മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന സകല പർച്ചേസുകളെയും കുറിച്ച് അന്വേഷണം നടത്താൻ മന്ത്രി കെ.മുരളീധരൻ നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന പ്രത്യേക സമിതിയാണ് അന്വേഷണം നടത്തുക.
രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. കോടിക്കണക്കിന് രൂപയുടെ പർച്ചേസുകളിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതികളെത്തുടർന്നാണ് ഈ നീക്കം. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികൾ, മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ വകുപ്പ് വാങ്ങിയ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും വാങ്ങൽ രീതി, സ്ഥാപിക്കൽ, കമ്മീഷനിംഗ്, നിലവിലെ അവസ്ഥ, പരിപാലനം എന്നിവയെല്ലാം സമിതി അരിച്ചുപെറുക്കും. പ്ലാൻ ഫണ്ടുകൾക്ക് പുറമേ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ വഴി വാങ്ങിയ വിലകൂടിയ ഉപകരണങ്ങളും അന്വേഷണ പരിധിയിൽ വരും.
ഇതിനുപുറമേ കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത മെഡിക്കൽ ഉപകരണങ്ങളുടെ അവസ്ഥയും പ്രത്യേകമായി പരിശോധിക്കും. വിലകൂടിയ പല മെഡിക്കൽ ഉപകരണങ്ങളും വാങ്ങി കൂട്ടിയിട്ടും ആശുപത്രികളിൽ സ്ഥാപിക്കാതെയും കമ്മീഷൻ ചെയ്യാതെയും ഇട്ടിരിക്കുകയാണെന്ന് സർക്കാരിന് പരാതി ലഭിച്ചിരുന്നു.
കോവിഡ് കാലത്ത് ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, സോളാർ പവർ പ്ലാന്റുകൾ, ജനറേറ്ററുകൾ എന്നിവ പലയിടത്തും തുരുമ്പെടുത്തു നശിക്കുകയാണെന്നും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി വിശദമായ റിപ്പോർട്ട് തേടിയത്.