x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ര​ടി​യി​ല്‍ ലെ ​ബ്ലൂ​സ്

വെബ്ഡെസ്ക്
Published: July 6, 2026 02:00 AM IST | Updated: July 6, 2026 02:00 AM IST

കി​ലി​യ​ന്‍ എം​ബ​പ്പെ ഗോൾ നേടുന്നു.

പെ​ന്‍​സി​ല്‍​വാ​നി​യ: 76 ശ​ത​മാ​നം പ​ന്ത് നി​യ​ന്ത്ര​ണം. 15 ഷോ​ട്ടി​ല്‍ അ​ഞ്ച് എ​ണ്ണം ഓ​ണ്‍ ടാ​ര്‍​ഗ​റ്റ്. പൂ​ര്‍​ത്തി​യാ​ക്കി​യ പാ​സ് 553. പാ​സ് കൃ​ത്യ​ത 90 ശ​ത​മാ​നം. എ​ന്നി​ട്ടും ഫി​ഫ ലോ​ക​ക​പ്പി​ല്‍ നി​ല​വി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഫ്രാ​ന്‍​സി​ന്, പ​രാ​ഗ്വെ​യ്ക്ക് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഒ​രു ഫീ​ല്‍​ഡ് ഗോ​ള്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

അ​തേ​സ​മ​യം, സ​മ​നി​ല​യി​ലൂ​ടെ മ​ത്സ​രം നീ​ട്ടി ഷൂ​ട്ടൗ​ട്ട്‌​വ​രെ എ​ത്തി​ക്കാ​മെ​ന്ന പ​രാ​ഗ്വെ​ന്‍ മോ​ഹം നി​ശ്ചി​ത സ​മ​യ​ത്തെ ഒ​രൊ​റ്റ പെ​നാ​ല്‍​റ്റി​യി​ല്‍ അ​വ​സാ​നി​ച്ചു. 2026 ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ പെ​നാ​ല്‍​റ്റി ഗോ​ളി​ലൂ​ടെ 1-0നു ​പ​രാ​ഗ്വെ​യെ കീ​ഴ​ട​ക്കി ഫ്രാ​ന്‍​സ് ക്വാ​ര്‍​ട്ട​റി​ല്‍. 70-ാം മി​നി​റ്റി​ലാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ വി​ധി​നി​ര്‍​ണ​യി​ച്ച, കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ പെ​നാ​ല്‍​റ്റി ഗോ​ള്‍ പി​റ​ന്ന​ത്.

പൊ​ള്ളി​ക്കു​ന്ന ചൂ​ടേ​റ്റ്

അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് 38 ഡി​ഗ്രി സെ​ല്‍​ഷ​സി​ല്‍ എ​ത്തി​നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു ഫ്രാ​ന്‍​സ് x പ​രാ​ഗ്വെ പോ​രാ​ട്ടം അ​ര​ങ്ങേ​റി​യ​ത്. പൊ​ള്ളി​ക്കു​ന്ന ചൂ​ടേ​റ്റ് താ​ര​ങ്ങ​ള്‍ വി​യ​ര്‍​ത്തു. അ​ന്ത​രീ​ക്ഷ​ത്തി​ലേ​തു​പോ​ലെ ക​ള​ത്തി​ലും പോ​രാ​ട്ട​ച്ചൂ​ട് വ​ര്‍​ധി​ച്ചു. ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ്, ബ്രാ​ഡ്‌​ലി ബ​ര്‍​ക്കോ​ള, കി​ലി​യ​ന്‍ എം​ബ​പ്പെ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ന്ന ഫ്രാ​ന്‍​സി​ന്‍റെ പേ​രു​കേ​ട്ട ആ​ക്ര​മ​ണ​നി​ര​യെ പ​രാ​ഗ്വെ​ന്‍ പ്ര​തി​രോ​ധ​വും ഗോ​ള്‍ കീ​പ്പ​ര്‍ ഒ​ര്‍​ലാ​ന്‍റൊ ഗി​ല്ലും ത​ട​ഞ്ഞു​നി​ര്‍​ത്തി.

