ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു എന്ന ജി.ഡി. നായിഡു.
1937-ൽ, ആദ്യമായി ഇലക്ട്രിക് മോട്ടോർ നിർമിച്ച് ഇന്ത്യയെ ഞെട്ടിച്ച മനുഷ്യൻ! 1921-ൽ ഒരൊറ്റ ബസുമായി ആരംഭിച്ച്, ചുരുങ്ങിയ കാലം കൊണ്ട് 280 ബസുകളുള്ള യുണൈറ്റഡ് മോട്ടോർ സർവീസസ് (യുഎംഎസ്) എന്ന സാമ്രാജ്യം സ്ഥാപിച്ച ദീർഘദർശിയായ വ്യവസായി! നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല സാങ്കേതികവിദ്യകളും ഇന്ത്യയിൽ ആദ്യമായി, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അതുല്യ ശാസ്ത്രപ്രതിഭ! ബ്രിട്ടീഷ് കന്പനികളെ വെല്ലുവിളിച്ച കരുത്തൻ! ജനം അദ്ദേഹത്തെ ഇന്ത്യൻ എഡിസൺ എന്നു വിളിച്ചു. തമിഴ്നാട് കോയന്പത്തൂരിലെ ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു എന്ന ജി.ഡി. നായിഡുവിന്റെ ജീവിതം വിസ്മയസഞ്ചാരമാണ്!
വരും തലമുറകൾക്കായി ജി.ഡി. നായിഡുവിന്റെ ജീവിതം സിനിമയാകുകയാണ്. ജിഡിഎൻ - എന്നാണ് ചിത്രത്തിന്റെ പേര്. തമിഴകത്തിന്റെ പ്രിയതാരം ആർ. മാധവനാണ് ജി.ഡി. നായിഡുമായി പകർന്നാടുന്നത്. കോയന്പത്തൂരിൽ അതിഗംഭീരമായ ചടങ്ങിൽ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ചടങ്ങിൽ മാധവൻ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. അവാർഡ് അല്ല ലക്ഷ്യമെന്നും, കണ്ടുപിടിത്തങ്ങളുടെ രാജാവിന്റെ യഥാർഥജീവിതം സ്വന്തം നാട്ടുകാർ മനസിലാക്കണമെന്നുമാണ് മാധവൻ പറഞ്ഞത്.
ഗോപാലസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതം വിസ്മൃതിയിലേക്കു മറയുന്നതല്ല. അറിവിന്റെ ആ വെളിച്ചം അനശ്വരമായി ജ്വലിച്ചുനിൽക്കും. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നകാലത്ത് നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് അദ്ദേഹം ലോകം അറിയപ്പെടുന്ന പ്രതിഭയായി മാറിയത്. നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല ആധുനിക സാങ്കേതിക വിദ്യകളും രാജ്യത്ത് ആദ്യമായി, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിലാണ്ടുപോയ പ്രതിഭയാണ് നായിഡു. കോയന്പത്തൂരിന്റെ സമ്പത്തികശിൽപ്പിയായും അറിയപ്പെടുന്ന അദ്ദേഹം, ശാസ്ത്ര-സാങ്കേതിക-വ്യവസായ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ച അസാധാരണ വ്യക്തിത്വമായിരുന്നു.

1921-ൽ ഒരൊറ്റ ബസുമായി ആരംഭിച്ച്, ചുരുങ്ങിയ കാലത്തിനുള്ളിൽ 280 ബസുകളുള്ള യുണൈറ്റഡ് മോട്ടോർ സർവീസസ് എന്ന വമ്പൻ ഗതാഗത ശൃംഖല കെട്ടിപ്പടുത്ത്, രാജ്യമാകെ ശ്രദ്ധ പിടിച്ചുപറ്റിയതാണ് നായിഡുവിന്റെ ട്രാൻസ്പോർട്ടിംഗ് കന്പനി. എൻജിൻ പ്രവർത്തിക്കുന്ന ശബ്ദം കേട്ടുമാത്രം വാഹനത്തിന്റെ തകരാറുകൾ തിരിച്ചറിയാൻ സാധിച്ചിരുന്ന അസാധ്യമായ നിരീക്ഷണപാടവം നായിഡുവിനുണ്ടായിരുന്നു.
