വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്ന ഹോട്ടലുകൾ
മുംബൈ: വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നവെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ മൂന്ന് ഹോട്ടലുകൾ പൂട്ടി. മാനദണ്ഡങ്ങളിൽ കടുത്ത ലംഘനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് അടിയന്തര നടപടി. മുംബൈ നഗരത്തിലെ ഏറ്റവും ജനപ്രിയ ഭക്ഷണശാലകളായ ഷാലിമാർ, നൂർ മുഹമ്മദി, ഉമർഖഡിയിലെ റഹ്മാനിയ എന്നീ ഹോട്ടലുകൾക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം മുംബൈയിലെ പ്രശസ്തമായ കെ. റുസ്തം ഐസ്ക്രീം പാർലറും സമാനമായ രീതിയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ ഹോട്ടലുകൾക്കെതിരെയുള്ള കർശന നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത്. പരിശോധനകളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 40,000 ലിറ്ററിലധികം മായം ചേർത്ത പാൽ കണ്ടെത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
ഇതിന് പുറമെ മരുന്ന് നിർമാണ കമ്പനികളിലും കർശന പരിശോധന നടത്തുന്നുണ്ട്. പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ കാഡിലായുടെ രണ്ടരക്കോടി രൂപ മൂല്യം വരുന്ന ഗുളികൾ ഉദ്യോഗസ്ഥർ പിടികൂടി. യഥാർഥ മരുന്നുകളുടെ സമാനമായ പേരിലും പാക്കറ്റിലും വ്യത്യസ്തമായ മരുന്ന് വിപണിയിൽ ഇറക്കിയതിനെതിരെയാണ് നടപടി. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Tags : Deepika Hotel FoodSafety