ഫ്രാ​ന്‍​സി​ന്‍റെ ആ​ദ്യ ആ​ക്ര​മ​ണം ഏ​ഴാം മി​നി​റ്റി​ല്‍ കോ​ര്‍​ണ​ര്‍ വ​ഴ​ങ്ങി പ​രാ​ഗ്വെ ത​ട​ഞ്ഞു. എ​ന്നാ​ല്‍, പെ​രു​വെ​ള്ള​പാ​ച്ചി​ല്‍ പോ​ലാ​യി​രു​ന്നു ഫ്രാ​ന്‍​സ്. ആ​ദ്യ 10 മി​നി​റ്റി​നു​ള്ളി​ല്‍ പ​രാ​ഗ്വെ​യു​ടെ ഫൈ​ന​ല്‍ തേ​ര്‍​ഡി​ല്‍ ഫ്രാ​ന്‍​സ് പൂ​ര്‍​ത്തി​യാ​ക്കി​യത് 56 പാ​സു​ക​ള്‍. പ​രാ​ഗ്വെ​യ്ക്ക് ഒ​രി​ക്ക​ല്‍​പോ​ലും ഫ്രാ​ന്‍​സി​ന്‍റെ ഫൈ​ന​ല്‍ തേ​ര്‍​ഡി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച​തു​മി​ല്ല.

16-ാം മി​നി​റ്റി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ ബ​ര്‍​കോ​ള ന​ട​ത്തി​യ ക്രോ​സ് പ​രാ​ഗ്വെ ഗോ​ള്‍ കീ​പ്പ​റി​ന്‍റെ കൈ​ക​ളി​ല്‍ ഭ​ദ്രം. 31-ാം മി​നി​റ്റി​ല്‍ എം​ബ​പ്പെ ഗോ​ളി​ന്‍റെ വ​ക്കി​ല്‍​വ​രെ എ​ത്തി. ഡെം​ബെ​ലെ​യു​ടെ ക്രോ​സി​ല്‍ ത​ല​വ​ച്ച എം​ബ​പ്പെ​യ്ക്കു ല​ക്ഷ്യം നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. പ​ന്ത് പു​റ​ത്തേ​ക്ക്. 38-ാം മി​നി​റ്റി​ല്‍ ഡെം​ബെ​ലെ-​എം​ബപ്പെ മു​ന്നേ​റ്റം. എം​ബ​പ്പെ ന​ല്‍​കി​യ പാ​സി​ല്‍ ഡെം​ബെ​ലെ തൊ​ടു​ത്ത ഷോ​ട്ട് പ​രാ​ഗ്വെ​ന്‍ പ്ര​തി​രോ​ധ​താ​ര​മാ​യ ജൂ​നി​യ​ര്‍ അ​ലോ​ണ്‍​സോ ക്ലി​യ​ര്‍ ചെ​യ്തു.

എംബപ്പെ പെനാൽറ്റി 

55-ാം മി​നി​റ്റി​ല്‍ ബ​ര്‍​കോ​ള​യു​ടെ മി​ന്നും ലോം​ഗ് റേ​ഞ്ച്. പ​ന്ത് പ​രാ​ഗ്വെ​യു​ടെ ഗോ​ള്‍​പോ​സ്റ്റി​ന്‍റെ മേ​ല്‍​ത്ത​ട്ടി​ല്‍ വി​ശ്ര​മി​ക്കു​മെ​ന്നു തോ​ന്നി​പ്പി​ച്ചു. എ​ന്നാ​ല്‍, ഉ​ജ്വ​ല സേ​വു​മാ​യി ഒ​ര്‍​ലാ​ന്‍റൊ ഗി​ല്‍ ര​ക്ഷ​ക​നാ​യി. 61-ാം മി​നി​റ്റി​ല്‍ ബ്രാ​ഡ്‌​ലി ബ​ര്‍​കോ​ള​യെ പി​ന്‍​വ​ലി​ച്ച് ഫ്ര​ഞ്ച് കോ​ച്ച് ദി​ദി​യെ ദേ​ഷാം​പ്, ഡെ​സി​റെ ഡൂ​വേ​യെ ഇ​റ​ക്കി.

65-ാം മി​നി​റ്റി​ല്‍ ഡൂ​വേ പ​രാ​ഗ്വെ​ന്‍ ഗോ​ള്‍ പോ​സ്റ്റി​ല്‍ വീ​ണു. പ​രാ​ഗ്വെ​ന്‍ പ്ര​തി​രോ​ധ​ക്കാ​രെ മ​റി​ക​ട​ന്ന് മു​ന്നേ​റി​യ ഡൂ​വേ​യെ പ​രാ​ഗ്വെ​യു​ടെ ഗു​സ്താ​വൊ ഗോ​മ​സ് വീ​ഴ്ത്തി​യ​താ​യി വി​എ​ആ​റി​ല്‍ തെ​ളി​ഞ്ഞു. അ​തോ​ടെ റ​ഫ​റി പെ​നാ​ല്‍​റ്റി സ്‌​പോ​ട്ടി​ലേ​ക്ക് ചൂ​ണ്ടി വി​സി​ല്‍ ഊ​തി. 70-ാം മിനിറ്റിൽ കി​ക്കെ​ടു​ത്ത സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യ്ക്കു പി​ഴ​ച്ചി​ല്ല. നി​ലം​പ​റ്റെ​യു​ള്ള ഷോ​ട്ടി​ലൂ​ടെ എം​ബ​പ്പെ​യു​ടെ ക്ലി​നി​ക്ക​ല്‍ പെ​നാ​ല്‍​റ്റി. 1-0നു ​ഫ്രാ​ന്‍​സ് മു​ന്നി​ല്‍.