കണ്ടെത്തലുകളുടെ നീണ്ടനിര
1937-ൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ നിർമിച്ചുകൊണ്ട് അദ്ദേഹം ചരിത്രം കുറിച്ചു. വിദേശയാത്രയ്ക്കിടയിൽ ഒരു കളിപ്പാട്ട കാറിന്റെ മോട്ടോറിൽ ബ്ലേഡ് ഘടിപ്പിച്ച് പരീക്ഷണങ്ങൾ നടത്തിയാണ് അദ്ദേഹം രസന്ത് -എന്ന പ്രശസ്തമായ ഇലക്ട്രിക് ഷേവർ കണ്ടുപിടിച്ചത്. ഫിലിം ക്യാമറകൾക്കായുള്ള ഡിസ്റ്റൻസ് അഡ്ജസ്റ്റർ, കൃത്രിമമായി വോട്ട് രേഖപ്പെടുത്തുന്നത് തടയുന്ന വോട്ടിംഗ് മെഷീൻ, ഫ്രൂട്ട് ജ്യൂസ് എക്സ്ട്രാക്റ്റർ തുടങ്ങി അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളുടെ പട്ടിക നീളുന്നു.
വിലകുറഞ്ഞ റേഡിയോയും കാറും
റേഡിയോ എന്നത് സാധാരണക്കാർക്ക് അപ്രാപ്യമായ ആഡംബരമായിരുന്ന കാലത്ത് (ഏകദേശം 175 രൂപ വിലയുള്ളപ്പോൾ), വെറും 70 രൂപയ്ക്ക് അഞ്ച് വാൽവുകളുള്ള റേഡിയോ സെറ്റുകൾ നിർമിച്ച് നായിഡു ജനങ്ങളെ അത്ഭുതപ്പെടുത്തി. 1952-ൽ വെറും 2,000 രൂപയ്ക്ക് രണ്ട് സീറ്റുകളുള്ള പെട്രോൾ കാറും അദ്ദേഹം വികസിപ്പിച്ചെടുത്തു. എന്നാൽ അന്നത്തെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിസഹകരണവും ലൈസൻസ് നിഷേധവും കാരണം ഈ പദ്ധതികൾക്ക് തുടർച്ചയുണ്ടായില്ല എന്നത് രാജ്യത്തിനുതന്നെ വലിയൊരു നഷ്ടമായി മാറി.

കാർഷികരംഗത്തെ അദ്ഭുതങ്ങൾ
കാർഷികപശ്ചാത്തലത്തിൽ വളർന്ന നായിഡു, കാർഷിക രംഗത്തും അത്ഭുതങ്ങൾ സൃഷ്ടിച്ചു. പത്തടി ഉയരത്തിൽ വളരുന്ന പരുത്തിച്ചെടികളും, ഉയർന്ന വിളവ് തരുന്ന തിന വർഗങ്ങളും, സസ്യങ്ങൾക്കായുള്ള പ്രത്യേക ഇൻജക്ഷനുകളും അദ്ദേഹം വികസിപ്പിച്ചെടുത്തു. കെട്ടിട നിർമാണ രംഗത്തും വിപ്ലവം സൃഷ്ടിച്ച നായിഡു, മണിക്കൂറുകൾ കൊണ്ട് തറക്കല്ലിടൽ മുതൽ പൂർത്തീകരണം വരെയുള്ള ഒരു വീട് നിർമിച്ച് കാണിച്ചുകൊടുത്തു.
1944-ൽ സജീവ ബിസിനസ് രംഗത്തുനിന്ന് വിരമിച്ച അദ്ദേഹം തന്റെ സമ്പത്ത് മുഴുവൻ പൊതുക്ഷേമത്തിനായി വിനിയോഗിച്ചു. ഇന്ത്യയിലെ ആദ്യത്തെ പോളിടെക്നിക് കോളജായ ആർതർ ഹോപ്പ് പോളിടെക്നിക് സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു (ഇന്നത്തെ ഗവൺമെന്റ് കോളജ് ഓഫ് ടെക്നോളജി - ജിസിടി എന്നറിയപ്പെടുന്നു). മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹദ് വ്യക്തികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഒരു മികച്ച ഫോട്ടോഗ്രാഫർ കൂടിയായിരുന്നു.
ലക്ഷത്തിൽ ഒരാൾ എന്ന് വിശേഷിപ്പിച്ചാൽ പോലും അത് ജി.ഡി. നായിഡുവിനെപ്പോലൊരു മഹാപ്രതിഭയ്ക്ക് കുറഞ്ഞുപോകും. 1974-ൽ അന്തരിച്ച ജി.ഡി. നായിഡുവിന്റെ സംഭാവനകൾ ഇന്നും നമ്മുടെ നിത്യജീവിതത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും, ചരിത്രത്തിന്റെ താളുകളിൽ അദ്ദേഹത്തിന്റെ പേര് വേണ്ടത്ര രേഖപ്പെടുത്തപ്പെടാതെ പോയി. ഈ വിസ്മയ പ്രതിഭയുടെ ജീവിതം വരുംതലമുറകൾക്ക് എന്നും വഴികാട്ടിയായിരിക്കും.
Tags : G. D. Naidu GDN Movie Edison of India R. Madhavan Tamil Movie News