x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയില്‍ തട്ടുകടകളും അടഞ്ഞു; സമൃദ്ധിയില്‍ പാചകം ഇനി വിറകടുപ്പില്‍, മെനു ചുരുക്കി വില്പന

കൊച്ചി ബ്യൂറോ
Published: March 13, 2026 12:27 PM IST | Updated: March 13, 2026 12:27 PM IST

കൊച്ചി: വാണിജ്യ സിലിണ്ടര്‍ കിട്ടാക്കനി ആയതോടെ സ്തംഭിച്ച് രാജ്യത്തെ ഹോട്ടല്‍ മേഖല. കേരളത്തില്‍ 40 ശതമാനത്തോളം ഹോട്ടലുകള്‍ അടഞ്ഞു കഴിഞ്ഞുവെന്നാണ് ഹോട്ടലുടമകളുടെ സംഘടന വ്യക്തമാക്കുന്നത്.

അടയ്ക്കാത്ത ഹോട്ടലുകളില്‍ മെനുവിന്‍റെ നീളവും കുറഞ്ഞു. കൊച്ചി മറൈന്‍ഡ്രൈവിലെ അന്നപൂര്‍ണ ഹോട്ടല്‍ ചായയും ചെറുകടികളും മാത്രമാക്കി മെനു ചുരുക്കി. മിക്ക ഹോട്ടലുകളുടെയും സ്ഥിതി ഇതു തന്നെ.

കലൂര്‍, ജെഎല്‍എന്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലെ തട്ടുകടകളും ബജി കടകളും മോമോസ് വില്പന കടകളും അടച്ചു കഴിഞ്ഞു. ആലുവ, കാക്കനാട്, കളമശേരി, ഏലൂര്‍ തുടങ്ങി മിക്ക സ്ഥലങ്ങളിലും നിരവധി ഹോട്ടലുകളും തട്ടുകടകളും അടഞ്ഞുകിടക്കുകയാണ്. വാണിജ്യ സിലിണ്ടര്‍ ഇന്നുമുതല്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും നേരത്തെ നല്‍കിയിരുന്നതിന്‍റെ അഞ്ചിലൊന്ന് വിതരണം മാത്രമാണ് ഉണ്ടാവുക.

കൊച്ചി നഗരത്തിലെ സാധാരണക്കാരുടെ ആശ്രയമായ സമൃദ്ധി ഹോട്ടലില്‍ ഇന്ധന ക്ഷാമം വന്നതോടെ വിറകടുപ്പില്‍ പാചകം തുടങ്ങി. വ്യാഴാഴ്ച രാത്രിയില്‍ തന്നെ സമൃദ്ധിയില്‍ വിറകുമായി ലോറികള്‍ എത്തി. 20ല്‍ അധികം സിലിണ്ടറുകളാണ് ഒരു ദിവസം മാത്രം സമൃദ്ധിയിലേക്ക് വേണ്ടിയിരുന്നത്.

പാചകവാതക ക്ഷാമം വന്നതോടെ നോണ്‍വെജ് ഐറ്റങ്ങള്‍ കുറച്ച് മെനു ചെറുതാക്കി സമൃദ്ധി പ്രവര്‍ത്തനം തുടര്‍ന്നു. ഗ്യാസ് ലഭ്യത കുറവ് മൂലം പരിമിതമായ ഐറ്റംസ് മാത്രമേ ഉണ്ടാവുകയുള്ളു. എല്ലാവരും ഇതോടൊപ്പം സഹകരിക്കണം എന്ന ബോര്‍ഡും സമൃദ്ധിയില്‍ വച്ചിട്ടുണ്ട്.

ഇന്നു മുതല്‍ വിറകടുപ്പിനെ ആശ്രയിച്ചിരിക്കുകയാണ് സമൃദ്ധി. പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറുന്നതിനാല്‍ വിറകിനും തീ വിലയാണന്. ഒരു ടണ്‍ മില്ലു വിറകിന് 2000 രൂപയ്ക്ക് മുകളില്‍ നല്‍കണം. വിറകിന് വില കൂടിയതിനാല്‍ സമൃദ്ധിക്ക് അധിക ചെലവ് ഉണ്ടാകും. എന്നും ഏറെ തിരക്കുള്ള സ്ഥലമാണ് സമൃദ്ധി. മറ്റു ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ആരംഭിച്ചതോടെ സമൃദ്ധിയിലേക്ക് കൂടുതല്‍ ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

സോഷ്യല്‍ കിച്ചണ്‍ അടക്കമുള്ള ഹോട്ടലുകള്‍ വില അല്പം കൂട്ടിയിട്ടുണ്ട്. പത്തു രൂപ വില വരുന്ന കാപ്പിക്ക് ഇനി 15 രൂപ നല്‍കണം. ഗ്യാസ് ലഭ്യത സാധാരണ നിലയില്‍ ആകുമ്പോള്‍ കൂടിയ വില കുറച്ച് പഴയ നിരക്കിലേക്ക് തന്നെ എത്തുമെന്നാണ് ഹോട്ടലുകള്‍ പറയുന്നത്.

Tags : Cooking Samruddhi Hotel stove

Recent News

Corehub Up