനറി എന്ന തലക്കെട്ടില്‍ മാത്രം അര്‍ണോസിനെ ഒതുക്കിനിര്‍ത്താന്‍ നമുക്കാവില്ല.
ബൈബിള്‍ മലയാളത്തില്‍ അച്ചടിച്ചു സംലഭ്യമാകുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ക്രിസ്തുവിന്റെ രക്ഷാകരചരിത്രം കേരളീയര്‍ക്കു ‘പുത്തന്‍പാന’യായി പാടിയും പറഞ്ഞും കൊടുത്ത മലയാളത്തിലെ ആദ്യ വേദപുസ്തക കാവ്യകാരന്, മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യ രചയിതാവ് (ജനോവപര്‍വം), മലയാളത്തിലെ ആദ്യ വിലാപകാവ്യ കര്‍ത്താവ് (ഉമ്മാടെ ദുഃഖം), മലയാളത്തിലെ ആദ്യ ജീവചരിത്രകാരന്‍ (ഉമ്മാപര്‍വം), മരണം കാവ്യവിഷയമാക്കിയ ആദ്യ കവനകര്ത്താവ് (മരണപര്‍വം), സംസ്കൃത ഭാഷാകവാടം ആദ്യമായി യൂറോപ്പിനു തുറന്നുകൊടുത്ത മഹാരഥന്, ഇന്ഡോളജി എന്ന പഠനശാഖയ്ക്കു പ്രാരംഭം കുറിച്ച പാശ്ചാത്യപ്രമുഖന്, മലയാളഭാഷയിലെ നവീന രീതിയിലുള്ള ആദ്യ ഭാഷാനിഘണ്ടു നിര്‍മാതാവ്, കേരള ക്രൈസ്തവ ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, ക്രൈസ്തവദര്‍ശനങ്ങളുടെയും ഇതിവൃത്തങ്ങളുടെയും കവി, പാശ്ചാത്യ രചനാശൈലികളും ശാഖകളും മലയാളത്തെ പരിചയപ്പെടുത്തിയ പണ്ഡിതന്, മതപരിവര്‍ത്തനത്തേക്കാള്‍ മനഃപരിവര്‍ത്തനത്തിനു പ്രാധാന്യം നല്കിയ മിഷനറി എന്നിങ്ങനെ നീളുന്നു പാതിരിയുടെ വ്യക്തിമാഹാത്മ്യം. ആയിരത്തിലധികം പുതുപദങ്ങളാണ് അദ്ദേഹം കൈരളിക്കു സമ്മാനിച്ചിട്ടുള്ളത്. അര്‍ണോസ് പാതിരി കേരളത്തില്‍ വന്നതിന്റെ 325 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തുമ്പോള്‍, കേരളത്തിന്റെ ഐക്യം, മതേതരത്വം, വേദപാരമ്പര്യം, ഭാഷാസമ്പന്നത, സാംസ്കാരിക സംവാദം, ഭക്തി-വിശ്വാസങ്ങള്‍ എന്നിവയില്‍ അദ്ദേഹം ചെയ്ത പരിശ്രമങ്ങളും സംഭാവനകളും പഠനവിഷയമാക്കേണ്ടതാണ്.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രമെഴുതിയവര്‍ ഈ മഹാപണ്ഡിതനു വേണ്ടത്ര സ്ഥാനമോ ശ്രദ്ധയോ കൊടുത്തിട്ടില്ല എന്നത് വ്യക്തമാണ്. എന്നാല്‍ ഇന്നു കേരളത്തിലെ പൊതുസമൂഹത്തില്‍ അര്‍ണോസ് പാതിരിക്കുള്ള സ്വീകാര്യത ഏറിവരുന്നതിന്റെ ദൃഷ്ടാന്തമാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 25 കോളജുകളില്‍ ഈ മഹാമനീഷിക്കുവേണ്ടി ‘അര്‍ണോസ് ചെയര്‍’ തുറന്നിട്ടുള്ളത്.
കേരള കത്തോലിക്ക സഭയിലും അര്‍ണോസിന്റെ മഹത്ത്വം തിരിച്ചറിഞ്ഞുകൊണ്ട് ചില ചുവടുകള്‍ ഉണ്ടാകുന്നു എന്നത് ശുഭോദര്‍ക്കമാണ്. തൃശൂര്‍ അതിരൂപതയിലെ എല്ലാ ഇടവകകളിലും ‘അര്‍ണോസ് ദിനാചരണം’ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാനുള്ള രൂപതാധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന്റെ നിര്‍ദേശം ഇതിന് അടിവരയിടുന്നു. റീത്തുകള്‍ക്കും തിരിവുകള്ക്കുംമേല് ഐക്യത്തിനായി നിലകൊണ്ട ഈ കര്‍മയോഗിയില്‍നിന്ന് പ്രചോദനം സ്വീകരിച്ചുകൊണ്ട് ധാരാളം യുവജനങ്ങള്‍ അദ്ദേഹത്തെ അറിയാനും അദ്ദേഹത്തെക്കുറിച്ച് തിരയാനും ഗവേഷണം ചെയ്യാനും മുന്നോട്ടു വന്നിരിക്കുന്നുവെന്നതും ഈ ധൈഷണിക പ്രതിഭയ്ക്കു കാലം നല്കുന്ന സമുചിതമായ ആദരമായി കരുതാം.
ഇന്ന് ചരമദിനം
1732 മാര്‍ച്ച് 20നാണ് പാതിരിയുടെ ചരമദിനം. ഇക്കഴിഞ്ഞ മാർച്ച് നാലിനുതന്നെ മലയാളം കേരളത്തിന്റെ ഏക ഔദ്യോഗിക ഭരണഭാഷയായി അംഗീകരിക്കപ്പെട്ടത്, നവീനരീതിയില്‍ ഭാഷയില്‍ ആദ്യമായി ഒരു നിഘണ്ടു നിര്‍മിച്ച അര്‍ണോസ് പാതിരിക്കുള്ള ഗുരുദക്ഷിണ തന്നെയാണ്.
1701ലാണ് അര്‍ണോസ് കേരളത്തില്‍ എത്തിയത്. സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വാസത്തിലുമെല്ലാം സമ്പന്നമായ ഒരു സമൂഹത്തെയാണ് അദ്ദേഹം ഇവിടെ കണ്ടത്. എന്നാല്‍, ജാതിയുടെയും ഭാഷയുടെയുമൊക്കെ തലങ്ങളില്‍ വിഭജനങ്ങളും വിഭാഗീയതകളും ഒട്ടും കുറവല്ലായിരുന്നു അന്നത്തെ കേരളത്തിന്. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലും വേര്‍തിരിവുകളും പലവിധ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. ഈ യാഥാര്‍ഥ്യങ്ങളില്‍നിന്ന് വേറിട്ടു നിന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തനത്തിനല്ല അര്‍ണോസ് മുതിര്‍ന്നത്. മറിച്ച്, ജനങ്ങളുടെ ജീവിതത്തിലേക്ക്, അതിന്റെ ആഴപ്പരപ്പുകളിലേക്ക് അദ്ദേഹം ഉറച്ച ബോധ്യങ്ങളോടെ പ്രവേശിച്ചു. ജാതി-മത-വര്‍ഗ-വര്‍ണ വേര്‍തിരിവുകള്‍ മറികടക്കാനുള്ള സാമൂഹിക പ്രതിബദ്ധത അദ്ദേഹത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളില്‍ ഒന്നായിരുന്നു. വിഭജിതമായ ഒരു സമൂഹത്തിന് ആവശ്യകമായ പ്രതിവിധിയും പ്രതിബോധവും (Counter Consciousness) നല്കാന് അര്‍ണോസ് ബദ്ധശ്രദ്ധനായിരുന്നു.
ക്രിസ്തുസുവിശേഷത്തിന്റെ സന്ദേശം സകലര്ക്കുംവേണ്ടിയുള്ളതാണെന്ന സാര്വത്രികബോധം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വ്യതിരിക്തമാക്കി. സുവിശേഷം പണ്ഡിതരോടും പാമരരോടും ഒരുപോലെ സംസാരിക്കുകയും സംവദിക്കുകയും ചെയ്യുന്ന ഒരു സഭയെക്കുറിച്ചുള്ള ദര്‍ശനം അദ്ദേഹത്തിന്റെ അജപാലനശൈലിയില് പ്രതിഫലിച്ചിരുന്നു.
ഭാഷയിലൂടെ ഹൃദയങ്ങളിലേക്ക്
വരേണ്യവര്ഗകുത്തകയായ സംസ്കൃതവും ഇവിടത്തെ സാധാരണക്കാരുടെ ഭാഷയായ മലയാളവും ഒരുപോലെ പഠിച്ച് ഇവ രണ്ടും തമ്മില്‍ അര്‍ണോസ് പാതിരി പണിത പാലം സുദൃഢമായിരുന്നു. അങ്ങനെ കേരളത്തിന്റെ ഭൗതികവും സാംസ്കാരികവുമായ മണ്ഡലത്തിലേക്ക് അര്‍ണോസ് പാതിരി ഒഴുകിപ്പരന്നു. ഇന്ത്യയുടെ പൗരാണികതയും വേദപാരമ്പര്യങ്ങളുമെല്ലാം ആദരത്തോടെ മാത്രം നോക്കിക്കണ്ട അര്‍ണോസിന്റെ വഴികള്‍ തികച്ചും വ്യത്യസ്തമായിരുന്നു.
