ശ്രീലങ്കയിലെ നെഗോംബോ ജയിലിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജയിലിനു പുറത്ത് കാവൽ നിൽക്കുന്ന സൈന്യം.
കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിലുണ്ടായ സംഘർഷത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. ജയിലിനുള്ളിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച തടവുകാരുടെ ഏറ്റുമുട്ടൽ പിന്നീട് ജയിൽ മുഴുവൻ വ്യാപിക്കുകയായിരുന്നു. അക്രമാസക്തരായ തടവുകാരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായത്. നിലവിൽ 23 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി അധികൃതർ വ്യക്തമാക്കി.
പ്രധാന ജയിലിൽ സംഘർഷം രൂക്ഷമായതോടെ തൊട്ടടുത്തുള്ള വനിതാ ജയിലിലെ തടവുകാരും സംഘടിച്ചു. തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ തടവുകാർ കൂട്ടത്തോടെ ജയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി പ്രതിഷേധിച്ചു. ഇതോടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.
ഈ അപകടത്തിൽ നിരവധി വനിതാ തടവുകാർക്കും പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു.
Tags : Sri Lankan jail Massive clash death