ചണ്ഡിഗഡ്: കേരളത്തിന്റെ സഞ്ജു സാംസണും സംഘവും സയീദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗില്‍. എലൈറ്റ് ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ ഹിമാചല്‍പ്രദേശിനെ 67 റണ്‍സിനു കീഴടക്കിയാണ് കേരളം സൂപ്പറായത്.
57 പന്തില്‍ ആറു സിക്സും എട്ടു ഫോറും അടക്കം 101 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ വിജയശില്പി. 27 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ അസ്ഹര്‍, 56-ാം പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.
സ്കോര്‍: കേരളം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 268. ഹിമാചല്‍പ്രദേശ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ കേരളം സൂപ്പര്‍ ലീഗില്‍ പ്രവേശിക്കുന്നത് നീണ്ട 10 വര്‍ഷത്തിനുശേഷമാണ്. 2015-16ലായിരുന്നു കേരളം അവസാനമായി സൂപ്പര്‍ ലീഗില്‍ ഇടംനേടിയത്. ഇതു മൂന്നാം തവണയാണ് (2012-13, 2015-16, 2026-27) കേരളം സൂപ്പര്‍ ലീഗില്‍ എത്തുന്നതെന്നതും ശ്രദ്ധേയം.
അസ്ഹര്‍, സഞ്ജു
ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും (പോണ്ടിച്ചേരിക്കെതിരേ 78, ആസാമിനെതിരേ 93 നോട്ടൗട്ട്) അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ടു. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് കേരളം അടിച്ചുകൂട്ടി. ഓപ്പണര്‍മാരായ രോഹന് കുന്നുമ്മലും (16 പന്തില്‍ രണ്ടു സിക്സും നാലു ഫോറും അടക്കം 35) അസ്ഹറുദ്ദീനും ചേര്‍ന്ന് 5.4 ഓവറില്‍ 82 റണ്‍സ് ചേര്ത്തശേഷമാണു പിരിഞ്ഞത്. 4.1 ഓവറില്‍ ഇവര്‍ സ്കോര്‍ 50 കടത്തി. ഹര്‍ഷിത് സണ്ടാല് എറിഞ്ഞ അഞ്ചാം ഓവറില്‍ അസ്ഹര്‍ തുടര്‍ച്ചയായി നാലു ഫോറും ഒരു സിക്സും പറത്തി.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു സാംസണ്, മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം ചേര്‍ന്നതോടെ കേരളത്തിന്റെ സ്കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ 40 പന്തില്‍ 77 റണ്‍സ് ഇവര്‍ അടിച്ചുകൂട്ടി. 21 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സും അടക്കം 44 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.
പിന്നീടെത്തിയ വിഷ്ണു വിനോദും (11 പന്തില്‍ രണ്ടു സിക്സും ഒരു ഫോറും അടക്കം 22) സല്മാന് നിസാറും (15 പന്തില്‍ രണ്ടു സിക്സും ഒരു ഫോറും അടക്കം 26 നോട്ടൗട്ട്) അബ്ദുള്‍ ബാസിതും (അഞ്ചു പന്തില്‍ മൂന്നു സിക്സും ഒരു ഫോറും അടക്കം 24 നോട്ടൗട്ട്) ആക്രമണം തുടര്‍ന്നതോടെ കേരളം 268/4 എന്ന സ്കോറില്‍.
269 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഹിമാചല്‍പ്രദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാര്‍ ഇരുവരും സ്കോര്‍ബോര്‍ഡില്‍ എട്ടു റണ്‍സുള്ളപ്പോള്‍ പവലിയനിലെത്തി. എം.ഡി. നിധീഷിനും കെ.എം. ആസിഫിനുമായിരുന്നു വിക്കറ്റ്. ഏഴാം നമ്പറില്‍ ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായ വൈഭവ് കെല്റ്റയാണ് (28 പന്തില്‍ നാലു സിക്സും മൂന്നു ഫോറും അടക്കം 57 നോട്ടൗട്ട്) ഹിമാചലിന്റെ ടോപ് സ്കോറര്‍. ഏകാന്ത് സെന്‍ (27 പന്തില്‍ 39), ആര്യമാന് സിംഗ് (21 പന്തില്‍ 30 നോട്ടൗട്ട്), മൃദുല്‍ സറോഷ് (15 പന്തില്‍ 29) എന്നിവരും ഹിമാചല്‍ സ്കോര്‍ബോര്‍ഡിലേക്കു റണ്‍സ് എത്തിച്ചു.
268: റിക്കാർഡ്
സയീദ് മുഷ്താഖ് അലി ട്രോഫി (SMAT) ചരിത്രത്തില്‍ കേരളത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്നലെ ഹിമാചല്‍പ്രദേശിനെതിരേ നേടിയ 268. മത്സരത്തില്‍ 67 റണ്‍സ് ജയം നേടിയതോടെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഏഴു മത്സരങ്ങളില്‍നിന്ന് 20 പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത് സൂപ്പര്‍ ലീഗിലും കേരളമെത്തി. 24 പോയിന്റ് നേടിയ ആന്ധ്രയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഹിമാചൽപ്രദേശിനും 20 പോയിന്റാണ്. എന്നാല്‍, നെറ്റ് റണ്‍റേറ്റില്‍ കേരളത്തിനാണ് മുന്‍തൂക്കം.
സഞ്ജുവിന്റെ ബാറ്റ്
പരാജയപ്പെട്ടാല്‍ സൂപ്പര്‍ ലീഗ് കാണാതെ പുറത്താകുമെന്ന സാഹചര്യത്തിലായിരുന്നു കേരളം ഹിമാചല്‍പ്രദേശിനെതിരേ ഇന്നലെ ഇറങ്ങിയത്. മത്സരം കേരളത്തിന്റെ വരുതിയിലാക്കിയ ഓപ്പണര്‍ റോളില്‍ ഗംഭീര സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു.
സഞ്ജുവിന്റെ ബാറ്റുമായായിരുന്നു അസ്ഹര്‍ ഇറങ്ങിയത്. സെഞ്ചുറി നേടിയശേഷം ബാറ്റില്‍ സഞ്ജുവിന്റെ പേരെഴുതിയിരിക്കുന്നത് അസ്ഹര്‍ ഉയര്‍ത്തിക്കാട്ടി.
Tags : Syed Mushtaq Ali Trophy Keralam Super League Cricket Sports