പി​ന്നീ​ടും പ​രാ​ഗ്വെ ഗോ​ള്‍​മു​ഖം വി​റ​പ്പി​ക്കാ​ന്‍ ഫ്രാ​ന്‍​സി​നു സാ​ധി​ച്ചെ​ങ്കി​ലും വ​ല​കു​ലു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. 90+6-ാം മി​നി​റ്റി​ല്‍ എം​ബ​പ്പെ​യു​ടെ ഇ​ര​ട്ട​ഷോ​ട്ട് പ​രാ​ഗ്വെ ഗോ​ള്‍ കീ​പ്പ​ര്‍ ഒ​ര്‍​ലാ​ന്‍റൊ ഗി​ല്‍ അ​ദ്ഭു​ത​ക​ര​മാ​യി ത​ട​ഞ്ഞു. അ​തോ​ടെ 1-0ന്‍റെ ​ജ​യ​വു​മാ​യി ഫ്രാ​ന്‍​സ് ക്വാ​ര്‍​ട്ട​റി​ലേ​ക്ക്. ക്വാ​ര്‍​ട്ട​റി​ല്‍ മൊ​റോ​ക്കോ​യാ​ണ് ഫ്രാ​ന്‍​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍. സ​ഹ​ആ​തി​ഥേ​യ​രാ​യ കാ​ന​ഡ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് മൊ​റോ​ക്കോ​യു​ടെ ക്വാ​ര്‍​ട്ട​ര്‍ പ്ര​വേ​ശം.

01

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ മൂ​ന്ന് എ​ഡി​ഷ​നി​ല്‍ മൂ​ന്നോ അ​തി​ല്‍ കൂ​ടു​ത​ലോ ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന നേ​ട്ടം ഫ്രാ​ന്‍​സി​ന്‍റെ കി​ലി​യ​ന്‍ എം​ബ​പ്പെ​യ്ക്കു സ്വ​ന്തം. 2018, 2022, 2026 ലോ​ക​ക​പ്പു​ക​ളി​ലാ​ണ് എം​ബ​പ്പെ​യു​ടെ ഈ ​നേ​ട്ടം. ബ്ര​സീ​ലി​ന്‍റെ റൊ​ണാ​ള്‍​ഡോ ന​സാ​രി​യൊ, വാ​വ, ഇം​ഗ്ല​ണ്ടി​ന്‍റെ ഗാ​രി ലി​നേ​ക്ക​ര്‍ എ​ന്നി​വ​ര്‍ ര​ണ്ട് എ​ഡി​ഷ​നി​ല്‍ 3+ ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

 

 

എം​ബ​പ്പെ @ 19

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഗോ​ള്‍ നേ​ട്ടം 19ല്‍ ​എ​ത്തി. അ​ര്‍​ജ​ന്‍റീ​ന​യു​ടെ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്, 20 ഗോ​ള്‍. 19 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് എം​ബ​പ്പെ​യു​ടെ 19 ഗോ​ള്‍ എ​ന്ന​തും ശ്ര​ദ്ധേ​യം.

2026 ലോ​ക​ക​പ്പി​ല്‍ മെ​സി​ക്കും എം​ബ​പ്പെ​യ്ക്കും ഏ​ഴ് ഗോ​ള്‍ വീ​ത​മാ​യി എ​ന്ന​തും ശ്ര​ദ്ധേ​യം. ര​ണ്ട് അ​സി​സ്റ്റും ഏ​ഴ് ഗോ​ളു​മു​ള്ള എം​ബ​പ്പെ​യാ​ണ് 2026 ഗോ​ള്‍​ഡ​ന്‍ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. മെ​സി ഇ​തു​വ​രെ ഒ​രു അ​സി​സ്റ്റു​പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന ഇ​റ​ങ്ങു​ന്ന​തേ​യു​ള്ളൂ. ഏ​ഴി​ന് ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 9.30ന് ​ഈ​ജി​പ്തു​മാ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ പ്രീ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ടം.

Tags : FIFA World Cup Football France Paraguay Kylian Mbappe

Recent News

Corehub Up