റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന നിലയിൽ
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് രത്നഗിരി റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. സ്റ്റേഷന്റെ പുറംഭാഗത്തുള്ള മേൽക്കൂരയുടെ 50 അടിയോളം വരുന്ന ഭാഗമാണ് തകർന്നു വീണത്. ഞായറാഴ്ച്ച രാത്രി 10.45 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
രണ്ടു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തിയ ഏജൻസി നവീകരിച്ച സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ വർഷം ഈ മേൽക്കൂരയിൽ ചോർച്ചയുണ്ടായിരുന്നു.
കനത്ത മഴയെത്തുടർന്ന് മുംബൈ, കൊങ്കൺ മേഖല, സെൻട്രൽ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളെല്ലാം പൂർണമായും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിക്ഷോഭവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Tags : roof railway station heavy rain