ഒര്‍ലാന്റൊ ഗിൽ
ഫിഫ 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് എതിരേ പെനാല്‍റ്റി ഗോളില്‍ പരാഗ്വെ 1-0നു പരാജയപ്പെട്ടെന്നത് മത്സരഫലം. ബോക്സിനുള്ളില്‍ ഫ്രാന്‍സിന്റെ ഡെസിറെ ഡൂവേയെ വീഴ്ത്തിയതിനായിരുന്നു വിഎആറിലൂടെ റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍, ഒരു താരത്തിനും കാര്‍ഡ് ലഭിച്ചില്ല. മഞ്ഞക്കാര്‍ഡ് പോലും നല്കാന്മാത്രമുള്ള ഫൗള്‍ നടന്നില്ലെന്നു ചുരുക്കം. എന്നിട്ടും പെനാല്‍റ്റി വിധിച്ചു.
വിഎആറിലൂടെയുള്ള കണ്ടെത്തല്‍ പരാഗ്വെയുടെ പ്രതിരോധതാരം ഗുസ്താവൊ ഗോമസ് ഡൂവേയെ വീഴ്ത്തി എന്നതാണ്. എന്നാല്‍, കാര്‍ഡ് നല്കാന് മാത്രമുള്ള ഫൗള്‍ നന്നിട്ടില്ല. പക്ഷേ, ഡൂവേ നന്നായി അഭിനയിച്ചു. ഇതോടെ 2026 ലോകകപ്പിലെ വിഎആര്‍ പിഴവുകളുടെ പട്ടികയിലേക്ക് ഈ തീരുമാനവും ചേര്‍ക്കപ്പെട്ടു. സാങ്കേതികമായി ഏറ്റവും പുരോഗമിച്ച ലോകകപ്പ് എന്ന വിശേഷണമുള്ളപ്പോഴും 2026ല്‍ റഫറിമാരുടെ പിഴവിന് അവസാനമില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
ഫ്രാന്‍സിന് എതിരായ പ്രീക്വാര്‍ട്ടറില്‍ പരാഗ്വെ ഒരു മഞ്ഞക്കാര്‍ഡ് പോലും കണ്ടില്ലെന്നതും ശ്രദ്ധേയം. അതേസമയം, മൂന്നു ഫ്രഞ്ച് താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടു.
ഒര്‍ലാന്റൊ x എംബപ്പെ
ഫിഫ 2026 ലോകകപ്പില്‍ തരംഗമായ ഗോള്‍ കീപ്പര്‍ കേപ് വെര്‍ദെയുടെ 40കാരന് വൊസീഞ്ഞയാണ്. റൗണ്ട് ഓഫ് 32ല്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ മാത്രം അഞ്ച് ഷോട്ടാണ് വൊസീഞ്ഞ തടഞ്ഞത്.
അതിനു പിന്നാലെ അരങ്ങേറിയ ഫ്രാന്‍സ് x പരാഗ്വെ പോരാട്ടത്തില്‍ കിലിയന്‍ എംബപ്പെയുടെ മൂന്നു ഗോള്‍ ഷോട്ട് തടഞ്ഞ് പരാഗ്വെയുടെ ഒര്‍ലാന്റൊ ഗില്ലും ശ്രദ്ധിക്കപ്പെട്ടു. ഫ്രാന്‍സിന്റെ ഫീല്‍ഡ് ഗോള്‍ ശ്രമങ്ങളെല്ലാം നിഷ്പ്രഭമായത് ഒര്ലാന്റൊയുടെ മുന്നിലായിരുന്നു.
55-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ബ്രാഡ്ലി ബര്‍കോളയുടെ ഗോളെന്നുള്ള ലോംഗ് റേഞ്ച് കുത്തിയകറ്റിയതും 90+6-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെയുടെ ഇരട്ടഷോട്ട് തഞ്ഞതും ഒര്‍ലാന്റൊ ഗില്ലിന്റെ റേഞ്ച് വ്യക്തമാക്കി. ഡൂവേയുടെ പാസ് സ്വീകരിച്ച എംബപ്പെ ക്ലോസ് റേഞ്ചില്‍ ആദ്യ ഷോട്ട് എടുത്തു. ഗില്ലിന്റെ ബ്ലോക്ക്.
റീബൗണ്ടായെത്തിയ പന്തില്‍ രണ്ടാമതും എംബപ്പെയുടെ ഷോട്ട്. ഇത്തവണ പരാഗ്വെന്‍ ഗോള്‍ കീപ്പര്‍ പന്ത് സ്റ്റോപ്പ് ചെയ്തു. ഈ ലോകകപ്പിലെ മിന്നും സേവ് എന്നു വിശേഷിപ്പിക്കാവുന്ന നിമിഷം. 2026 ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സേവ് നടത്തിയതും ഒര്‍ലാന്റൊ ഗില്ലാണ്, 28 സേവുകള്‍.
Tags : No yellow Paraguay FIFA World Cup Football Orlando gill