കോറോ ഹെല്‍ത്തിലെ ജീവനക്കാരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഓഫീസില്‍ പ്രവേശിപ്പിക്കുന്നു
കൊച്ചി: കോറോ ഹെല്‍ത്തിലെ ജീവനക്കാരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഓഫീസില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെ ഓഫീസിലെത്തിയ ജീവനക്കാരെ ഓഫീസിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ജീവനക്കാരെ ഒരുകാരണവശാലും പ്രവേശിപ്പിക്കരുതെന്ന് കമ്പനി എച്ച്ആര്‍ മെയില്‍ ചെയ്തതായി കമ്പനി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്യൂബ് സ്ഥാപനം അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് രാവിലെ മുതല്‍ ഉച്ച വരെ ജീവനക്കാര്‍ പുറത്തു നില്‍ക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരുമായി സംസാരിച്ച ശേഷമാണ് ഡിവൈഎഫ്‌ഐ വാതില്‍ തുറന്ന് ജീവനക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഡിവൈഎഫ്‌ഐ നേതാവ് വി.കെ. സനോജ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തിയിട്ടുണ്ട്.
വിഷയത്തില്‍ ജീവനക്കാര്‍ കൊച്ചിയിലെ ലേബര്‍ ഓഫീസറുമായി ചര്‍ച്ച നടത്തുകയാണ്. ലേബര്‍ കമ്മിഷണര്‍, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍, ഉമ തോമസ് എംഎല്‍എ, കമ്പനി ലീഗല്‍ അഡൈ്വസര്‍, 20 ജീവനക്കാര്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തുന്നത്.
ജൂലൈ 10ന് ഉന്നത അധികൃതര്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ ചര്‍ച്ച നടക്കും. ജൂലൈ മൂന്നിന് ആയിരുന്നു മുന്നറിയിപ്പില്ലാതെ ജോലിക്കായി എത്തിയ ജീവനക്കാരെ പിരിച്ചു വിട്ടത്. അന്ന് കമ്പനി അധികൃതരുമായി ഉമ തോമസ് എംഎല്‍എയും റീജണല്‍ ലേബര്‍ ഓഫീസറും സംസാരിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. തിങ്കളാഴ്ച ലേബര്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് മുമ്പു തന്നെ മൂന്നു മാസത്തെ നഷ്ടപരിഹാരത്തുക കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു. ചര്‍ച്ച മാറ്റുകയും ചെയ്യുകയായിരുന്നു.
Tags : Koro Health DYFI employees office