മലയാള സാഹിത്യവുമായുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ ബൈബിളിനെയും ക്രൈസ്തവ ചിന്തകളെയും വിശ്വാസപാരമ്പര്യങ്ങളെയും സാമാന്യ ജനങ്ങളുടെ ഭാഷയുമായി ഏറെ അടുപ്പിച്ചു. അങ്ങനെ ഭാഷ എന്ന മാധ്യമത്തിലൂടെ സുഗമമായി സുവിശേഷവും നല്ല വാര്‍ത്തകളുമെല്ലാം എല്ലാവരിലേക്കും എത്തിച്ചുകൊണ്ട് വലുപ്പ-ചെറുപ്പ വ്യത്യാസമില്ലാതെ അദ്ദേഹം ഹൃദയങ്ങളോടു സംവദിച്ചു. അദ്ദേഹം ഈ നാട്ടുകാരനായി ഇവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നുവെന്നത് അദ്ദേഹത്തിന്റെ വിശാലമനസിന്റെയും വിശ്വമാനവികതയുടെയും അനുകരണീയ നിദര്‍ശനങ്ങളാണ്.
ബാഹ്യവ്യത്യാസങ്ങളെക്കാള് ക്രിസ്തുകേന്ദ്രീകൃത വിശ്വാസത്തില്‍ ബന്ധിതമായ ഒരു സമൂഹനിര്മിതിക്കുവേണ്ടിയുള്ള അര്‍ണോസിന്റെ സമര്‍പ്പണം പ്രശംസനീയമാണ്. ഈ ആധ്യാത്മിക ദര്‍ശനത്തില്‍ നിന്നുകൊണ്ടാണ് അര്‍ണോസ് തന്റെ കാവ്യലോകവും സുവിശേഷപ്രഘോഷണവുമെല്ലാം പുനര്‍നിര്‍മിച്ചത്. അദ്ദേഹത്തിന്റെ കര്‍മപാത കേവലം ഭൗതികമോ സാംസ്കാരികമോ മാത്രമായിരുന്നില്ല. അത് ആഴത്തിലുള്ള ആത്മീയതയില്‍ ഒരു സമൂഹത്തെ മുഴുവന്‍ ക്രിസ്തുവില്‍ ഒന്നിപ്പിച്ച ദിവ്യദൗത്യമായിരുന്നു. അര്‍ണോസിന്റെ ജീവിതത്തിലെ ഭൂരിഭാഗവും തൃശൂരുള്ള വേലൂര്‍ എന്ന ഗ്രാമത്തിലാണ് ചെലവഴിച്ചത്. അതു പഠനത്തിന്റെയും പ്രേഷിതപ്രവര്‍ത്തനത്തിന്റെയും കലകളുടെയും കവനത്തിന്റെയും ഒരു പ്രധാന കേന്ദ്രമാക്കി അദ്ദേഹം മാറ്റി.
തിളക്കമുള്ള ആത്മീയത
ആത്മീയതകള്‍ക്ക് അപഭ്രംശങ്ങളും ആള്ദൈവാരാധനകളും വളരുന്ന ഈ കാലത്ത് അര്‍ണോസ് പാതിരി തെളിച്ചിട്ട ക്രിസ്തുകേന്ദ്രീകൃത ആത്മീയത വളരെ തിളക്കമുള്ളതാണ്. സാധാരണക്കാരുടെ അനുദിന ജീവിതമണ്ഡലങ്ങളില്‍ വേദനകളിലും വേര്‍പാടിലും പറയാനും പാടാനും പോന്നവിധത്തിലുള്ള ഹൃദ്യമായ ആത്മീയതയ്ക്ക് അര്‍ണോസ് പാതിരി വേരു പാകി.
വലിയനോമ്പുകാലം സഭ ക്രിസ്തുവിലേക്കു നോക്കിക്കൊണ്ട് ക്രൈസ്തവജീവിതത്തെ മാനസാന്തരപ്പെടുത്തുന്ന കാലഘട്ടമാണ്. ക്രിസ്തുവിന്റെ പീഡാസഹനവും മരണോത്ഥാനങ്ങളുമെല്ലാം ജനഹൃദയങ്ങളില്‍ ആര്ദ്രമാക്കത്തക്കവിധമായിരുന്നു അദ്ദേഹം എഴുതിയതും പ്രചരിപ്പിച്ചതുമെല്ലാം. ‘അമ്മകന്യാമണിതന്റെ നിര്മലദുഃഖങ്ങളിപ്പോള്’, ‘പുളിയാത്തപ്പം തിന്നേണ്ടും മുന്പിലേ’ എന്നുള്ള ‘പുത്തന്‍ പാന’യിലെ വരികള്‍ പാടാത്ത ക്രൈസ്തവരും കുടുംബങ്ങളും ഉണ്ടാകുമോ? അതു കേള്‍ക്കാത്ത ഇതര മതസ്ഥരും.
