പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് 14നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് എഐസിടിഇ വ്യക്തമാക്കുമ്പോഴും സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനിയറിംഗ് കോഴ്സുകളുടെയും എംബിഎ, എംസിഎ കോഴ്സുകളുടെയും പ്രവേശന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട പ്രവേശന മേല്‍നോട്ട കമ്മിറ്റിയില്‍ അംഗങ്ങളില്ല.
നിലവില്‍ ഈ കമ്മിറ്റിയുടെ അധ്യക്ഷനെ മാത്രമാണ് കഴിഞ്ഞ സര്‍ക്കാര്‍ നിശ്ചയിച്ചത്. തുടര്‍ന്ന് അംഗങ്ങളെ നിശ്ചയിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്. വര്‍ഷങ്ങളായി അംഗങ്ങളെ നിയമിക്കണമെന്ന ആവശ്യം ഉയരുമ്പോഴും കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഒന്നുമുണ്ടായില്ല. പുതുതായി വന്ന സര്‍ക്കാരിനു മുന്നിലും ഈ വിഷയം ഉന്നയിച്ചിട്ടും ഇതുവരെ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.
ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) ഈ മാസം രണ്ടിന് പുറത്തുവിട്ട എന്‍ജിനിയറിംഗ് പ്രവേശന ഷെഡ്യൂള്‍ പ്രകാരം ഓഗസ്റ്റ് 14 ന് പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഇത്തരത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിംഗ്, എംബിഎ, എംസിഎ കോളജുകളുടെ പ്രോസ്പെക്ടസ് പരിശോധിച്ച് അവയ്ക്ക് അംഗീകാരം നല്‍കേണ്ടതാണ്. എന്നാല്‍ ഇതുവരെ അക്കാര്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രവേശന മേല്‍നോട്ടസമിതിക്ക് കഴിഞ്ഞിട്ടില്ല. ഇതിനുള്ള പ്രധാന കാരണം കമ്മിറ്റിയില്‍ അംഗങ്ങളില്ലാത്തതാണ്.
കഴിഞ്ഞ അധ്യയനവര്‍ഷത്തെ അഡ്മിഷൻ അപ്രൂവൽ ഉത്തരവ് നൽകാത്തതിനാലുണ്ടായപ്രതിസന്ധിയെത്തുടര്ന്ന് വിദ്യാര്‍ഥികള്‍ക്ക് താത്കാലിക രജിസ്ട്രേഷന് നല്‍കിയാണ് പരീക്ഷകള്‍ എഴുതാന്‍ യൂണിവേഴ്സിറ്റികൾ അവസരമൊരുക്കിയത്. എന്നാല്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ഇ ഗ്രാന്റ് ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. പാവപ്പെട്ട കുട്ടികളെയാണ് ഇത് ഏറ്റവും വലിയ തോതില്‍ ബാധിക്കുന്നത്.
സ്വാശ്രയ എന്‍ജിനിയറിംഗ്, എംബിഎ, എം സി എ കോളജുകളെക്കുറിച്ചുള്ള അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി അപ്രൂവല്‍ ഓർഡർ സര്‍വകലാശാലയ്ക്ക് അയയ്ക്കണം. അതു കഴിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകൂ. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് താത്കാലിക രജിസ്ടേഷന് നല്‍കിയത്.
അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി നൽകുന്ന അപ്രൂവല്‍ ഓർഡർ വച്ചാണ് കോളജുകള്‍ കുട്ടികളുടെ ഈ ഗ്രാന്റുകള്‍ക്ക് ഉള്‍പ്പെടെ അപേക്ഷിക്കുന്നത് . ഇ ഗ്രാന്റിന് അപേക്ഷിക്കേണ്ട നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്നീട് അപേക്ഷിക്കാനും സാധിക്കില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടായില്ലെങ്കില്‍ പ്രവേശനം കൂടുതല്‍ പ്രതിസന്ധിയിലാവും.
Tags : Engineering MBA MCA admission procedures dispute