പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലുങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് കാറിൽ പോവുകയായിരുന്ന വിജയലക്ഷ്മി (42), മക്കളായ ശ്രീയ (16), പ്രഭവ് (12) , ബന്ധുവായ ശ്രീകർ പ്രസാദ് (62) എന്നിവരാണ് മരിച്ചത്. വിജയലക്ഷ്മിയുടെ ഭർത്താവ് എം. ബി. വി. പ്രസാദ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ് കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.
ബസ് ഡ്രൈവർ രമണ ബാബുവിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.