വേറിട്ട കാവ്യസപര്യ
കേരള കാവ്യസംസ്കാരത്തിന്റെ താളങ്ങളിലേക്ക് ബൈബിളിന്റെയും ക്രൈസ്തവ ആധ്യാത്മികതയുടെയും മര്മങ്ങള് സന്നിവേശിപ്പിച്ചുകൊണ്ടുള്ള അര്‍ണോസ് പാതിരിയുടെ കാവ്യസപര്യ ഈടുറ്റതും വേറിട്ടതുമായിരുന്നു. ക്രിസ്തുവെന്ന കേന്ദ്രാശയത്തി ലേക്കുള്ള പ്രയാണത്തിനായി അര്‍ണോസ് തെരഞ്ഞെടുത്ത ശക്തമായ കാവ്യബിംബമായിരുന്നു മറിയം. മറിയത്തിന്റെ മനുഷ്യത്വത്തെയും മാതൃത്വത്തെയും മലയാളത്തിലെ ‘അമ്മ’ എന്ന ആര്‍ദ്രമായ സാംസ്കാരികബിംബത്തില് അദ്ദേഹം അവതരിപ്പിച്ചു. ക്രിസ്തുവിജ്ഞാനത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു മേരിവിജ്ഞാനീയം അദ്ദേഹം മലയാളിക്ക് പരിചയപ്പെടുത്തി. അവളുടെ മഹത്ത്വത്തെയും ദുഃഖഭാവത്തെയും ഇവിടുത്തെ പീഡിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ശബ്ദമില്ലാത്തവര്ക്കുംവേണ്ടിയുള്ള സ്വാതന്ത്ര്യത്തിന്റെയും ശക്തീകരണത്തിന്റെയും തലങ്ങളായി അദ്ദേഹം പരിവര്‍ത്തനം ചെയ്തു.
വിമോചനത്തിന്റെയും ശക്തീകരണത്തിന്റെയും ആള്‍രൂപമാണ് അര്‍ണോസിന്റെ മറിയം. മനുഷ്യഹൃദയങ്ങളില്‍ അത്രയേറെ ഇടംനേടിയ മാതൃബിംബത്തെ എടുത്തുകൊണ്ട് മറിയത്തിന്റെ കണ്ണിലൂടെ ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിക്കാന്‍ കേരളത്തെ പ്രാപ്തമാക്കിയ അര്‍ണോസ് പാതിരി ‘മറിയത്തിലൂടെ ക്രിസ്തുവിലേക്ക്’എന്ന സഭയുടെ വിശ്വാസപാത ‘ഉമ്മാടെ ദുഃഖം’ എന്ന കൃതിയിലൂടെ തെളിച്ചിടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പല സ്ത്രീ കഥാപാത്രങ്ങളെയും നിലവിലുണ്ടായിരുന്ന പതിവു രചനാശൈലിയില്നിന്ന് വേറിട്ടുകൊണ്ട് ശക്തമായ ബിംബങ്ങളായി അര്‍ണോസ് അവതരിപ്പിക്കുന്നുണ്ട്.
പുത്രദുഃഖത്തിന്റെ കുരിശടിയില്‍ സധൈര്യം നില്ക്കുന്ന ഒരു സ്ത്രീ തന്റെ ദുഃഖത്തെപ്പറ്റി പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. അതേസമയം എല്ലാം ദൈവഹിതം എന്ന തിരിച്ചറിവില്‍ തകര്‍ന്നവരെയും അശക്തരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് വിമോചനത്തിന്റെ വ്യക്തിത്വമായി മാറുകയും ചെയ്യുന്നു. അര്‍ണോസിന്റെ ‘ജനോപര്വ’ത്തിലെ ജനോവ എന്ന സ്ത്രീയും ഭര്‍ത്താവില്‍നിന്നു നേരിടുന്ന അനീതികളോടു പ്രതികരിക്കാനും അതിനെ ചോദ്യം ചെയ്യാനും ആര്‍ജവമുള്ള കഥാപാത്രമാണ്. സ്ത്രീയുടെ സൃഷ്ടിയി