രജൗരിയിൽ മിന്നൽപ്രളയത്തെത്തുടർന്ന് ഒഴുകിപ്പോയ വാഹനങ്ങൾ.
ജമ്മു: ജമ്മു-കാഷ്മീരിലെ അതിർത്തി ജില്ലകളായ പൂഞ്ച്-രജൗരി മേഖലയിൽ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. പൂഞ്ച് ജില്ലയിലെ സുരാൻകോട്ട് താലൂക്കിൽ കനത്ത നാശമുണ്ടായതായാണു റിപ്പോർട്ട്.
മഴ ശക്തമായി തുടരുന്നതിനിടെ കാണാതായവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും വെല്ലുവിളിയായി തുടരുകയാണ്. രണ്ടു വയസുകാരൻ സോഫിയാൻ യാസർ ഉൾപ്പെടെ അഞ്ചു പേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെടുത്തു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സന്ദർശനം വെട്ടിച്ചുരുക്കി സംസ്ഥാനത്തേക്കു മടങ്ങി. ജമ്മു-കാഷ്മീരിൽ ജൂലൈ 23 മുതൽ ഭേദപ്പെട്ട മഴയുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായെങ്കിലും ശനിയാഴ്ച വൈകുന്നേരം മുതൽ മഴ ശക്തിപ്രാപിക്കുകയായിരുന്നു.
നാഗാലാൻഡ്
കനത്ത മഴയെത്തുടർന്നുള്ള മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാഗാലാൻഡിലെ ഉൾനാടൻ അതിർത്തിജില്ലയായ മോനിൽ മൂന്നു പേർ മരിച്ചു. ഒട്ടേറെയാളുകൾ പ്രളയബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
Tags : FlashFloods Kashmir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews