Kerala
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദിനാഘോഷത്തിന് ഒരു മാസത്തെ വിവിധ കര്മപദ്ധതികള് ആവിഷ്കരിച്ചതായി ഇന്ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില് അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിവയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ഉതകുന്ന പദ്ധതികളാണ് ഇന്ഫാം തയാറാക്കിയിരിക്കുന്നത്. മേയ് അഞ്ചു മുതല് ജൂണ് അഞ്ചുവരെയുള്ള ഈ പദ്ധതികളുടെ നടത്തിപ്പില് ഇന്ഫാമിന്റെ കുടുംബതലം മുതല് ദേശീയതലം വരെയുള്ള ഭാരവാഹികള് നേതൃത്വം നല്കും.
പ്രധാന പദ്ധതികൾ
1. ഭൂമി പുനര്ജനി പദ്ധതിയിലൂടെ മണ്ണിന്റെ പുനര്ജന്മത്തിനും പിഎച്ച് ക്രമീകരിക്കുന്നതിനുമായി 10 ലക്ഷത്തിലധികം കിലോ ഡോളോമൈറ്റ് സബ്സിഡി നിരക്കില് കര്ഷകര്ക്ക് വിതരണം ചെയ്യും.
2. ധരണീസമൃദ്ധി പദ്ധതി വഴി മണ്ണ് പരിപോഷിപ്പിക്കുന്നതിനുവേണ്ടി വേപ്പിന് പിണ്ണാക്ക് സബ്സിഡി നിരക്കില് കര്ഷകര്ക്ക് വിതരണം ചെയ്യും.
3. ജലസംരക്ഷണത്തിനായി സ്വന്തം പുരയിടത്തിലെ ജലസ്രോതസുകളുടെ ശുചീകരണവും സംരക്ഷണവും.
4. വീടുകളിലെ മലിനജല നിര്മാര്ജനവും പരിസര ശുചീകരണവും.
5. കാര്ഷിക വനനശീകരണം തടയാനും ഊര്ജ പുനരുപയോഗത്തിനുമായി വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകളുടെ ശുചീകരണവും പുനരുജ്ജീകരണവും.
6. കാര്ഷിക വനവത്കരണത്തിനായി ഒരു തൈ നടീല് പരിപാടിയും ഇടവിള കൃഷി പ്രോത്സാഹന പദ്ധതിയും.
7. ആഗോളതാപനത്തിനും കാര്ബണ് നിര്ഗമനത്തിനുമെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി ജൂണ് നാലിന് രാത്രി ഏഴുമുതല് അര മണിക്കൂര് വിളക്ക് അണയ്ക്കല് പരിപാടി.
8. അടുക്കളത്തോട്ട നിര്മാണത്തിനായി വിത്തുകൊട്ട വിതരണം.
ഈ പദ്ധതികളെല്ലാം ജൂണ് നാലിന് മുമ്പ് പൂര്ത്തിയാക്കും. ജൂണ് അഞ്ചിന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില് നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ഇന്ഫാം ദേശീയ രക്ഷാധികാരി താമരശേരി ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില് ഇന്ഫാം ഇടുക്കി കാര്ഷികജില്ല രക്ഷാധികാരി ഇടുക്കി ബിഷപ് മാര് ജോണ് നെല്ലിക്കുന്നേല് ഉദ്ഘാടനം ചെയ്യും.
ദേശീയതലത്തില് രൂപീകരിക്കപ്പെട്ടിരിക്കുന്ന പദ്ധതികള് ഓരോ സംസ്ഥാനങ്ങളുടെയും വിവിധ കാര്ഷിക ജില്ലകളുടെയും നേതൃത്വത്തില് നടപ്പിലാക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില് കൂട്ടിച്ചേര്ത്തു.
Health
വേനൽ അവധി കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മർദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പുതിയ അനുഭവങ്ങൾ നേടാനുമുള്ള അവസരം.
എന്നാൽ അവധിക്കാലം വെറും വിനോദമായി മാത്രം ചെലവഴിക്കാതെ, കുട്ടികളുടെ മാനസിക - ശാരീരിക വികാസത്തിന് ഫലപ്രദമാക്കാൻ കഴിയും - മാതാപിതാക്കൾ മനസ് വയ്ക്കണമെന്നുമാത്രം..
മനശാസ്ത്രപരമായി, ഈ സമയം ഉപയോഗിച്ച് കുട്ടികളിൽ ഉത്തരവാദിത്തബോധം, മികച്ച കുടുംബ ബന്ധങ്ങൾ, ജീവിത നൈപുണ്യം എന്നിവ വളർത്തിയെടുക്കാം.
അതോടൊപ്പം നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വിശാലമാക്കാം.
1. വീട്ടിലെ ജോലികൾ കുറച്ചൊക്കെ കുട്ടികളെ ഏർപ്പെടുത്തുക. പരമ്പരാഗത ലിംഗഭേദ റോളുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ സ്വയം മതിപ്പും ഉത്തരവാദിത്തവും വളർത്തുന്നു.
