സീഷാൻ മിർ, ഇറം ബാനോ.
ന്യൂഡൽഹി: രണ്ടുപേർ ചുംബിക്കുന്പോൾ, ലോകം മാറുന്നു-എന്ന് വിഖ്യാത മെക്സിക്കൻ കവി ഒക്ടാവിയോ പാസ് എഴുതിയിട്ടുണ്ട്. പ്രണയത്തിന്റെ മഹാ ആഖ്യാനമാണ് ഈ വരികൾ. ശുഭപര്യവസാനമായും ദുരന്തമായും മാറിയ എത്രയെത്ര പ്രണയകഥകൾ കേട്ടിരിക്കുന്നു. അതിർത്തിയോ, ഭാഷയോ, സംസ്കാരമോ, മതമോ... ഒന്നും പ്രണയത്തിനു തടസമല്ല. കാരണം പ്രണയം അത്രമേൽ ശക്തമാണ്!
ഇപ്പോൾ അതിർത്തികടന്നുള്ള, കൗതുകകരമായ പ്രണയകഥയാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ-പാക് അതിർത്തിക്കപ്പുറമിപ്പുറംനിന്ന് പ്രണയിക്കുകയും കാമുകിയെ കാണാൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തുകയും ഒടുവിൽ സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്ത സീഷാൻ മിർ എന്ന 22 കാരനായ പാക് പൗരന്റെ കഥ. ഒരു മാസം നീണ്ട നിയമനടപടികൾക്കുശേഷം, ഈ പ്രണയതീവ്രവാദി-യെ ഇപ്പോൾ മടക്കി അയച്ചിരിക്കുകയാണ് കോടതി.
പാക് അധിനിവേശ കാഷ്മീരിലെ പങ്കേഡി ഗ്രാമത്തിലെ താമസക്കാരനാണ് സീഷാൻ. വടക്കൻ കാഷ്മീരിലെ ഉറി സെക്ടറിനു സമീപമുള്ള തിലവാരി ഗ്രാമവാസിയായ ഇറം ബാനോ എന്ന യുവതിയുമായി സീഷാൻ പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. സീഷാന്റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് ഉറിയിൽനിന്ന് പാക് അധിനിവേശ കാഷ്മീരിലേക്കു കുടിയേറിയവരായിരുന്നു.
കഴിഞ്ഞ മേയ് 31-ന് ആണ് സീഷാൻ അതിർത്തികടന്ന് സിലിക്കോട്ട് മേഖലയിലെത്തിയത്. പക്ഷേ, കാമുകിയെ കാണുന്നതിനു മുന്‍പ് സീഷാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. തുടർന്ന്, ഇറം ബാനോയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സുരക്ഷാ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
ഇറത്തിനു സംഭവത്തിൽ പങ്കില്ലെന്ന് ബോധ്യപ്പെട്ട പോലീസ് വിട്ടയച്ചു. എന്നാൽ, അതിക്രമിച്ചുകയറൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തി സീഷാനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ ജമ്മു കാഷ്മീർ പോലീസ് നടത്തിയ അന്വേഷണത്തിൽ സീഷാൻ അതിർത്തി കടന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കല്ലെന്നും പ്രണയിനിയെ കാണാൻ മാത്രമാണെന്നും ബോധ്യപ്പെട്ടു. തുടർന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഉറി കോടതി അംഗീകരിക്കുകയും സീഷാനെതിരെയുള്ള കേസ് അവസാനിപ്പിച്ച് കുറ്റവിമുക്തനാക്കാൻ ഉത്തരവിടുകയുമായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഉറിയിലെ കമാൻ ക്രോസിംഗിൽ സീഷാനെ പാക് സൈന്യത്തിനു കൈമാറി. അതിനുമുൻപ് തന്റെ പ്രണയിനിയായ ഇറം ബാനോയെയും കുടുംബത്തെയും കാണാൻ സീഷാന്‍ അധികൃതർ മൂന്നു മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയിരുന്നു. തികച്ചും വികാരാധീനമായ നിമിഷങ്ങൾക്കാണ് അതിർത്തി സാക്ഷ്യം വഹിച്ചത്. കൂടിക്കാഴ്ചയിൽ സീഷാൻ തികച്ചും ശാന്തനായിരുന്നുവെന്നും തങ്ങളോട് കരയരുതെന്ന് പറഞ്ഞതായും ഇറത്തിന്റെ അമ്മ അഫ്രോസ ബീഗം വ്യക്തമാക്കി.
ഇന്ത്യൻ ആർമി സീഷാനെ അതിഥിയെപ്പോലെയാണ് പരിഗണിച്ചതെന്ന് ബീഗം പറഞ്ഞു. ഇരുവരുടെയും വിവാഹം ഉടൻ നടത്തുമെന്നും കുടുംബാംഗങ്ങൾ അതിനായുള്ള നടപടികളിലേക്കു കടന്നതായും ബീഗം കൂട്ടിച്ചേർത്തു. രാജ്യത്തു കഴിഞ്ഞ കാലയളവിൽ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സീഷാന്‍ എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ ആർമി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Tags : Pakistan-occupied Kashmir LoC Zeeshan Mir Pankedi village Silikot Iram Indian Army Pak Army