പെൺകുട്ടികൾക്ക് അടുക്കളയിലോ, വീട് വൃത്തിയാക്കലിലോ സഹായിക്കാൻ പ്രോത്സാഹനം നല്കാം. അതേസമയം ആൺകുട്ടികളെ പുറത്തുള്ള ജോലികളോ, വീടിന്റെ അറ്റകുറ്റപ്പണികളോ ഏല്പ്പിക്കാം.
ഇത് ലിംഗസമത്വത്തെ ബലപ്പെടുത്തുന്നതോടൊപ്പം, ഭാവിയില് കുടുംബജീവിതത്തില് സന്തുലിതാവസ്ഥ സൃഷ്ടിക്കും. ഗവേഷണങ്ങള് സൂചിപ്പിക്കുന്നത്, വീട്ടുജോലികള് ചെയ്യുന്ന കുട്ടികളിൽ ആത്മവിശ്വാസവും പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും വികസിക്കുമെന്നാണ്.
ചെറിയ പ്രായം മുതല് തുടങ്ങിയാൽ, ഇത് ശീലമാകും. ഉദാഹരണത്തിന്, രാവിലെ കിടക്ക ഒതുക്കുക, പച്ചക്കറികൾ വൃത്തിയാക്കുക, അലക്കിയ തുണികൾ മടക്കിവയ്ക്കുക തുടങ്ങിയവ.
ഇത് കുട്ടികളിൽ സഹകരണബോധവും സ്വയംപര്യാപ്തതയും വളർത്തുന്നു.
2. കുടുംബം, ബന്ധുക്കൾ, അയൽവാസികൾ തമ്മിലുള്ള മുഖാമുഖ ഇടപെടലുകൾ വർധിപ്പിക്കുക. ഡിജിറ്റൽ ലോകത്ത് മുഴുകിയിരിക്കുന്ന ഇക്കാലത്ത്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയ്ക്കപ്പുറം യഥാർഥ ബന്ധങ്ങള് നിർമിക്കാൻ വേനൽ അവധി അനുയോജ്യമാണ്.
കുടുംബയാത്രകള്, ബന്ധുക്കളുടെ വീടുകളിലെ സന്ദർശനങ്ങൾ, അയല്പക്കത്തെ കുട്ടികളോടൊപ്പമുള്ള കളികള് എന്നിവയിലൂടെ സാമൂഹിക കഴിവുകൾ വികസിക്കും. മുഖാമുഖ സംഭാഷണങ്ങൾ വഴി സഹാനുഭൂതി, ക്ഷമ, ആശയവിനിമയം എന്നിവ മെച്ചപ്പെടുന്നു.
മനശാസ്ത്രപരമായി, ഇത്തരം ഇടപെടലുകൾ കുട്ടികളിലെ ഏകാന്തത കുറയ്ക്കുകയും, വൈകാരിക സുരക്ഷിതത്വം നല്കുകയും ചെയ്യും. വൈകുന്നേരം അയൽവാസികളോട് സംസാരിക്കുകയോ, മുതിർന്ന തലമുറയിൽ നിന്ന് കഥകൾ കേൾക്കുകയോ ചെയ്യുന്നത് ലോകവീക്ഷണം വിശാലമാക്കാൻ സഹായിക്കും.
3. ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുക. വേനൽ അവധി ജീവിതത്തിന്റെ പ്രായോഗിക വശങ്ങൾ പഠിക്കാനുള്ള മികച്ച സമയമാണ്. പാചകം, തോട്ടപ്പണി, നീന്തല്, ലളിതമായ അറ്റകുറ്റപ്പണികള്, ബജറ്റിംഗ് തുടങ്ങിയവ.
ഇവ കുട്ടികളെ സ്വതന്ത്രരാക്കുകയും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തയാറാക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു ലളിതമായ ഭക്ഷണം തയാറാക്കാൻ അനുവദിക്കുക. ഇത് സർഗാത്മകതയും ആത്മവിശ്വാസവും വർധിപ്പിക്കും.
4, അവസാനമായി നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വികസിപ്പിക്കുക. പുസ്തകങ്ങൾ വായിക്കുക, ഡോക്യുമെന്ററികൾ കാണുക, ചർച്ചകൾ നടത്തുക എന്നിവയിലൂടെ ഇത് സാധ്യമാണ്. ഒരു പ്രശ്നം പരിഹരിക്കാൻ ചോദ്യങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കും.
വേനൽ അവധി ഒരു ബാലൻസിംഗ് ഘട്ടമാണ് - വിനോദവും പഠനവും ഒരുമിച്ച് കൊണ്ടുപോകാം. അമിതമായ ക്ലാസുകളോ സ്ക്രീന് ടൈമോ ഒഴിവാക്കി, ഈ നിർദേശങ്ങൾ പാലിച്ചാൽ കുട്ടികൾ മാനസികമായി, ആരോഗ്യകരമായി, സന്തുഷ്ടരായി അടുത്ത അധ്യയന വർഷത്തിലേക്ക് തിരിച്ചുവരും.
മാതാപിതാക്കളുടെ ക്ഷമയും മാർഗനിർദേശവും ഇതിന്റെ താക്കോലാണ്. ഓരോ കുട്ടിയുടെയും താത്പര്യങ്ങൾ പരിഗണിച്ച് വേണം പ്ലാൻ ചെയ്യാൻ. അങ്ങനെ അവധിക്കാലം അവരുടെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ അധ്യായമാകട്ടെ.
വിവരങ്ങൾ: നിഥിൻ എ.എഫ്
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, എസ്യുടി ആശുപത്രി, പട്ടം.
Kerala
കൊച്ചി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ലിലൂടെ ജീവകാരുണ്യപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നത് സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള ദ്രോഹമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ക്രൈസ്തവസഭകൾ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ ഭാരതത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായകമാണെന്നു ഭരണാധികാരികൾതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതയാണ്.
അശരണർക്കും ആലംബഹീനർക്കുമായി സഭ നടത്തുന്ന അഗതിമന്ദിരങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ, ഭിന്നശേഷി പുനരധിവാസകേന്ദ്രങ്ങൾ, എയ്ഡ്സ് രോഗികളുടെ പരിചരണകേന്ദ്രങ്ങൾ, സൗജന്യ ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങിയവ ജാതിമത ഭേദമെന്യേ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്നുണ്ട്.
തദ്ദേശീയരായ ഉപകാരികളുടെ സഹായത്തിനൊപ്പം വിദേശ ഫണ്ടുകളും ഉപയോഗിച്ചാണ് ഗ്രാമങ്ങളിൽപോലും മികവുറ്റ ആരോഗ്യസേവനങ്ങളും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കാൻ സഭയ്ക്കു സാധിക്കുന്നത്.
സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനായി നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന ഇത്തരം സേവനങ്ങൾ തടസപ്പെടുത്തുന്നത് പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള ദ്രോഹമാണ്.
റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലെ ചെറിയ കാലതാമസമോ ഓഡിറ്റിംഗിലെ സാങ്കേതികമായ പിഴവുകളോ മുൻനിർത്തി ലൈസൻസ് റദ്ദാക്കുക, ആസ്തികൾ കണ്ടുകെട്ടുക തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള നീക്കം സംശയാസ്പദമാണ്. സന്നദ്ധസംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും സേവനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താതെ അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിയമനിർമാണമാണ് ഉണ്ടാകേണ്ടത്.
ഈ വിഷയം പാർലമെന്റിൽ ചർച്ചയ്ക്കുവരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങൾ പൊതുനന്മ കണക്കിലെടുത്ത് ചർച്ചകളിൽ ക്രിയാത്മകമായി പങ്കെടുക്കണമെന്നും മേജർ ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,750 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും www.finance.kerala.go v.in) സന്ദർശിക്കുക.
District News
പടന്ന: അംബേദ്കര് ഗ്രാമവികസന പദ്ധതിയില് ഉള്പ്പെടുത്തി പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് തെക്ക്-വടക്ക് നഗറിൽ നടപ്പാക്കിയ വികസന പ്രവര്ത്തനങ്ങള് പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്തു.
ആകെ 99,21,082 രൂപ ചെലവഴിച്ചാണ് കാന്തിലോട്ട് നഗറില് വികസന പ്രവര്ത്തനങ്ങള് നടത്തിയത്. ജില്ലാ നിര്മിതി കേന്ദ്രം മുഖേന ഉന്നതിയിലെ 57 വീടുകളിൽ തേപ്പ്, പെയിന്റിംഗ്, ടൈല് വിരിക്കല് എന്നിവയുൾപ്പെടെയുള്ള അറ്റകുറ്റപണികൾ പൂർത്തിയാക്കി. യാത്രാക്ലേശം പരിഹരിക്കാന് റോഡ് കോണ്ക്രീറ്റ് ചെയ്ത് നവീകരിച്ചു.
എം. രാജഗോപാലന് എംഎല്എ അധ്യക്ഷത വഹിച്ചു. നിര്മിതി കേന്ദ്രം പ്രോജക്ട് എൻജിനിയര് വി. സജിത്ത് റിപ്പോര്ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി, ജില്ലാ പഞ്ചായത്തംഗം ഡോ. സെറീന സലാം, പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ, വൈസ് പ്രസിഡന്റ് പി.പി. സുധാകരന്, സ്ഥിരം സമിതി അധ്യക്ഷരായ കെ. പൂമണി, പി കൈരളി, പി.വി. അശ്വതി, കെ. അസൈനാര്, ജില്ലാ പട്ടികജാതി വികസന ഓഫീസര് ഒ.പി. രാധാകൃഷ്ണന് എന്നിവര് പ്രസംഗിച്ചു.